പാതി വെന്ത മീന്‍ കഴിച്ച 55 കാരന് കിട്ടിയത് മുട്ടന്‍ പണി ; ഫ്ലാറ്റ് വേംസ് മുട്ടയിട്ടു ; കരളിന്റെ പാതി പോയി

കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റര്‍ നീളവും 18 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ് : പാതിവേവിച്ച മീന്‍ കഴിച്ച 55 കാരന് കിട്ടിയത് മുട്ടന്‍ പണി. പാതിവെന്ത മല്‍സ്യം കഴിച്ച ഇയാളുടെ കരളിന്റെ പകുതിയോളം നീക്കം ചെയ്യേണ്ടി വന്നു. കരളിനുള്ളില്‍ ഫ്ലാറ്റ് വേംസ് മുട്ടയിട്ടതിനെ തുടര്‍ന്നാണ് കരളില്‍ ശസ്ത്രക്രിയ നടത്തി പകുതിയോളം നീക്കം ചെയ്യേണ്ടി വന്നത്. ചൈനയിലാണ് സംഭവം. 

വിശപ്പില്ലായ്മ, വയറിളക്കം, തളര്‍ച്ച, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. സ്‌കാനിങ്ങില്‍ ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റര്‍ നീളവും 18 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തി. ഈ ആവരണത്തിന് മുകളില്‍ മുഴകളും വളരാന്‍ തുടങ്ങിയിരുന്നു.

തുടര്‍ന്ന് വിശദ പരിശോധനയ്ക്കു ശേഷം, ഇദ്ദേഹത്തിന് ക്ലോണോര്‍ക്കിയാസിസ് (പാരസൈറ്റിക് ഫ്ലാറ്റ് വേംസ് മൂലം ഉണ്ടാകുന്ന രോഗം) ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

കരളിനു മീതേ രൂപപ്പെട്ട ആവരണത്തില്‍നിന്ന് ദ്രാവകം നീക്കം ചെയ്ത് വലിപ്പം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ മൂന്നാഴ്ചയ്ക്കു ശേഷവും കരളില്‍ നേരത്തെയുണ്ടായിരുന്ന മുഴകള്‍ അതേപടി തുടര്‍ന്നു.  

ഇതേ തുടര്‍ന്ന് കരളിന്റെ രോഗബാധിതമായ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നീക്കം ചെയ്ത ഭാഗത്ത് ഫ്ലാറ്റ് വേംസിന്റെ നിരവധി മുട്ടകളും കണ്ടെത്തിയിരുന്നു.

മീനിനുള്ളില്‍ ഉണ്ടായിരുന്ന ഫ്ലാറ്റ് വേംസ്, രോഗിയുടെ ശരീരത്തിലെത്തി കരളില്‍ മുട്ടയിട്ടതാവാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. സ്വന്തം നാട്ടില്‍ വെച്ച് പകുതി വേവിച്ച മീന്‍ കഴിച്ചിരുന്നതായി ഇയാള്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com