അയര്‍ലന്‍ഡില്‍ നിന്ന് ഫെയ്‌സ്ബുക്ക് സ്റ്റാഫിന്റെ ഫോണ്‍ കോള്‍; രണ്ട് സംസ്ഥാനങ്ങളില്‍ തെരച്ചില്‍; ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പൊലീസ്

കൃത്യസമയത്തെ ഇടപെടല്‍ കാരണം ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസും ഫെയ്‌സ്ബുക്ക് സ്റ്റാഫും.
അയര്‍ലന്‍ഡില്‍ നിന്ന് ഫെയ്‌സ്ബുക്ക് സ്റ്റാഫിന്റെ ഫോണ്‍ കോള്‍; രണ്ട് സംസ്ഥാനങ്ങളില്‍ തെരച്ചില്‍; ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പൊലീസ്

ഫെയ്‌സ്ബുക്കിന്റെയും രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെ 27കാരനെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു. അയര്‍ലന്‍ഡിലെ ഫെയ്‌സ്ബുക്ക് സ്റ്റാഫിന്റെ ഇടപെടലാണ് യുവാവിനെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. 

ലോക്ക്ഡൗണ്‍ കാരണം വരുമാനം നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായതാണ് 27കാരനെ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിപ്പിച്ചത്. ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ ആയി പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഫെയ്‌സ്ബുക്ക് സ്റ്റാഫ് ഡല്‍ഹി പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. 27കാരനെ നേരിട്ട് ബന്ധപ്പെട്ടാല്‍ ചിലപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്താലോ എന്ന് പേടിച്ചാണ് പൊലീസുമായി ബന്ധപ്പെട്ടത്. 

ഡല്‍ഹി സൈബര്‍ പൊലീസ് കമ്മീഷണര്‍ അന്യേഷ് റോയിയെയാണ് ഫെയ്‌സ്ബുക്ക് സ്റ്റാഫ് ബന്ധപ്പെട്ടത്. ആത്മഹത്യ പ്രവണത കാണിക്കുന്ന യുവാവിന്റെ വിവരങ്ങള്‍ ശനിയാഴ്ച രാത്രി എട്ടുമണിക്ക് കമ്മീഷണര്‍ക്ക് കൈമാറി. ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. 

ഒരു സ്ത്രീയുടെ നമ്പറായിരുന്നു യുവാവ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ ഉപയോഗിച്ചത്. ഈ ഫോണ്‍ നമ്പര്‍ ട്രെയിസ് ചെയ്ത് പൊലീസ് എത്തിയപ്പോള്‍ അവിടെയല്ല സംഭവം എന്ന് വ്യക്തമായി. എന്നാല്‍ രണ്ടാഴ്ച മുന്‍പ് മുംബൈയിലേക്ക് പോയ തന്റെ ഭര്‍ത്താവാണ് ഈ നമ്പര്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തതെന്ന് യുവതി വ്യക്തമാക്കി. മുംബൈയിലെ ഒരു ചെറിയ ഹോട്ടലില്‍ പാചകക്കാരനായാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നും യുവതി അറിയിച്ചു. 

ഇയാളുടെ ഫോണ്‍ നമ്പര്‍ യുവതിയുടെ കൈവശമുണ്ടായിരുന്നു. പക്ഷേ താമസിക്കുന്ന സ്ഥലം അറിയില്ലായിരുന്നു. ഡിസിപി റോയി ഉടനെ തന്നെ മുംബൈ സൈബര്‍ സെല്‍ കമ്മീഷണര്‍ രശ്മി കരണ്‍ദീക്കറിനെ ബന്ധപ്പെട്ടു. 

രാത്രി 11 മണിക്കാണ് ഡല്‍ഹി പൊലീസില്‍ നിന്നും മുംബൈ സൈബര്‍ സെല്ലിന് ഫോണ്‍കോള്‍ ലഭിക്കുന്നത്. പിന്നാലെതന്നെ മുംബൈ പൊലീസ് യുവാവിനെ തപ്പിയിറങ്ങി. 12.30ന് മുന്‍പ് മരിക്കുമെന്നായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. അതിനാല്‍ ഇയാളെ എത്രയും വേഗം കണ്ടെത്തുക എന്നത് പൊലീസിന് മുന്നിലെ വെല്ലുവിളിയായിരുന്നു. 

യുവാവിന്റെ അമ്മയോട് പൊലീസ് വാട്‌സ്ആപ്പ് വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് വെച്ച് ലൊക്കേഷന്‍ ട്രെയിസ് ചെയ്യാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാല്‍ ഒരൊറ്റ ബെല്ലിന് ശേഷം ഫോണ്‍ ഡിസ്‌കണക്ടായി. 

പിന്നാലെ ഇയാള്‍ മറ്റൊരു നമ്പറില്‍ നിന്ന് അമ്മയെ വിളിച്ചു. ഇത് ട്രെയിസ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒരു മണിക്കൂറോളം ഇയാളോട് നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. 1.30ഓടെ പൊലീസ് സംഘം ഇയാളുടെ അടുത്തെത്തി. ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക പ്രതിസന്ധിയിലായതും കുഞ്ഞിനെ എങ്ങനെ നോക്കുമെന്ന ചിന്തയുമാണ് തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൃത്യസമയത്തെ ഇടപെടല്‍ കാരണം ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസും ഫെയ്‌സ്ബുക്ക് സ്റ്റാഫും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com