കോവിഡ് സ്ത്രീകള്‍ക്ക് കടുത്ത വെല്ലുവിളി, ഗര്‍ഭനിരോധനം തടയാനാകാതെ  4.7 കോടി, പ്രതീക്ഷിക്കാതെ ജനിക്കുക 70 ലക്ഷം കുട്ടികള്‍: യുഎന്‍ റിപ്പോര്‍ട്ട് 

വികസ്വര, അവികസിത രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭ നിരോധനം തടയുന്നതിന് ആധുനിക ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കാന്‍ കോവിഡ് വ്യാപനം തടസ്സമാകും
ചിത്രം: എപി
ചിത്രം: എപി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സ്ത്രീകള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. വികസ്വര, അവികസിത രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭ നിരോധനം തടയുന്നതിന് ആധുനിക ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കാന്‍ കോവിഡ് വ്യാപനം തടസ്സമാകും. ഇത് വരും മാസങ്ങളില്‍ പ്രതീക്ഷിക്കാതെയുളള 70 ലക്ഷം കുട്ടികളുടെ ജനനത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് ആന്റ് പാര്‍ട്‌ണേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് വ്യാപനം നിരവധി സ്ത്രീകള്‍ക്ക് കുടുംബാസൂത്രണം നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യം ഒരുക്കും. ഇത് അപ്രതീക്ഷിതമായി നിരവധി കുട്ടികള്‍ ഭൂമിയില്‍ പിറന്നു വീഴുന്നതിന് ഇടയാക്കും. ഇതിന്റെ അനന്തരഫലമെന്നോണം ലിംഗ വിവേചനം ഗണ്യമായി ഉയരാന്‍ കാരണമാകും. അക്രമസംഭവങ്ങള്‍ ഉള്‍പ്പെടെ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഹാനികരമായ നിരവധി സംഭവങ്ങള്‍ വര്‍ധിക്കാനും ഇത് ഇടയാക്കും. ലക്ഷകണക്കിന് ആളുകള്‍ ഇതിന്റെ കെടുതി നേരിടാന്‍ വിധിക്കപ്പെടുമെന്നും യുഎന്‍എഫ്പിഎയുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ആയിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യവും ശരീരവും സംരക്ഷിക്കാന്‍ പലര്‍ക്കും കഴിയാതെ വരും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം ഉരുത്തിരിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ വികസ്വര, അവികസിത രാജ്യങ്ങളുടെ ഗണത്തില്‍പ്പെട്ട 114 രാജ്യങ്ങളിലെ 45 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധന ഉപാധികളെ ആശ്രയിക്കുന്നുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ആറുമാസത്തോളം നീണ്ടാല്‍ 4.7 കോടി സ്ത്രീകളെ ബാധിക്കും. ഇവര്‍ക്ക് ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ വരും.  ഇത് നിരവധി കുട്ടികള്‍ ഭൂമിയില്‍ ജനിച്ച് വീഴുന്നതിന് ഇടയാക്കും. ഇത് 70 ലക്ഷം വരെ ആകാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം രാജ്യങ്ങളിലുളള സ്ത്രീശാക്തീകരണ പദ്ധതികളെയും കോവിഡ് അവതാളത്തിലാക്കും. ഇത് വരുന്ന പത്തുവര്‍ഷത്തിനകം 1.3 കോടി ബാല്യവിവാഹങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com