'ഇവര്‍ പരസ്പരം കലഹിക്കുകയല്ല, ഒഴുകുന്നത് ചോരയുമല്ല'; വാസ്തവം ഇത് (വീഡിയോ)

ഒരു അരയന്നത്തിന്റെ തലയില്‍ മറ്റൊരു അരയന്നം കൊത്തുന്നു എന്ന തോന്നലാണ് ദൃശ്യം ആദ്യം കാണുമ്പോള്‍ മനസിലേക്ക് ഓടിയെത്തുക
'ഇവര്‍ പരസ്പരം കലഹിക്കുകയല്ല, ഒഴുകുന്നത് ചോരയുമല്ല'; വാസ്തവം ഇത് (വീഡിയോ)

ഒറ്റ നോട്ടത്തില്‍ രണ്ടു അരയന്നങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയാണെന്ന് തോന്നും. എന്നാല്‍ തെറ്റി. കുഞ്ഞിന് അരയന്നങ്ങള്‍ തീറ്റ കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പര്‍വീണ്‍  കാസ്‌വാന്‍ ഐഎഫ്എസാണ് അപൂര്‍വ്വമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഒരു അരയന്നത്തിന്റെ തലയില്‍ മറ്റൊരു അരയന്നം കൊത്തുന്നു എന്ന തോന്നലാണ് ദൃശ്യം ആദ്യം കാണുമ്പോള്‍ മനസിലേക്ക് ഓടിയെത്തുക. അതിന് ഒരു കാരണവുമുണ്ട്. മുകളിലുളള അരയന്നത്തിന്റെ വായ്‌യുടെ കൂര്‍ത്ത അഗ്രം നില്‍ക്കുന്നത് താഴെയുളള അരയന്നത്തിന്റെ തലയിലാണ്. താഴെയുളള അരയന്നത്തിന്റെ തലയില്‍ നിന്ന് ചോര പോലെയുളള ഒരു ദ്രാവകം ഒലിച്ച് ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ ഇതിന് താഴെയുളള കുഞ്ഞ് അരയന്നത്തെ കാണുമ്പോഴാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക അല്ല എന്ന കാര്യം വ്യക്തമാകുന്നത്. കുഞ്ഞ് അരയന്നത്തിന് തീറ്റ കൊടുക്കുകയാണ് ഇരുവരും ചേര്‍ന്ന് ചെയ്യുന്നത്. രക്തത്തിന്റെ നിറത്തില്‍ ഒലിച്ച് ഇറങ്ങുന്നത് ക്രോപ് മില്‍ക്ക് എന്ന ദ്രാവകം ആണെന്ന് പര്‍വീണ്‍ കാസ്‌വാന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രോട്ടീണ്‍ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ക്രോപ് മില്‍ക്ക്. ധാരാളം കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തിന് മുന്‍പ് അന്നനാളത്തിന്റെ ഒരു ഭാഗത്ത് സൂക്ഷിക്കുന്ന ഭക്ഷണരൂപത്തിലുളള ദ്രാവകമാണ് ക്രോപ് മില്‍ക്ക്. കട്ടിയുളള ഭക്ഷണം കഴിക്കുന്നത് വരെ ,കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്‍കാന്‍ അമ്മ അരയന്നം അന്നനാളത്തില്‍ സൂക്ഷിക്കുന്നതാണ് ക്രോപ് മില്‍ക്കെന്ന് പര്‍വീണ്‍ കാസ്‌വാന്‍ വിവരിക്കുന്നു.

അരയന്നം പോലെ ചില ചുരുക്കം പക്ഷികള്‍ക്ക് അവയുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രകൃതി നല്‍കിയിരിക്കുന്ന സംവിധാനമാണ് ക്രോപ്. തൊണ്ടയ്ക്ക് അരികിലുളള ഒരു അറയാണ് ക്രോപ്. ഇത് ഉല്‍പ്പാദിപ്പിക്കുന്ന സ്രവമാണ് ക്രോപ് മില്‍ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com