വിജയത്തിന് വേറിട്ട ആദരം; പുതിയ റോഡുകള്‍ക്ക് പെണ്‍കുട്ടികളുടെ പേരുകള്‍ നല്‍കി ഗ്രാമം

വിജയത്തിന് വേറിട്ട ആദരം; പുതിയ റോഡുകള്‍ക്ക് പെണ്‍കുട്ടികളുടെ പേരുകള്‍ നല്‍കി ഗ്രാമം
വിജയത്തിന് വേറിട്ട ആദരം; പുതിയ റോഡുകള്‍ക്ക് പെണ്‍കുട്ടികളുടെ പേരുകള്‍ നല്‍കി ഗ്രാമം

ഉദയ്പുര്‍: സാധാരണ നിലയില്‍ നമ്മുടെ നാട്ടില്‍ റോഡുകള്‍ക്ക് പേരിടുന്നത് സാംസ്‌കാരിക നായകന്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ഒക്കെയാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ ഗ്രാമം. രാജസ്ഥാനിലെ നാഗോറാണ് ഇക്കാര്യത്തില്‍ പുതുമ തീര്‍ക്കുന്നത്. 

പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പെണ്‍കുട്ടികളുടെ പേരാണ് പുതിയതായി നിര്‍മിച്ച, അറ്റകുറ്റ പണികള്‍ കഴിഞ്ഞ റോഡുകള്‍ക്ക് ഇവിടെ നല്‍കിയിരിക്കുന്നത്. നാഗോര്‍ ജില്ലാ ഭരണാധികാരികളാണ് ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിലൂടെ അവര്‍ മുന്നോട്ടു വയ്ക്കുന്നത്. 

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദിവ്യ ശര്‍മ, ഖുശ്ബു റാത്തോഡ്, ഗസല്‍ ബത്തേസര്‍, പൂജ ചൗധരി, കോമള്‍ പ്രജാപത് തുടങ്ങിയ പെണ്‍കുട്ടികളുടെ പേരുകളാണ് ഗ്രാമങ്ങളിലെ റോഡുകള്‍ക്ക് ഇട്ടിരിക്കുന്നത്. രാസ്താ ഖോലോ അഭിയാന്‍ എന്ന പദ്ധതിക്ക് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. പരീക്ഷയില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടികളുടെ പേരിലുള്ള 38 റോഡുകള്‍ ഇതിനോടകം തുറന്നു കൊടുത്തുകഴിഞ്ഞു. പെണ്‍കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയില്‍ ഇത്തരത്തില്‍ 500ഓളം റോഡുകളാണ് അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് തുറന്നുകൊടുക്കാന്‍ ഇരിക്കുന്നത്. ഈ റോഡുകളെല്ലാം ഗ്രാമങ്ങളിലാണുള്ളത്. 

സംസ്ഥാന ഹോക്കി താരവും 10ാം ക്ലാസില്‍ 97 ശതമാനം മാര്‍ക്കോടെ ഉന്നത വിജയവും നേടിയ വിദ്യാര്‍ത്ഥിനിയാണ് ദിവ്യ ശര്‍മ. ഗൗരവ് പാത്ത് എന്ന റോഡിന്റെ പേര് മാറ്റി ദിവ്യയുടെ പേര് നല്‍കിയെന്ന വിവരം അധികൃതര്‍ വിളിച്ചറിയിച്ചപ്പോള്‍ സത്യത്തില്‍ വലിയ അമ്പരമ്പുണ്ടായതായി ദിവ്യയുടെ കുടുംബം പറയുന്നു. തന്റെ മകള്‍ക്ക് മാത്രമല്ല മറ്റെല്ലാം പെണ്‍കുട്ടികള്‍ക്കും ഈ നീക്കം വലിയ പ്രചോദനമാണ് ഇത്തരം ശ്രമത്തിലൂടെ ലഭിക്കുന്നതെന്ന് ദിവ്യയുടെ അച്ഛന്‍ രഘുനന്ദന്‍ ശര്‍മ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com