ചത്ത നായയ്ക്ക് പേവിഷബാധയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, തൃശൂരില്‍ ഉടമയെ തിരഞ്ഞ് പൊലീസ്‌

ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട് അവശനിലയിലായ നായ ആണ് ചത്തത്‌
ചത്ത നായയ്ക്ക് പേവിഷബാധയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, തൃശൂരില്‍ ഉടമയെ തിരഞ്ഞ് പൊലീസ്‌

തൃശൂര്‍: ചത്ത നായയ്ക്ക് പേവിഷബാധയുണ്ടായിരുന്ന എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ നായയുടെ ഉടമയെ തിരഞ്ഞ് പൊലീസ്. ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട് അവശനിലയിലായ നായയെ പോസ് എന്ന മൃഗസ്‌നേഹി സംഘടന രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടിയെടുക്കാം എന്നായിരുന്നു പൊലീസ് നിലപാട്. 

കാര്യാട്ടുകര പ്രശാന്തി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിയുടേതാണ് നായ. വ്യാഴാഴ്ച മണ്ണുത്തി വെറ്ററിനറി കോളെജിലായിരുന്നു ഷിറ്റ്‌സു എന്ന ജപ്പാന്‍ ഇനത്തില്‍പ്പെട്ട നായയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. ആളില്ലാത്ത വീടിനകത്ത് നായയെ പൂട്ടിയിട്ടിരിക്കുന്ന വിവരം നാട്ടുകാരാണ് പോസ് എന്ന സംഘടനാ പ്രവര്‍ത്തകരെ വിളിച്ചറിയിച്ചത്. 

പോസ് പ്രവര്‍ത്തകയായ പ്രീതി നല്‍കിയ പരാതിയില്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഭക്ഷണവും വെള്ളവും നല്‍കാത്തതിനാല്‍ നായയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് കേസെടുത്തത്. നായയെ കൊണ്ടുപോവാന്‍ വന്നപ്പോള്‍ ബിസിലി ഇതിന് അനുവദിച്ചിരുന്നില്ല. 

പൊലീസ് എത്തിയാണ് നായയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുക്കിയത്. നായ ചത്തതിന് ശേഷം ബിസിലിയെ കാണാനില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com