മുടിയും താടിയും വെട്ടി, കുളിപ്പിച്ചു, തെരുവില്‍ അലഞ്ഞ മനുഷ്യനോട് പൊലീസുകാരന്റെ കാരുണ്യം; വൈറലായി വിഡിയോ

ആരോരും സഹായമില്ലാതെ പത്തനംതിട്ട കൊന്നിയിലെ തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് സുബീക്ക് തണലൊരുക്കിയത്
മുടിയും താടിയും വെട്ടി, കുളിപ്പിച്ചു, തെരുവില്‍ അലഞ്ഞ മനുഷ്യനോട് പൊലീസുകാരന്റെ കാരുണ്യം; വൈറലായി വിഡിയോ

താടിയും മുടിയും നീട്ടി, മുഷിഞ്ഞ വസ്ത്രവും  ധരിച്ച് തെരുവില്‍ അലഞ്ഞിരുന്ന ആളോടുള്ള ഒരു പൊലീസുകാരന്റെ കാരുണ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കോന്നി പൊലീസ് സ്റ്റോഷനിലെ ഉദ്യോഗസ്ഥനായ സുബീക്ക് റഹീം എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തന്റെ മനുഷ്യത്വംകൊണ്ട് സൈബര്‍ ലോകത്തിന്റെ മനസു കീഴടക്കുന്നത്. ആരോരും സഹായമില്ലാതെ പത്തനംതിട്ട കൊന്നിയിലെ തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് സുബീക്ക് തണലൊരുക്കിയത്. 

പൊലീസ് വേഷത്തില്‍ സുബീക്ക് തെരുവില്‍ അലഞ്ഞയാളുടെ മുടിയും താടിയും വെട്ടുന്നതിന്റെയും കുളിപ്പിക്കുന്നതിന്റേയും വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ആനകുത്തിയിലെ ലൂര്‍ദ് മാതാ അഭയകേന്ദ്രത്തിലാക്കുകയും ചെയ്തു. 

ഒരാള്‍ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്ന് സുബീക്കിന് ഫോണ്‍കോള്‍ വന്നതോടെയാണ് അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അന്വേഷിച്ചിറങ്ങിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സുബീക്ക് ഇയാളെ കണ്ടെത്തുന്നത്. മുടിയും താടിയും വെട്ടിയൊതുക്കി വൃത്തിയാക്കി, കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി.

ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ലഭിച്ചിട്ടില്ലെന്ന് സുബീക്ക് റഹീം പറയുന്നു. ഇതാദ്യമായല്ല തെരുവില്‍ അലയുന്നവര്‍ക്ക് സുബീക്ക് അഭയം നല്‍കാനെത്തുന്നത്. ഈയടുത്ത് ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട്, കണ്ണിന് തിമരം ബാധിച്ച നിലയില്‍ കണ്ടെത്തിയ ബാലചന്ദ്രന്‍ എന്നയാളെ അഭയകേന്ദ്രത്തിലാക്കിയതും സുബീക്കിന്റെ നേതൃത്വത്തിലാണ്. സുബീക്കിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. സുബീക്ക് കേരളപൊലീസിന് തന്നെ അഭിമാനമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com