മോട്ടോര്‍സൈക്കിളില്‍ 'ഹിറ്റ്‌ലര്‍' തെരുവില്‍; കൂട്ടിന് സൈനികനും; വിഡിയോ വൈറല്‍, ആളെത്തിരഞ്ഞ് പൊലീസ്‌

അപ്രതീക്ഷിതമായി 'ഹിറ്റ്‌ലറെ' തെരുവില്‍ കണ്ട ജനങ്ങള്‍ അമ്പരപ്പോടെയാണ് കണ്ടുനിന്നത്
മോട്ടോര്‍സൈക്കിളില്‍ 'ഹിറ്റ്‌ലര്‍' തെരുവില്‍; കൂട്ടിന് സൈനികനും; വിഡിയോ വൈറല്‍, ആളെത്തിരഞ്ഞ് പൊലീസ്‌

ഹിറ്റ്‌ലറിന്റെ വേഷം ധരിച്ച് മോട്ടോര്‍ബൈക്കില്‍ നാടുചുറ്റാന്‍ ഇറങ്ങിയ ആളെ തിരഞ്ഞ് പൊലീസ്. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവമുണ്ടായത്. ഹിറ്റ്‌ലറുടേതുപോലെ മേക്കപ്പ് ചെയ്ത് ബൈക്കിന്റെ സൈഡ്കാറില്‍ ഇരുന്നായിരുന്നു ഇയാളുടെ യാത്ര. അപ്രതീക്ഷിതമായി 'ഹിറ്റ്‌ലറെ' തെരുവില്‍ കണ്ട ജനങ്ങള്‍ അമ്പരപ്പോടെയാണ് കണ്ടുനിന്നത്. എന്നാല്‍ ശക്തമായ നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് ജര്‍മന്‍ പൊലീസ്. 

അഡോള്‍ഫ് ഹിറ്റ്‌ലറിന് സമാനമായി ആളുകള്‍ വേഷം ധരിക്കുമ്പോള്‍ അന്വേഷണം ആവശ്യമാണ് എന്നാണ് സാക്‌സോണി പൊലീസ് വക്താവ് വ്യക്തമാക്കി. ചെംനിറ്റ്‌സിന് സമീപമുള്ള അഗസ്റ്റസ് ബര്‍ഗിലാണ് ക്ലാസിക് മോട്ടോര്‍സൈക്കിളില്‍ വ്യാജ ഹിറ്റ്‌ലര്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. 

ടൂത്ത് ബ്രഷ് മീശയും ഹിറ്റ്‌ലറിനേതുപോലെ മുടി ചീകിവെച്ചാണ് അയാള്‍ എത്തിയത്. 1940 കാലഘട്ടത്തിലെ പട്ടാളക്കാരുടെ സമാനമായ വസ്ത്രം ധരിച്ച ആളാണ് ബൈക്ക് ഓടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്‌റ്റൈലിലുള്ള ഹെല്‍മെറ്റും അയാള്‍ ധരിച്ചിരുന്നു. വീക്കെന്‍ഡ് ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം. ഇരുവരേയും കണ്ട് ആളുകള്‍ ചിരിക്കുന്നത് വിഡിയോയില്‍ കാണാം. കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഹിറ്റ്‌ലറിന്റെ ഫോട്ടോ എടുക്കാനായി ഫോണ്‍ എടുക്കുന്നതും കാണാം. ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. 

ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ പൊലീസ് കര്‍ശന നടപടിയെടുക്കാന്‍ മടിക്കേണ്ടതില്ലെന്നും പൊലീസ് വക്താവ് വ്യക്തമാക്കി. കൂട്ടക്കൊലയാളിയുടെ വേഷം ധരിക്കുന്നത് മോശം തെരഞ്ഞെടുപ്പാണെന്നും ഇത് അംംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തികരുതെന്നും വ്യക്തമാക്കി. സാക്‌സനിയില്‍ നടന്ന വീക്കെന്‍ഡ് ക്ലാസിക് ബൈക്ക് ഫെസ്റ്റിവലില്‍ 1800 ഇരുചന്ദ്രവാഹനങ്ങളാണ് പങ്കെടുത്തത്. ഇത് കാണാനായി 7500ല്‍ അധികം പേരും എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com