കണ്ടുപഠിക്കണം ഈ തിരിച്ചറിവ്!; സീബ്രാലൈനില്‍ റോഡ് മുറിച്ചു കടക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്ന നായ ( വീഡിയോ)

കോഴിക്കോട് പുതിയറ സിഗ്നല്‍ ജംഗ്ഷനില്‍ നിന്നുളള കൗതുകം ഉണര്‍ത്തുന്ന ദൃശ്യം കേരള പൊലീസാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്
കണ്ടുപഠിക്കണം ഈ തിരിച്ചറിവ്!; സീബ്രാലൈനില്‍ റോഡ് മുറിച്ചു കടക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്ന നായ ( വീഡിയോ)

കോഴിക്കോട്: പലപ്പോഴും മൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ തിരിച്ചറിവ് ഉണ്ടെന്ന് തോന്നുന്ന നിരവധി അനുഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. മനുഷ്യര്‍ ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ പോലും മൃഗങ്ങള്‍ സാമാന്യയുക്തിയോടെ പെരുമാറുന്ന നിരവധി കാഴ്ചകളാണ് വാര്‍ത്തയില്‍ ഇടംനേടിയിട്ടുളളത്. അത്തരത്തിലുളള ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കോഴിക്കോട് പുതിയറ സിഗ്നല്‍ ജംഗ്ഷനില്‍ നിന്നുളള കൗതുകം ഉണര്‍ത്തുന്ന ദൃശ്യം കേരള പൊലീസാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു നായ റോഡ് മുറിച്ചു കടക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്ന കാഴ്ചയാണ് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്. അതും സീബ്രാ ലൈനില്‍ നിന്നുകൊണ്ടാണ് നായ റോഡ് മുറിച്ചു കടക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നത്. ഇത് കൗതുക കാഴ്ചയല്ല... തിരിച്ചറിവിന്റെ കാഴ്ചയാണ്... എന്ന ആമുഖത്തോടെയാണ് ദൃശ്യങ്ങള്‍ കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

റോഡിലൂടെ വാഹനങ്ങള്‍ തിരക്കിട്ട് പാഞ്ഞുപോകുകയാണ്. ഇതെല്ലാം ശ്രദ്ധിച്ച് സീബ്രാ ലൈനില്‍ തന്റെ ഊഴവും കാത്തുനില്‍ക്കുകയാണ് നായ. അതിനിടെ ഒരു ബൈക്ക് നായയുടെ അരികിലൂടെ ചീറിപ്പാഞ്ഞ് പോകുന്നുമുണ്ട്. റോഡ് മുറിച്ചു കടക്കാന്‍ സീബ്രാ ലൈനില്‍ നില്‍ക്കുന്നവരെ കണ്ടാല്‍ വാഹനം നിര്‍ത്തണമെന്നാണ് നിയമം. അതനുസരിച്ച് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ നിര്‍ത്തുന്നതും നായ റോഡ് മുറിച്ച് അപ്പുറത്തേയ്ക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനുഷ്യര്‍ പോലും റോഡ് മുറിച്ച് കടക്കുന്നതിനുളള സീബ്രാലൈന്‍ പ്രയോജനപ്പെടുത്താതെ, അലക്ഷ്യമായി മുറിച്ചു കടക്കുന്ന ലോകത്താണ് നായയുടെ മാതൃക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com