കടലിന് നടുവില്‍ പച്ചപ്പ് നിറഞ്ഞ സുന്ദരമായ കൊച്ചു ദ്വീപ്; അതില്‍ ഒറ്റ വീട് മാത്രം! നിഗൂഢത നിറച്ച് ചിത്രങ്ങള്‍
By സമകാലിക മലയാളം ഡെസ്ക് | Published: 19th December 2020 11:51 AM |
Last Updated: 19th December 2020 11:51 AM | A+A A- |
എലിഡെ ദ്വീപ്/ ഇൻസ്റ്റഗ്രാം
റെയ്കവിക്: കടലിന് നടുവില്‍ ഒറ്റപ്പെട്ട് നില്ക്കുന്ന ഒരു കുഞ്ഞു തുരുത്ത്. അതില്‍ ഒറ്റ വീട് മാത്രം! 'ലോകത്തിലെ ഒരേയൊരു ഏകാന്ത വസതി' ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതിന്റെ വിവിധ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'അന്തര്‍മുഖനായ ഒരാളുടെ സ്വപ്ന വസതി' എന്നൊക്കെയുള്ള വിശേഷണങ്ങളും ഈ വീടിന് അളുകള്‍ നല്‍കുന്നുണ്ട്.
പച്ചപ്പ് നിറഞ്ഞ സുന്ദരമായ ഒരു കൊച്ചു ദ്വീപ്. ചുറ്റിലും നീല നിറത്തിലുള്ള സമുദ്ര ജലം. തുരുത്തിന് നടക്ക് ഒരു മനോഹരമായ ഭവനം. പലരും സ്വപ്നം കാണാറുള്ള ആ കാഴ്ചയാണ് യാഥാര്‍ഥ്യമായി നില്‍ക്കുന്നത്. വിസ്മയം സമ്മാനിക്കുമ്പോള്‍ തന്നെ വീടിനെ സംബന്ധിച്ച ഊഹാപോഹങ്ങളും ചോദ്യങ്ങളും ദുരൂഹതകളും നിഗൂഢതയും ഒക്കെ പലരും പങ്കിടുന്നുമുണ്ട്.
ഐസ്ലന്ഡിന് സമീപമാണ് ഈ ദ്വീപും ഒറ്റ വീടും സ്ഥിതി ചെയ്യുന്നത്. ഐസ്ലന്ഡിന് തെക്കായി എലിഡെ എന്ന സ്ഥലത്താണ് ഈ വിദൂര ദ്വീപുള്ളത്. 15 മുതല്‍ 18 വരെ ദ്വീപുകളുള്ള വെസ്റ്റ്മന്നൈജാറിന്റെ ഭാഗമാണ് ഈ ചെറിയ ദ്വീപ്. നിലവില്‍ ഒരു വീട് മാത്രമുള്ള ദ്വീപ് ഇപ്പോള്‍ വിജനമാണ്. നേരത്തെ അഞ്ച് കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. 1930ല്‍ അവസാന കുടുംബവും ഇവിടെ നിന്ന് പോയി. അതിനുശേഷം ദ്വീപില്‍ ജനവാസമില്ല.
എലിഡേ ഹണ്ടിങ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭവനം. 1950 കളിലാണ് വീട് നിര്‍മിച്ചത്. പഫിന് പക്ഷികളെ വേട്ടയാടാനായി എത്തുന്ന ഹണ്ടിങ് അസോസിയേഷനിലെ അംഗങ്ങള്‍ക്ക് വിശ്രമത്തിനും മറ്റുമായി നിര്‍മിച്ചതാണ് വീട്.
അതേസമയം നിരവധി കാലമായി ഒറ്റപ്പെട്ട് കിടക്കുന്ന വീടിനെ സംബന്ധിച്ച നിഗൂഢതകളും ദുരൂഹതകളും പലതരത്തില്‍ പ്രചരിക്കുന്നുണ്ട്.
ശതകോടീശ്വരനായ ഏതോ ഒരു വ്യക്തിയാണ് വീട് നിര്‍മിച്ചതെന്ന് ചിലര്‍ പറയുന്നു. ഐസ്ലന്ഡിലെ പ്രമുഖ ഗായകന് ജോര്‍ക്ക് എന്നയാളുടെ വസതിയാണ് ഇതെന്നാണ് ചിലരുടെ നിഗമനം. എന്നാല്‍ ചിത്രങ്ങള്‍ യാഥാര്‍ഥ്യമല്ലെന്നും ഫോട്ടോഷോപ്പാണെന്നും മറ്റു ചിലര്‍ കമന്റ് ചെയ്തു.