സൂപ്പര്‍മാനെ കാത്തിരുന്ന കുരുന്ന്; കഥയുടെ ചുരുളഴിച്ച് പൊലീസ്, ജനിച്ച് രണ്ടാം ദിനം കുഞ്ഞിനെ ഉപേക്ഷിച്ചു

എന്നെങ്കിലും അവനെ അന്വേഷിച്ച് അമ്മ തിരികെ വരും എന്ന പ്രതീക്ഷയിലാണ് അധികൃതരെ വിവരം അറിയിക്കാതിരുന്നത് എന്ന് സ്ത്രി പറഞ്ഞു
സൂപ്പര്‍മാനെ കാത്തിരുന്ന കുരുന്ന്; കഥയുടെ ചുരുളഴിച്ച് പൊലീസ്, ജനിച്ച് രണ്ടാം ദിനം കുഞ്ഞിനെ ഉപേക്ഷിച്ചു

ദുബായ്: ഷോപ്പിങ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആണ്‍കുട്ടിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കുട്ടിയെ പ്രസവിച്ച് രണ്ടാം ദിനം കുഞ്ഞിനെ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ച് അമ്മ രാജ്യം വിടുകയായിരുന്നു. പ്രവാസിയായിരുന്ന അവര്‍ പിന്നീടവര്‍ രാജ്യത്തേക്ക് തിരികെ വന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. 

കുട്ടിയെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ ബന്ധപ്പെടണം എന്ന ദുബായി പൊലീസിന്റെ അഭ്യര്‍ഥന വന്നിരുന്നു. കുട്ടിയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് 90 മിനിറ്റിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് ആദ്യ കോള്‍ വന്നതായി അല്‍ മുറഖബ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗനം പറഞ്ഞു. 

ഒരു സ്ത്രീയ്‌ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത് എന്ന് വിവരമാണ് ഫോണ്‍ കോളുകള്‍ വഴി പൊലീസിനെ പലരും വിളിച്ചറിയിട്ടത്. ഷാര്‍ജ പൊലീസിന്റെ സഹായത്തോടെ പൊലീസ് ഈ സ്ത്രീയെ കണ്ടെത്തിയെങ്കിലും ഈ സ്ത്രീയുടെ മകനല്ല അതെന്ന് പൊലീസിന് വ്യക്തമായി. അഞ്ച് വര്‍ഷം മുന്‍പ് കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ച് അമ്മ നാടുവിടുകയായിരുന്നു എന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. 

എന്നെങ്കിലും അവനെ അന്വേഷിച്ച് അമ്മ തിരികെ വരും എന്ന പ്രതീക്ഷയിലാണ് അധികൃതരെ വിവരം അറിയിക്കാതിരുന്നത് എന്ന് സ്ത്രി പറഞ്ഞു. കുഞ്ഞിന് അഞ്ച് വയസായതോടെ അവന്റെ വിദ്യാഭ്യാസത്തിന് വേണ്ട ചിലവുകള്‍ താങ്ങാനാവാതെയായി. ഇതോടെ സുഹൃത്തുക്കളുടെ സഹായം തേടി. അല്‍ മുതിനയില്‍ താമസിച്ചിരുന്ന മറ്റൊരു സ്ത്രീ കുറച്ചു നാള്‍ കുട്ടിയെ നോക്കി. 

എന്നാല്‍ അവര്‍ക്കും പിന്നീട് ബുദ്ധിമുട്ടായി തുടങ്ങി. ഇതോടെയാണ് കുട്ടിയെ മാളില്‍ ഉപേക്ഷിക്കാനും, ഒരു കുട്ടി ഒറ്റയ്ക്ക് മാളില്‍ ഇരിക്കുന്നു എന്ന് പറഞ്ഞ് പൊലീസില്‍ വിവരം അറിയിക്കാനും ഒരു സുഹൃത്ത് വഴി പറഞ്ഞ് നല്‍കിയത്. നാല് സ്ത്രീകളുടെ രക്ത സാമ്പിളുകള്‍ എടുത്ത് ഡിഎന്‍എ പരിശോധന നടത്തി. എന്നാല്‍ ഇവരാരും കുഞ്ഞിന്റെ അമ്മയല്ലെന്ന് തെളിഞ്ഞു. 

സെപ്തംബര്‍ ഏഴിനാണ് കുട്ടിയെ മാളില്‍ ഒറ്റയ്ക്ക് പൊലീസ് കണ്ടെത്തിയത്. ഇംഗ്ലീഷ് മാത്രമായിരുന്നു കുട്ടി സംസാരിച്ചിരുന്നത്. അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ സൂപ്പര്‍മാന്‍ എന്നായിരുന്നു കുട്ടിയുടെ മറുപടി. തന്നെ കൊണ്ടുപോവാന്‍ സൂപ്പര്‍ മാന്‍ വരുമെന്ന കുട്ടിയെ ഇവര്‍ പറഞ്ഞു പഠിപ്പിച്ചതാണെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ സംരക്ഷണം എങ്ങനെയാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com