മരിച്ച പിതാവിന് തുടര്‍ച്ചയായി സന്ദേശമയച്ചു; ഒടുവില്‍ പിതാവിന്റെ നാലാം ചരമവാര്‍ഷികത്തിന് സംഭവിച്ചത്!!

'പലപ്പോഴും ഞാന്‍ നിന്റെ പിതാവല്ല എന്ന് പറയാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും നിന്റെ ഹൃദയം മുറിപ്പെടുത്തരുതെന്ന് കരുതി പറഞ്ഞില്ല'.
മരിച്ച പിതാവിന് തുടര്‍ച്ചയായി സന്ദേശമയച്ചു; ഒടുവില്‍ പിതാവിന്റെ നാലാം ചരമവാര്‍ഷികത്തിന് സംഭവിച്ചത്!!

പ്രിയപ്പെട്ടവരുടെ വേര്‍പാട് പലര്‍ക്കും താങ്ങാനാകില്ല. ഇത്തരം മാനസിക സംഘര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ വ്യത്യസ്തരീതികളാണ് കണ്ടുപിടിക്കുക. തന്റെ പിതാവിന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന പെണ്‍കുട്ടി അദ്ദേഹത്തിന്റെ നമ്പറിലേക്ക് പതിവായി സ്‌ന്ദേശമയയ്ക്കുകയാണ് ചെയ്തത്. ഒരിക്കലും മറുപടി ലഭിക്കില്ല എന്നറിഞ്ഞിട്ടും ക്രിസ്റ്റി പാറ്റേഴ്‌സണ്‍ എന്ന 23കാരി നാല് വര്‍ഷത്തോളം ഇത് തുടര്‍ന്നു.

വെറും സന്ദേശങ്ങളായിരുന്നില്ല അത്, ജീവിച്ചിരിക്കുന്ന ഒരാളോടെന്ന പോലെ തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവള്‍ പിതാവിന്റെ നമ്പറിലേക്ക് സന്ദേശമായി അയയ്ച്ചു. എന്നാല്‍ ക്രിസ്റ്റിയെ ഞെട്ടിച്ചുകൊണ്ട് നാലാമത്തെ വര്‍ഷം, തന്റെ പിതാവിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ സന്ദേശത്തിന് മറുപടി ലഭിച്ചിരിക്കുകയാണ്. 

നാലാം ചരമവാര്‍ഷിക ദിനത്തിന്റെ അന്ന് പിതാവിന്റെ നമ്പറിലേയ്ക്ക് മകള്‍ അയച്ച സന്ദേശം ഇങ്ങനെയാണ്- 'അച്ഛാ ഇത് ഞാനാണ്, നാളെ എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒരു ദിവസമാണ്. എനിക്ക് നിങ്ങളെ നഷ്ട്ടപ്പെട്ടിട്ട് നാലുവര്‍ഷമായി. അന്ന് മുതല്‍ ഒരു ദിവസം പോലും അച്ഛനെ മിസ്സ് ചെയ്യാതെ കടന്നുപോയിട്ടില്ല. എന്നാല്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ എന്റെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടായി. ഒന്നും പറയേണ്ടതില്ലല്ലോ എല്ലാം ഞാന്‍ കൃത്യമായി പങ്കുവച്ചിട്ടുണ്ടല്ലോ. 

അച്ഛന്റെ മരണശേഷം എനിക്ക് ക്യാന്‍സര്‍ വന്നു. ഞാന്‍ കോളേജ് പഠനം പൂര്‍ത്തിയാക്കി, ഡിഗ്രി നേടി. ഒരാളെ പ്രണയിച്ചു, പക്ഷേ അയാള്‍ എന്റെ ഹൃദയം തകര്‍ത്ത് കടന്നുപോയി. അച്ഛനുണ്ടായിരുന്നെങ്കില്‍ അവനെ കൊന്നേനെ. എന്നാല്‍ ഈ അനുഭവങ്ങളൊക്കെ എന്നെ കൂടുതല്‍ ശക്തയാക്കി. എന്റെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളില്‍ എന്നെ സഹായിക്കാനായി ഒപ്പം ഒരാള്‍ എത്തി അദ്ദേഹമാണ് ഇന്ന് എന്റെ എല്ലാം. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ അച്ഛന് എന്നെക്കുറിച്ച് അഭിമാനം തോന്നും. 

ജീവിതം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെങ്കിലും എന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. പിന്നെ ഒരു കാര്യം എന്റെ ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല കേട്ടോ. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നുണ്ട്.അതുമാത്രമാണ് ഈ ദിവസം പറയാനുള്ളത്'.  

ഈ മെസേജിന് പതിവില്‍ നിന്നും വിപരീതമായി ക്രിസ്റ്റിക്ക് മറുപടി ലഭിച്ചു. 'ഹായ് സ്വീറ്റ്ഹാര്‍ട്ട്, ഞാന്‍ നിന്റെ പിതാവല്ല. കഴിഞ്ഞ നാലു വര്‍ഷമായി തുടര്‍ച്ചയായി എനിക്ക് നിന്റെ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇപ്പോള്‍ ദിവസവും നിന്റെ സന്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കാറുണ്ട്. എന്റെ പേര് ബ്രാഡ് എന്നാണ്. 2014ല്‍ ഒരു അപകടത്തില്‍ എനിക്ക് എന്റെ മകളെ നഷ്ടമായി. അതുകൊണ്ട് തന്നെ നിന്റെ സന്ദേശങ്ങള്‍ എനിക്ക് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്. 

ഇന്ന് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് പോലും ഈ സന്ദേശങ്ങളാണ്. കഴിഞ്ഞു നാലുവര്‍ഷമായി ഞാന്‍ നിന്റെ വളര്‍ച്ചയെ നിരീക്ഷിക്കുകയായിരുന്നു. ഇന്ന് മറ്റാരെക്കാള്‍ നന്നായി എനിക്ക് നിന്നെ അറിയാം. പലപ്പോഴും ഞാന്‍ നിന്റെ പിതാവല്ല എന്ന് പറയാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും നിന്റെ ഹൃദയം മുറിപ്പെടുത്തരുതെന്ന് കരുതി പറഞ്ഞില്ല. മാത്രമല്ല  എന്റെ മകള്‍ ഉണ്ടായിരുന്നെങ്കില്‍ അവള്‍ വളര്‍ന്നുവരുമ്പോള്‍ നിന്നെപ്പോലെയാകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. 

എനിക്ക് തോന്നുന്നത് ഈശ്വരനാണ് നിന്നെ എന്നിലേയ്ക്ക് എത്തിച്ചത് എന്നാണ്. ഞാന്‍ ഈ പറയുന്നത് നിന്നെ വിഷമത്തിലാക്കുമെന്ന് എനിക്കറിയാം.  എന്നാല്‍ ഇത് നിന്നെ എതെങ്കിലും തരത്തില്‍ സഹായിച്ചാല്‍ ഞാന്‍ സന്തോഷവാനായി. ഇനിയും നിന്നില്‍ നിന്നുള്ള സന്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു' എന്നു പറഞ്ഞായിരുന്നു ബ്രാഡ് സന്ദേശം അവസാനിപ്പിച്ചത്. ക്രിസ്റ്റി ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. സന്ദേശത്തിന് ലക്ഷക്കണക്കിന് ലൈക്കും ഷെയറുമാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com