800 മക്കൾ! സ്വന്തം വംശത്തെ സംരക്ഷിച്ച ഭീമൻ ആമ മുത്തശ്ശൻ
By സമകാലിക മലയാളം ഡെസ് | Published: 12th January 2020 09:11 PM |
Last Updated: 12th January 2020 09:11 PM | A+A A- |

വംശ നാശത്തിന് അടിപ്പെടാതെ തന്റെ വംശത്തെ നിലനിർത്താൻ നിർണായക പങ്ക് വഹിച്ച് ഒരു ആമ മുത്തശ്ശൻ! തന്റെ വംശത്തിന് ഈ ആമ നല്‍കിയ സംഭാവന 800 ആമക്കുഞ്ഞുങ്ങള്‍ തന്നെ. ഗാലപ്പഗോസ് ദ്വീപുകളുടെ ഭാഗമായ സാന്താക്രൂസ് ദ്വീപിലാണ് ഡിയേഗോ എന്ന് പേരുള്ള ഈ ആമ മുത്തശ്ശൻ.
കെലോനോയിഡിസ് ഹൂഡെന്‍സിസ് എന്ന സ്പീഷിസില്‍ പെടുന്ന ആമയാണ് ഡിയേഗോ. ഇത്തരം ആമകളെ വംശ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഇക്വഡോര്‍ പരിസ്ഥിതി വകുപ്പ് 1960ല്‍ ആരംഭിച്ച 50 വര്‍ഷം നീണ്ടുനിന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ ആമ 800 കുഞ്ഞുങ്ങളുടെ പിതാവായത്.
പ്രജനന പദ്ധതിയുടെ തുടക്കത്തില്‍ കെലോനോയിഡിസ് ഹൂഡെന്‍സിസിന്റെ വംശ വര്‍ധനയ്ക്കായി 12 പെണ്‍ ആമകളും രണ്ട് ആണ്‍ ആമകളുമാണ് ഉണ്ടായിരുന്നത്. 50 വര്‍ഷം കൊണ്ട് ഈ പ്രജനന പദ്ധതിയിലൂടെ രണ്ടായിരം ആമക്കുഞ്ഞുങ്ങള്‍ക്കാണ് ജന്‍മം നല്‍കിയത്. ഇതില്‍ 800 എണ്ണത്തിനും പിതാവായത് ഡിയേഗോ ആയിരുന്നു. അതായത്, നിലവില്‍ സാന്താക്രൂസ് ദ്വീപിലുള്ള ഈ വിഭാഗത്തില്‍പ്പെടുന്ന ആമകളില്‍ 40 ശതമാനവും ഡിയേഗോയുമായി രക്ത ബന്ധമുള്ളവരാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്രജനന പദ്ധതിയുടെ ആരംഭ കാലത്ത് സാന്‍ ഡിയേഗോ മൃഗശാലയിലാണ് ഡിയേഗോ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഡിയേഗോയ്ക്ക് 100 വയസിലേറെ പ്രായമുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ പകുതി കാലയളവും ഡിയേഗോ പ്രജനന പദ്ധതിയുടെ ഭാഗമായിരുന്നു.
കെലോനോയിഡിസ് ഹൂഡെന്‍സിസ് വിഭാഗത്തില്‍പ്പെടുന്ന ആമകളുടെ എണ്ണം ദ്വീപില്‍ വേണ്ടത്ര ഉയര്‍ന്നതായി വ്യക്തമായതിനെ തുടര്‍ന്ന് അടുത്തിടെ ഇക്വഡോര്‍ പരിസ്ഥിതി മന്ത്രാലയം ഈ പ്രജനന പദ്ധതി നിര്‍ത്തലാക്കിയിരുന്നു. ഇതോടെ ഡിയേഗോയെയും പ്രജനനത്തിനായി വളര്‍ത്തിയിരുന്ന മറ്റുള്ള ആമകളെയും കാട്ടിലേയ്ക്ക് തുറന്നുവിട്ടിരിക്കുകയാണ്. ഇനിയുള്ള കാലം ദ്വീപിലെ ആമയുടെ വംശ വര്‍ധന സ്വാഭാവികമായ രീതിയില്‍ മുന്നോട്ടു പോകും എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.