മരിച്ചുപോയ ഏഴുവയസുകാരിയെ അമ്മ കണ്ടു! വിശേഷങ്ങൾ പറഞ്ഞു, പിറന്നാൾ പാട്ടും പാടി; സ്വപ്‌നമല്ല , സത്യം (വിഡിയോ)
By സമകാലിക മലയാളം ഡെസ് | Published: 13th February 2020 12:00 PM |
Last Updated: 13th February 2020 12:00 PM | A+A A- |
മരിച്ചുപോയവരെ വീണ്ടും കാണാനും സംസാരിക്കാനും സാധിക്കും എന്നുപറഞ്ഞാൽ ഭ്രാന്താണോ എന്ന മറുചോദ്യമായിരിക്കും കേൾക്കേണ്ടിവരിക. എന്നാൽ ഇനി അതും അപ്രാപ്യമല്ല. വെർച്ച്വൽ റിയാലിറ്റിയുടെ സഹായത്തോടെ മരിച്ചുപോയ തന്റെ മകളോട് സംസാരിച്ചിരിക്കുകയാണ് ഒരു അമ്മ. ഇതിന്റെ വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
അജ്ഞാത രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചുപോയ ഏഴുവയസുകാരി നിയോണിനെയും അമ്മ ജാങ് ജി സുങിനെയുമാണ് വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്താൽ വീണ്ടും ഒന്നിപ്പിച്ചത്. മീറ്റിങ് യു എന്ന ദക്ഷിണകൊറിയന്‍ ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായാണ് ഈ പുനഃസമാഗമം നടത്തിയത്.
വെര്‍ച്വല്‍ മകളെ കൺമുന്നിൽ കണ്ട ആ അമ്മ അക്ഷരാർത്ഥത്തിൽ വികാരഭരിതയായി. കരഞ്ഞുകൊണ്ടായിരുന്നു ജാങ് ജിയുടെ ഓരോ വാക്കുകളും. മകളുടെ വിശേഷങ്ങൾ കേൾക്കുകയും അവൾക്കൊപ്പം കളിക്കുകയും ചെയ്തു ജാങ്.
ഒരു പൂന്തോട്ടത്തില്‍ വെച്ചാണ് തിളങ്ങുന്ന പര്‍പ്പിള്‍ വസ്ത്രം ധരിച്ചെത്തിയ പൊന്നോമനയെ ജാങ് കണ്ടുമുട്ടിയത്. അമ്മയെന്നെ ഓര്‍ക്കാറുണ്ടോ എന്നായിരുന്നു മകളുടെ ആദ്യ ചോദ്യം. എപ്പോഴും എന്ന് ജാങ‌് മറുപടി നൽകി. പരസ്പരം ഒരുപാട് മിസ് ചെയ്യുന്നെന്നായിരുന്നു ഇവരുടെ വാക്കുകൾ. പിറന്നാൾ കേക്ക് മുറിക്കാൻ തന്റെ ലോകത്തേക്ക് നിയോണി അമ്മയെ കൂട്ടികൊണ്ടുപോയി. അവിടെ സജ്ജമാക്കിയ മനോഹരമായ കേക്കിലെ മെഴുകുതിരികൾ അമ്മയെക്കൊണ്ട് ഊതിച്ചു. പിറന്നാൾ ആഗ്രഹങ്ങൾ പറയുമ്പോൾ അച്ഛനെയും സഹോദരങ്ങളെയും അവൾ ഓർത്തു. കളിചിരികള്‍ക്കൊടുവില്‍ നിയോൺ ഒരു പൂവ് അമ്മയ്ക്ക് സമ്മാനിച്ചു. പിന്നീട് ക്ഷീണമാകുന്നുവെന്ന് പറഞ്ഞ് നെയോണിന്റെ ഡിജിറ്റല്‍ രൂപം കിടന്നുറങ്ങുകയായിരുന്നു.
വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റും പ്രത്യേകം തയ്യാറാക്കിയ കയ്യുറകളും ധരിച്ചായിരുന്നു ജാങ് ജി സുങ് മകളെ കണ്ടത്. കൊറിയന്‍ കമ്പനിയായ എം ബി സിയാണ് നെയോണിന്റെ മുഖവും ശരീരവും ശബ്ദവും പുനഃസൃഷ്ടിച്ചത്. എന്നാൽ മനുഷ്യനെ വൈകാരികമായി പിടിച്ചുലക്കുന്ന ഈ വെര്‍ച്വല്‍ കളി അപകടം നിറഞ്ഞതാണെന്നാണ് മനശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ പ്രവർത്തി ധാര്‍മ്മികമായി ശരിയല്ലെന്ന വാദവും ഉയരുന്നുണ്ട്.