കൈപ്പത്തിയില്ല, പക്ഷെ ഇവളുടെ പിറന്നാള്‍ ചിരിയില്‍ എല്ലാമുണ്ട്; ഈ ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്നത് മാളവികയുടെ ജീവിതം 

സ്വപ്നങ്ങളും കളിചിരിയുമായി നടന്ന പതിമൂന്നാം വയസ്സിലാണ് മാളവികയുടെ ജീവിതത്തില്‍ ആ ദുരന്തം സംഭവിച്ചത്...
കൈപ്പത്തിയില്ല, പക്ഷെ ഇവളുടെ പിറന്നാള്‍ ചിരിയില്‍ എല്ലാമുണ്ട്; ഈ ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്നത് മാളവികയുടെ ജീവിതം 

'ആ കുട്ടിയുടെ ജീവിതം അവസാനിച്ചു' എന്നു വിധിയെഴുതിയവര്‍ക്ക് മുന്നില്‍ ഒരു ചെറു പുഞ്ചിരിയോടെ ചിറകു വിടര്‍ത്തി നില്‍ക്കുകയാണ് ഇന്ന് ഡോക്ടര്‍ മാളവിക അയ്യര്‍. ഇരുകൈകളും ഇല്ലെങ്കിലും ജീവിതം മറ്റാരേക്കാളും ആസ്വദിക്കുകയാണ് മാളവിക. പിറന്നാള്‍ ദിനത്തിലും മുഖത്തെ ഈ സന്തോഷം അതിന് തെളിവാണ്. 

മഞ്ഞ് പുതച്ചുകിടക്കുന്ന പ്രദേശത്ത് ചുവന്ന സാരിയില്‍ ഒരു നക്ഷത്രം കണക്കേ ശോഭിക്കുകയാണ് മാളവിക. കൈപ്പത്തിയുടെ കുറവല്ല കഠിനാധ്വാനത്തിന്റെ ശോഭയാണ് ഈ നക്ഷത്രത്തിന്റെ തിളക്കം. ഈ ചിത്രം തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച് സ്വയം പിറന്നാള്‍ ആശംസിച്ച് അവിടെയും വ്യത്യസ്തയാകുകയാണ് മാളവിക. യുഎന്നില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ചെറിയ ഭാഗം ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുമുണ്ട്.  

കൈത്തണ്ടകളില്‍ റബര്‍ബാന്‍ഡു കൊണ്ടു പേന കെട്ടി വച്ച് ഒരു കൊച്ചു കുട്ടിയെപ്പോലെ എഴുത്തില്‍ പിച്ചവെച്ച മാളവിക ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ട്രേറ്റും നേടി ജീവിതത്തില്‍ ജയിച്ചുകയറി. സ്വപ്നങ്ങളും കളിചിരിയുമായി നടന്ന പതിമൂന്നാം വയസ്സിലാണ് മാളവികയുടെ ജീവിതത്തില്‍ ആ ദുരന്തം സംഭവിച്ചത്. ജീന്‍സ് ഒട്ടിക്കാന്‍ കട്ടിയുള്ള എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയതാണ് കൊച്ചു മാളവിക. അന്ന് അവളുടെ കൈയില്‍ തടഞ്ഞത് സമീപത്തെ ഒരു ആയുധ ഫാക്ടറിയില്‍ നടന്ന സ്‌ഫോടനത്തില്‍ തെറിച്ചുവീണ ഗ്രനേഡിന്റെ അവശിഷ്ടമായിരുന്നു. ഇത് പൊട്ടിത്തെറിക്കുകയും രണ്ടു കൈയും അറ്റുപോകുകയും ചെയ്തു. പതിനെട്ടു മാസത്തെ ചികില്‍സയ്ക്കും നൂറോളം സര്‍ജറികള്‍ക്കും ശേഷം മാളവികയുടെ കൈമുട്ടുകള്‍ക്കു കീഴേക്കു മുറിച്ചു മാറ്റുകയേ നിവര്‍ത്തിയുള്ളൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. 

തമിഴ്‌നാട്ടിലെ കുംഭകോണത്തു ജനിച്ച മാളവിക മാതാപിതാക്കള്‍ക്കൊപ്പം രാജസ്ഥാനിലെ ബിക്കാനീറില്‍ താമസിക്കുന്ന കാലത്തായിരുന്നു ആ അപകടം. ആ പെണ്‍കുട്ടിക്ക് ഇന്ന് 31 വയസ്സ്. ജോലി പ്രചോദനാത്മക പ്രഭാഷക. ലോകഭിന്നശേഷി ദിനത്തില്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദില്‍നിന്ന് ഉന്നത ബഹുമതി ഏറ്റുവാങ്ങിയതും ഇതേ മാളവിക തന്നെ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com