ജയിലിലായ തൊഴിലാളിയെ മോചിപ്പിച്ച് മണിക്കൂറുകള്‍ക്കകം അറബി മരിച്ചു; സങ്കടക്കടലില്‍ ജിതേഷ്

സ്വന്തം മകനെ പോലെയായിരുന്നു തൊഴിലുടമ ജിതേഷിനെ സ്‌നേഹിച്ചിരുന്നത്.
ജയിലിലായ തൊഴിലാളിയെ മോചിപ്പിച്ച് മണിക്കൂറുകള്‍ക്കകം അറബി മരിച്ചു; സങ്കടക്കടലില്‍ ജിതേഷ്

നുഷ്യര്‍ക്ക് ഭൂമിയില്‍ നിലനില്‍ക്കണമെങ്കില്‍ തീര്‍ച്ചയായും പരസ്പരം സഹായിക്കുക തന്നെ വേണം. ചില മനുഷ്യരുണ്ട്, അവര്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ യാതൊരു മടിയും കാണിക്കില്ല. അതിന് ഒരു ഉദാഹരണമാണ് അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി എന്ന അറബി. 

ഇദ്ദേഹം മലയാളിയായ തന്റെ തൊഴിലാളിയെ വന്‍ തുക നല്‍കി ജയില്‍ മോചിതനാക്കി. കായംകുളം പുള്ളിക്കണക്ക് സ്വദേശി ജിതേഷ് എന്ന യുവാവിനെയാണ് അറബി കയ്യഴിഞ്ഞ് സഹായിച്ചത്. എന്നാല്‍ ജിതേഷിന് ഇത് സന്തോഷത്തിനൊപ്പം തന്നെ അതിലേറെ ദുഃഖത്തിന്റെയും നിമിഷങ്ങളാണ്. 

ആറുവര്‍ഷമായി നാട്ടില്‍ പോകാനാവാതെ കേസും കോടതിയുമായി കഴിയുകയായിരുന്ന ജിതേഷ്, ജയില്‍ മോചിതനായി സന്തോഷവാനായിരിക്കെയാണ് തന്റെ ജയില്‍ മോചനത്തിന് സഹായിച്ച വയോധികനായ തൊഴിലുടമ മരിക്കുന്നത്. തൊഴിലുടമയുടെ നല്ല മനസിന് കണ്ണീരോടെ നന്ദി പറയുകയാണ് ജിതേഷ്.

മക്ക പ്രവിശ്യയുടെ ഭാഗമായ തായിഫില്‍ സ്വദേശിയായ അറബിയുടെ വീട്ടുജോലിക്കാരനായായിരുന്നു ജിതേഷ്. തൊഴിലുടമ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയുമായി നല്ല ആത്മ ബന്ധമായിരുന്നു ജിതേഷിന്. സ്വന്തം മകനെ പോലെയായിരുന്നു തൊഴിലുടമ ജിതേഷിനെ സ്‌നേഹിച്ചിരുന്നത്. ജിതേഷും തൊഴിലുടമ എന്നതിലുപരി പിതാവിനെ പോലെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്. 
  
ഇതിനിടെ ജിതേഷ് ഓടിച്ച വാഹനം അപകടത്തില്‍പെട്ട് മറ്റൊരു സ്വദേശി പൗരന്‍ മരിക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അപകടത്തില്‍ മറിച്ച വ്യക്തിയുടെ കുടുംബത്തിന് 3,17,000 റിയാല്‍ ബ്ലഡ്മണി ആയി നല്‍കണമെന്ന് കോടതി വിധിച്ചു. ഇതേ തുടര്‍ന്ന് സ്‌പോണ്‍സറായ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയുടെ ജാമ്യത്തിലായിരുന്നു ജിതേഷ് ഏറെ നാള്‍. 

രണ്ടുമാസം മുന്‍പ് അദ്ദേഹം അസുഖം ബാധിച്ചുകിടപ്പായതിനാല്‍ ജാമ്യം റദ്ദായി വീണ്ടും ജയിലില്‍ പോകേണ്ടിവന്നു. ജയിലിലായ സമയത്ത് മോചനത്തിനായി ദിയ പണം കൊടുത്തുവിടാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. എന്നാല്‍ ഈ വിവരമറിഞ്ഞ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി തുക താന്‍ ഒറ്റക്ക് കൊടുത്തുവീട്ടാമെന്ന് ഏല്‍ക്കുകയായിരുന്നു. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ അദ്ദേഹം ഒപ്പുവെക്കുകയും ജിതേഷ് ജയില്‍ മോചിതനാവുകയും ചെയ്തു. എന്നാല്‍ വൈകുന്നേരത്തോടെ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി മരിച്ചു. ജിതേഷ് 'വാപ്പ'എന്നായിരുന്നു സ്‌പോണ്‍സര്‍ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയെ വിളിച്ചിരുന്നത്. മരണവിവരമറിഞ്ഞ് തേങ്ങലോടെ പറഞ്ഞത് 'എന്റെ വാപ്പ പോയി'' എന്നായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com