'എന്റെ ജീവന്‍ രക്ഷിച്ചവരാണ്'; അഞ്ചു കോടിയുടെ സ്വത്ത് രണ്ട് ആനകള്‍ക്ക് എഴുതിവെച്ച് ഉടമ

അഞ്ച് കോടിയുടെ സ്വത്താണ് മോട്ടി, റാണി എന്നീ പേരുകളുള്ള ആനകള്‍ക്ക് നല്‍കിയത്
'എന്റെ ജീവന്‍ രക്ഷിച്ചവരാണ്'; അഞ്ചു കോടിയുടെ സ്വത്ത് രണ്ട് ആനകള്‍ക്ക് എഴുതിവെച്ച് ഉടമ

ല തരത്തിലുള്ള ആനപ്രേമികളേയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരാള്‍ ആദ്യമായിട്ടാവും. തന്റെ സ്വത്തിന്റെ പകുതി ഭാഗം രണ്ട് ആനകള്‍ക്കായി എഴുതിവെച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു ആനപ്രേമി. ബീഹാറിലെ ജാനിപുര്‍ സ്വദേശിയായ അക്തര്‍ ഇമാം ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ആനകള്‍ക്കായി സ്വത്ത് എഴുതിവെച്ചത്.

അഞ്ച് കോടിയുടെ സ്വത്താണ് മോട്ടി, റാണി എന്നീ പേരുകളുള്ള ആനകള്‍ക്ക് നല്‍കിയത്. 12 വയസുമുതല്‍ ആനകള്‍ക്കൊപ്പമാണ് താനെന്നും കൊലപാതക ശ്രമത്തില്‍ നിന്നുപോലും തന്നെ ആന രക്ഷിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരിക്കല്‍ എനിക്കെതിരെ കൊലപാതക ശ്രമമുണ്ടായിരുന്നു. ആ സമയത്ത് ആനകള്‍ എന്നെ രക്ഷിച്ചു. കയ്യില്‍ തോക്കുമായി ഒരാള്‍ എന്റെ മുറിയില്‍ കയറുന്നതുകണ്ട എന്റെ ആന ചിഹ്നംവിളിച്ചു. അതു കേട്ട് ഞാന്‍ ഉണര്‍ന്നു. അക്രമിയെ കണ്ട് ഞാന്‍ ഒച്ചവെച്ചതോടെ അയാള്‍ ഓടിപ്പോവുകയായിരുന്നു- അക്തര്‍ പറഞ്ഞു.

രണ്ട് ആനകളും തനിക്ക് കുടുംബം പോലെയാണെന്നും അവരില്ലാതെ ജീവിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ആനകളുടെ പേരിലേക്ക് സ്വത്ത് എഴുതി വെച്ചതോടെ തന്റെ ജീവന്‍ അപകടത്തിലാണെന്നും കുടുംബം തന്നെയാണ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നുമാണ് അക്തര്‍ പറയുന്നത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 10 വര്‍ഷമായി ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകന്നു കഴിയുകയാണ് അക്തര്‍.

മകന്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ തനിക്കെതിരെയുള്ള പരാതി തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു എന്നുമാണ് അക്തര്‍ പറയുന്നത്. ഒരിക്കല്‍ മകന്‍ തന്റെ ആനയെ കള്ളക്കടത്തുകാര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നും ഭാഗ്യം കൊണ്ടാണ് പിടിയിലായത് എന്നും കൂട്ടിച്ചേര്‍ത്തു. ആനകള്‍ക്ക് പകുതി സ്വത്തും ഭാര്യയ്ക്ക് പകുതി സ്വത്തുമാണ് എഴുതിവെച്ചിരിക്കുന്ന്. ആനകള്‍ മരിച്ചു കഴിഞ്ഞാല്‍ സ്വത്ത് ഏഷ്യന്‍ എലഫന്റ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അനിമല്‍ ട്രസ്റ്റിലേക്ക് പോകും. ഈ സംഘടനയുടെ ചീഫ് മാനേജര്‍ കൂടിയാണ് അക്തര്‍ ഇമാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com