'കാന്‍സറിനെ തോല്‍പ്പിച്ച രാജകുമാരിയും അവളെ ചേര്‍ത്തുപിടിച്ച രാജകുമാരനും'; നന്ദു മഹാദേവന്റെ കുറിപ്പ്

'അവള്‍ക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാള്‍ ആയിരിക്കരുത് തന്റെ കൂടെ എന്ന്'
'കാന്‍സറിനെ തോല്‍പ്പിച്ച രാജകുമാരിയും അവളെ ചേര്‍ത്തുപിടിച്ച രാജകുമാരനും'; നന്ദു മഹാദേവന്റെ കുറിപ്പ്

കാന്‍സര്‍ എന്ന രോഗത്തിന് വെല്ലുവിളിയാണ് നന്ദു മഹാദേവന്‍ എന്ന യുവാവ്. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും കാന്‍സര്‍ പടര്‍ന്നുകയറുമ്പോള്‍ അവന്‍ നടത്തുന്ന പോരാട്ടം വാക്കുകള്‍ക്ക് അതീതമാണ്. തന്റെ വേദനകള്‍ക്കിടയിലും മറ്റുള്ളവരുടെ സന്തോഷങ്ങളെ നെഞ്ചോടുചേര്‍ക്കാന്‍ നന്ദുവിനാകും. കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന നിരവധിപേരെക്കുറിച്ച് നന്ദു കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത് നീതുവിന്റേയും വേദ്കിരണിന്റേയും ജീവിതമാണ്. 

ഇരുവരുടേയും വിവാഹവാര്‍ഷിക ദിനത്തിലാണ് നീതുവിന്റെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് നന്ദു വാചാലനായത്. ചെറുപ്പത്തില്‍ കാന്‍സര്‍ ബാധിതയായ നീതു കീമോയിലൂടെയും റേഡിയേഷനിലൂടെയും രോഗത്തെ അതിജീവിച്ചു. അതിനു ശേഷം വിവാഹം കഴിക്കുന്നതിനായി മാട്രിമോണിയല്‍ കോളത്തില്‍ രജിസ്റ്റര്‍ ചെയ്തപ്പോഴും താനൊരു കാന്‍സര്‍ സര്‍വൈവര്‍ ആണെന്ന് കുറിക്കാന്‍ നീതു മടിച്ചില്ല. എന്നാല്‍ സഹതാപത്തോടെ തന്നെ നോക്കി കാണുന്ന ആളെ വിവാഹംകഴിക്കരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതിനിടയിലാണ് നീതുവിന്റെ ജീവിതത്തിലേക്ക് വേദ്കിരണ്‍ വരുന്നത്. ഇരുവരുടേയും വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് നന്ദു ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടത്. 

നന്ദുവിന്റെ കുറിപ്പ് വായിക്കാം

ഈ വിവാഹ വാര്‍ഷികം ഒക്കെയാണ് നമ്മള്‍ ആഘോഷിക്കേണ്ടത് !!

ഇതൊരപൂര്‍വ്വ കഥയാണ്..!

ക്യാന്‍സറിനെ തോല്‍പ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ !!

ഇത് നീതു വേദ്കിരണ്‍..!!
അതിജീവനം കുടുംബത്തിലെ രാജകുമാരി..!!
യൗവ്വനകാലത് പിടികൂടിയ ക്യാന്‍സറിനെ കീമോ കൊണ്ടും റേഡിയേഷന്‍ കൊണ്ടും പൊരുതി തോല്പിച്ചവള്‍ !!

എല്ലാം കഴിഞ്ഞു ജോലിക്ക് കയറിയപ്പോള്‍ ആണ് കല്യാണം കഴിക്കാന്‍ മാട്രിമോണിയല്‍ കോളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.. അവിടെയും അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു താന്‍ ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ ആണെന്ന് !!
കള്ളം പറഞ്ഞു ഒന്നും നേടരുത് എന്ന് ചിന്തിച്ചു കൊണ്ടുതന്നെയായിരുന്നു അത്..!!

അവളെ പോലും അത്ഭുതപ്പെടുത്തി ഒരു പാട് ആലോചനകള്‍ വന്നു...!
അപ്പോഴും അവള്‍ക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാള്‍ ആയിരിക്കരുത് തന്റെ കൂടെ എന്ന്..!!

അങ്ങനെ ചിന്തിക്കുന്ന സമയത്താണ് വേദ്കിരണും കുടുംബവും വീട്ടിലെത്തുന്നത്..
സംസാരിച്ചപ്പോള്‍ ഒരു സാധാരണ കുട്ടിയെ പോലെ തന്നെ കാണാന്‍ ആ കുടുംബത്തിലെ എല്ലാവര്‍ക്കും കഴിയും എന്ന വിശ്വാസത്തോടെ രണ്ടുപേരും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്‍ഷം...

ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉള്ള ഫോളോഅപ്പ് മാത്രം..!!

സന്തോഷത്തോടെ സ്‌നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോള്‍ സത്യത്തില്‍ ക്യാന്‍സര്‍ എന്ന രോഗം തോറ്റു തുന്നം പാടിയത് കാണുമ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം..

ഒരായിരം പേര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരി മതി !! എല്ലാത്തിനെയും തോല്‍പിച്ചു ഇവളെ ചേര്‍ത്ത് പിടിക്കാന്‍ മനസ്സ് കാണിച്ച വേദിനൊരു സല്യൂട്ട്..

മരുന്നിനെക്കാളും ഗുണം ചെയ്യും ഇതുപോലുള്ള ചേര്‍ത്ത് പിടിക്കലുകള്‍....
കൂട്ടിനു ഞാനുണ്ട് അല്ലേല്‍ ഞങ്ങളുണ്ട് എന്ന വാക്കുകള്‍.... !!
ഒരുപാട് കാലം സന്തോഷത്തോടെ സ്‌നേഹത്തോടെ ജീവിതം ഇങ്ങനെ ചേര്‍ത്ത് പിടിച്ചു മുന്നോട്ടു പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.. !!

രണ്ടാള്‍ക്കും അതിജീവനം കുടുംബത്തിന്റെ മംഗളാശംസകള്‍..

പ്രിയമുള്ളവരുടെ ആശംസകളും പ്രാര്‍ത്ഥനകളും ഒപ്പമുണ്ടാകണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com