ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് ആദ്യം അയക്കുക ഈ സുന്ദരിയെ; വ്യോംമിത്രയുടെ വിഡിയോ പുറത്തുവിട്ടു

മനുഷ്യശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിക്കാന്‍ മനുഷ്യന് സമാനമായ റോബോട്ടിനാവും
ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് ആദ്യം അയക്കുക ഈ സുന്ദരിയെ; വ്യോംമിത്രയുടെ വിഡിയോ പുറത്തുവിട്ടു

ന്യൂഡല്‍ഹി; ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ ശ്രമങ്ങളില്‍ ഭാഗമാവുക റോബോട്ട്. വ്യോംമിത്ര എന്ന് പേരിട്ട ഹ്യൂമനോയിഡിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പെണ്‍രൂപത്തിലാണ് വ്യോംമിത്രക്ക് രൂപം നല്‍കിയിരിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കുന്നതിനു വേണ്ടിയാകും റോബോട്ടിന് അയക്കുക. 

മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തില്ലെന്ന് ഐഎസ്ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഹ്യുമനോയിഡിനെ രൂപകല്‍പ്പന ചെയ്തത്. മനുഷ്യശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിക്കാന്‍ മനുഷ്യന് സമാനമായ റോബോട്ടിനാവും. പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡാണ് വ്യോംമിത്ര. ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കുമെന്ന് വ്യോംമിത്ര വിശദമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ഗഗന്‍യാന്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞത്.  2021 ഡിസംബറിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യഘട്ടം  പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നടത്തുമെന്നും ബഹിരാകാശത്ത് ഒരു കൂട്ടം ആളുകളെ അയക്കാനാണ് പദ്ധതിയെന്നും ഇതില്‍ വനിതകള്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ മേധാവി അറിയിച്ചിരുന്നു. 10000 കോടി എങ്കിലും പദ്ധതിക്ക് ചിലവ് വരും എന്നാണ് കണക്കുകൂട്ടല്‍.

ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാന്‍ ഉപയോഗിക്കുക. വ്യോമോനട്ട്‌സ് എന്നായിരിക്കും ഇന്ത്യയില്‍ നിന്നും ബഹിരാകാശത്ത് എത്തുന്നവരെ വിളിക്കുക. ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com