കൊല്ലരുത് !, ജീവിക്കാന്‍ അനുവദിക്കണം, കശാപ്പുകാരന് മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രാണനുവേണ്ടി യാചിച്ച് പശു, നൊമ്പരക്കാഴ്ച ( വീഡിയോ)

അറവുശാലയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതു മുതല്‍ പശു നടക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു
കൊല്ലരുത് !, ജീവിക്കാന്‍ അനുവദിക്കണം, കശാപ്പുകാരന് മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രാണനുവേണ്ടി യാചിച്ച് പശു, നൊമ്പരക്കാഴ്ച ( വീഡിയോ)

ബീജിങ് : അറവുശാലയില്‍ നിന്നുള്ള ഒരു നൊമ്പരക്കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. കൊല്ലാന്‍ കൊണ്ടുപോയ പശുക്കളിലൊന്ന് കശാപ്പുകാരനു മുന്നില്‍ പ്രാണനുവേണ്ടി കേണപേക്ഷിക്കുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണീര്‍ വാര്‍ത്തുകൊണ്ട് മുന്‍ കാലുകളില്‍ മുട്ടുകുത്തി നിന്നായിരുന്നു പശുവിന്റെ അപേക്ഷ. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷാന്റൂയിലുള്ള കശാപ്പ് ശാലയിലായിരുന്നു സംഭവം.

അറവുശാലയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതു മുതല്‍ പശു നടക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. വളരെ പണിപ്പെട്ടാണ് പശുവിന്റെ ഉടമ അതിനെ ട്രക്കില്‍ കയറ്റിയത്. അപ്പോഴും പശുവിന്റെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.അറവുശാലയുടെ മുന്നിലെത്തിയിട്ടും പശു നിസ്സഹകരണം തുടര്‍ന്നു. കശാപ്പുകാരന്‍ വലിച്ചിഴച്ചാണ് പശുവിനെ ട്രക്കില്‍ നിന്നും പുറത്തിറക്കിയത്.

അപ്പോഴും കശാപ്പുകാരന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് പശു കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. അറവുശാലയിലുണ്ടായിരുന്ന ജീവനക്കാരനാണ്  പശുവിന്റെ പ്രവൃത്തിയില്‍ ദയ തോന്നി, ദാരുണമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ വൈറലായതോടെ, പെട്ടെന്നു തന്നെ മൃഗസ്‌നേഹികള്‍ പശുവിന്റെ രക്ഷയ്‌ക്കെത്തി.

പശുവിനെ കശാപ്പുശാലയില്‍ നിന്നും മോചിപ്പിക്കാനായി 24,950 യുവാന്‍ ( 2.5 ലക്ഷം രൂപ) ആണ് സമാഹരിച്ചത്. കശാപ്പുശാലയില്‍ നിന്നും വാങ്ങിയ പശുവിനെ പിന്നീട് സമീപത്തെ ബുദ്ധക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ ഏറ്റെടുത്തു. പശുവിന്റെ പരിചരണത്തിനായി സമാഹരിച്ച തുകയില്‍ നിന്ന് 4000 യുവാന്‍ മൃഗസ്‌നേഹികള്‍ ക്ഷേത്രഭാരവാഹികളെ ഏല്‍പ്പിക്കുകയും ചെയ്തു. പശു ഗര്‍ഭിണിയാണെന്നും അതാകാം ജീവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചതെന്നുമാണ് പ്രാദേശിക വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com