ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അപൂര്‍വ്വ ഇനം പാമ്പിനെ കണ്ടെത്തി. ചുവപ്പ് നിറത്തിലുള്ള ഉടലും കൂര്‍ത്തു വളഞ്ഞ പല്ലുകളുമുളള പാമ്പിനെയാണ് കണ്ടെത്തിയത്.
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ഒരു വീട്ടില്‍നിന്നുമാണ് പാമ്പിനെ പിടികൂടിയത്.ഗൂര്‍ഖകള്‍ ഉപയോഗിക്കുന്ന കത്തിക്കു സമാനമായ ആകൃതിയില്‍ കൂര്‍ത്ത് വളഞ്ഞ പല്ലുകളുളള റെഡ് കോറല്‍ കുക്രി ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് പിടിച്ചത്.നൈനിറ്റാളിലെ ബിന്ദുഘാട്ട മേഖലയിലുള്ള ഒരു വീട്ടില്‍ പാമ്പ് കയറിയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍ അതിനു മുന്‍പേ തന്നെ പ്രദേശവാസികള്‍ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് സഞ്ചിയിലാക്കിക്കഴിഞ്ഞിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് അപൂര്‍വ ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉദ്യോഗസ്ഥര്‍ തന്നെ പാമ്പിനെ വനമേഖലയിലെത്തിച്ചു തുറന്നു വിട്ടു.1936 ഉത്തര്‍പ്രദേശിലെ ലക്ഷംപൂര്‍ മേഖലയിലാണ് ഈ ഇനത്തില്‍പ്പെട്ട പാമ്പിനെ ആദ്യമായി കണ്ടെത്തിയത്.
ഇതിനു മുന്‍പ് രണ്ടു തവണ മാത്രമാണ് ഉത്തരാഖണ്ഡില്‍ ഇവയെ കണ്ടെത്തിയിട്ടുള്ളത്.
വിഷമില്ലാത്തയിനം പാമ്പാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഈ വിഭാഗത്തില്‍ പെട്ട പാമ്പുകള്‍ രാത്രികാലങ്ങളിലാണ് ഇരതേടിയിറങ്ങുന്നത്. ചെറിയ പ്രാണികളും വിരകളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. ചുവപ്പും ഓറഞ്ചും കലര്‍ന്ന നിറമായതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. ഇവയുടെ കൂര്‍ത്ത് വളഞ്ഞ പല്ലുകള്‍ക്ക് നേപ്പാളില്‍ ഉപയോഗിക്കുന്ന കുക്രി എന്ന കത്തിയുമായി സാമ്യമുണ്ട്. അതുകൊണ്ടാണ് അവ റെഡ് കോറല്‍ കുക്രി എന്നറിയപ്പെടുന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ