'മാറിടത്തിന്റെ വലിപ്പം മുതല്‍ മൂക്കിന്റെ വളവ് വരെ ചര്‍ച്ച ചെയ്ത് വെറുപ്പിച്ച് കൈയില്‍ തരും'
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2020 03:41 PM |
Last Updated: 01st December 2020 03:41 PM | A+A A- |

പ്രതീകാത്മക ചിത്രം
ബോഡി ഷെയ്മിങ് മുതല്‍ വസ്ത്രധാരണത്തിന്റെ പേരിലുള്ള കളിയാക്കല്‍ വരെ, ചുറ്റുപാടും നിന്നും പല തലത്തിലുള്ള പ്രതികൂല പ്രതികരണങ്ങള്‍ക്കു വിധേയരാവാറുണ്ട് നമ്മില്‍ പലരും. അതെല്ലാം ചിലരുടെയെങ്കിലും മനസ്സില്‍ അവശേഷിപ്പിക്കുന്നത് വലിയ മുറിവുകളാണ്. ഡോ. ഷിംന അസീസ് ഈ കുറിപ്പില്‍ പറയുന്നത് അവരെക്കുറിച്ചാണ്. ''ഇട്ട ഡ്രസും അതിനകത്തെ അവയവങ്ങളുമല്ല, ഇതിനെല്ലാമുള്ളിലുള്ള നമുക്കാണ് വില, നമുക്ക് മാത്രമാണ് വില.''- കുറിപ്പില്‍ പറയുന്നു.
ഡോ. ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:
നന്നായി ഒരുങ്ങിയവരെ കാണാന്‍ ഇഷ്ടമാണെന്നല്ലാതെ, പൊതുപരിപാടികള്‍ക്കൊഴിച്ച് ഒരുങ്ങാന്‍ മടിയുള്ളൊരാളാണ്. ചിലപ്പോ ന്യൂസ് ക്യാമറക്ക് മുന്നില്‍ വരെ കൈയില്‍ കിട്ടിയ കോട്ടന്‍ ചുരിദാറെടുത്തിട്ട് പോയിരിക്കാറുണ്ട്. ലളിതേം വിനയയുമൊന്നും ആയിട്ടൊന്നുമല്ല, കംഫര്‍ട്ട് അതായത് കൊണ്ടും, അതേക്കുറിച്ച് വല്ലോരും ചീത്ത അഭിപ്രായം പറഞ്ഞാലും അതൊന്നും മനസ്സിലേക്കെടുക്കാത്തത് കൊണ്ടുമാണ്. ജഡ്ജ് ചെയ്യുന്നോര്‍ടെ കൈയില്‍ ധാരാളം ഫ്രീടൈം സമം അപകര്‍ഷതാബോധം ഉണ്ടെന്നങ്ങ് കരുതും. അവര് പറഞ്ഞ് തുലക്കട്ടെ.
ഇതിനൊരു മറുവശമുണ്ട്. പലരും ഇത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാതെ പതറിപ്പോവുന്നവരാണ്. ശരീരത്തിന്റെ അളവുകള്‍ വരെ പറഞ്ഞ് കളിയാക്കി ഒരുപാട് സാധു മനുഷ്യരുടെ സമാധാനവും സ്വൈര്യജീവിതവും വരെ ഊറ്റി കളയുന്ന മുഞ്ഞകളാല്‍ ജീവിതം കോഞ്ഞാട്ടയായവര്‍.
മാറിടത്തിന്റെ വലിപ്പം മുതല്‍ മൂക്കിന്റെ വളവ് വരെ ചര്‍ച്ച ചെയ്ത് വെറുപ്പിച്ച് കൈയില്‍ തരും. പലര്‍ക്കും ഇത് പറഞ്ഞൊരു കൂട്ടച്ചിരി പാസാക്കി നേരമ്പോക്ക് മട്ടാണെങ്കില്‍, അതിന് ഇരയാകുന്ന ആള്‍ ചിലപ്പോള്‍ ആഴ്ചകളോളം ഉറങ്ങാനാവാത്ത വിധം മുറിവേറ്റിട്ടുണ്ടാകും. യൂട്യൂബിലെ ഞൊടുക്കുവിദ്യകള്‍ തൊട്ട് പ്ലാസ്റ്റിക് സര്‍ജറി വരെ പ്ലാന്‍ ചെയ്യും. അപ്പോഴും തലച്ചോറിലെ വിധേയത്വവും വിഷമവും മറുത്തൊരു മറുപടിയോ നോട്ടമോ പോലും നല്‍കാന്‍ പക്വമായിക്കാണില്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ മറുപടി ഇത്തരം സാഹചര്യങ്ങളില്‍ ഏറെ ഉചിതമാണ് എന്ന് പറയാതെ വയ്യ.
ഇതിലും വേദനിപ്പിക്കുന്നതാണ് കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള കമന്റുകള്‍. ഒരു തരത്തിലും കുഞ്ഞുങ്ങളുടെ സൗകര്യത്തിനപ്പുറം ഷോ കാണിക്കാന്‍ വേണ്ടി ഉടുത്തൊരുക്കാന്‍ ഇഷ്ടമില്ലാത്ത രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദനകളിലൊന്നാണ് ഈ ജഡ്ജിംഗ് കമ്മറ്റി. സ്വന്തം പോക്കറ്റിന്റെ അവസ്ഥയുടെ പ്രതിഫലനമാണ് കുട്ടികളെ കോലം കെട്ടിക്കല്‍ എന്നാണല്ലോ പൊതുബോധം. കല്യാണങ്ങള്‍ക്ക് ഹാളില്‍ ഷെര്‍വാനിയും ലഹംഗയുമൊക്കെ ഇടീച്ച് നിര്‍ത്തി വിയര്‍ത്ത് നെലോളിക്കുന്ന കുട്ടികളെ കാണാറില്ലേ? പ്രധാന ചടങ്ങിന്റെ ഒരിത്തിരി നേരം മാത്രമായി ഈ പീഡനം ചുരുക്കിയാലും സാരമില്ലായിരുന്നു... ഇതിപ്പോ !!
സമൂഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് നേടാന്‍ വേണ്ടി എടങ്ങേറാവല്‍ എന്ന് നമ്മള്‍ നിര്‍ത്തുന്നോ ആ സെക്കന്റ് തൊട്ട് നമ്മള്‍ രക്ഷപ്പെട്ടു എന്ന് കരുതാം. അല്ലാതെ പൊങ്ങച്ച ആന്റിമാരും പരദൂഷണ അങ്കിള്‍മാരും ആത്മാവിന്റെ പച്ചയിറച്ചി തിന്നുന്ന ട്രോളന്‍മാരും മിണ്ടാതിരുന്നിട്ട് നിങ്ങളാരും മനസ്സമാധാനത്തോടെ ജീവിക്കൂല.
ഇത് പറയുന്നത് ഇതനുഭവിക്കുന്ന എല്ലാവരോടുമാണ്. ആരുടെയും ചിലവിലല്ല നിങ്ങള്‍ ജീവിക്കുന്നത്, അവര്‍ വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ട് മുഖം വാടിയാല്‍ അതും ആ സാഡിസ്റ്റ് കമ്മറ്റിയുടെ വിജയമാണ്.
പോയി പണി നോക്കാന്‍ മനസ്സിലെങ്കിലും പറയുക. ആ പിന്നേ, ഈ ചിന്തകള്‍ വല്ലാതെ മനസ്സിനെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ നിങ്ങളും ഇഷ്ടമുള്ള വല്ലതുമൊക്കെ എക്‌സ്ട്രാ ചെയ്യുക. എന്റോഫ് ദ ഡേ, ഇട്ട ഡ്രസും അതിനകത്തെ അവയവങ്ങളുമല്ല, ഇതിനെല്ലാമുള്ളിലുള്ള നമുക്കാണ് വില.
നമുക്ക് മാത്രമാണ് വില.