കാളക്കുട്ടിയെ മകനായി ദത്തെടുത്ത് മക്കളില്ലാത്ത ദമ്പതികള്‍; അയല്‍ക്കാരെയും ബന്ധുക്കളെയും വിളിച്ച് 'മുണ്ഡനം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th December 2020 11:03 AM |
Last Updated: 18th December 2020 11:03 AM | A+A A- |

പ്രതീകാത്മക ചിത്രം/ഫയല്‍
ഷാജഹാന്‍പുര്‍ (യുപി): കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ കാളക്കുട്ടിയെ 'ദത്തെടുത്തു'. ബന്ധുക്കളെ വിളിച്ചുകൂട്ടി മുണ്ഡന ചടങ്ങു നടത്തി.
ഷാജഹാന്‍പുരിലെ വിജയ്പാല്‍, രാജേശ്വരി ദേവി ദമ്പതികളാണ് കാളക്കുട്ടിയെ മകനായി സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് പതിനഞ്ചു വര്‍ഷമായിട്ടും ഇവര്‍ക്കു മക്കളില്ല.
കാളക്കുട്ടിക്ക് ലല്‍ത്തു എന്നാണ് പേടിരിട്ടിരിക്കുന്നത്. ലല്‍ത്തുവിനെ ജനനം മുതല്‍ മകനായാണ് കാണുന്നതെന്ന് വിജയ്പാല്‍ പറഞ്ഞു. കാളക്കുട്ടിക്ക് തങ്ങളോടുള്ള സ്‌നേഹം ഉപാധികളില്ലാത്തതും സത്യസന്ധവുമാണെന്ന് ഇവര്‍ പറയുന്നു.
വിജയ്പാലിന്റെ പിതാവ് പരിപാലിച്ചിരുന്ന പശുവിന്റെ കുട്ടിയാണ് ലല്‍ത്തു. അച്ഛന് ആ പശുവിനോട് വലിയ വാത്സല്യമായിരുന്നെന്ന് വിജയ്പാല്‍ പറഞ്ഞു. പശു ചത്തപ്പോള്‍ കു്ട്ടി അനാഥനായി. അപ്പോള്‍ ഞങ്ങള്‍ അവനെ മകനായി സ്വീകരിച്ചു. ''പശുവിനെ അമ്മയായി കാണാമെങ്കില്‍ അതിന്റെ കുട്ടിയെ മകനായി കണ്ടുകൂടേ?''- വിജയ്പാല്‍ ചോദിക്കുന്നു.
അയല്‍ക്കാരെയും ബന്ധുക്കളെയുമെല്ലാം വിളിച്ചാണ് വിജയ്പാല്‍ ലല്‍ത്തുവിന്റെ മുണ്ഡന ചടങ്ങ് നടത്തിയത്. അഞ്ഞൂറോളം പേരെയാണ് ക്ഷണിച്ചത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും എല്ലാവരും ചടങ്ങിനെത്തി. പുതപ്പുകള്‍, ഭക്ഷണത്തളിക എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങളും ലല്‍ത്തുവിനു ലഭിച്ചു.
ഗോമതീ നദിയുടെ തീരത്താണ് ചടങ്ങു നടത്തിയത്. അതിനു ശേഷം സദ്യയും ഉണ്ടായിരുന്നു.