സൂര്യ ​ഗ്രഹണ ദിവസം വേണ്ടത് ജപം; പൂർണ ഫലം തരും ഈ മന്ത്രങ്ങൾ

സൂര്യ ​ഗ്രഹണ ദിവസം വേണ്ടത് ജപം; പൂർണ ഫലം തരും ഈ മന്ത്രങ്ങൾ
സൂര്യ ​ഗ്രഹണ ദിവസം വേണ്ടത് ജപം; പൂർണ ഫലം തരും ഈ മന്ത്രങ്ങൾ

റ്റൊരു സൂര്യ ഗ്രഹണം കൂടി വരികയാണ്. ജൂൺ 21 ഞായറാഴ്ചയാണ് ഇത്തവണത്തെ സൂര്യ ​ഗ്രഹണം. പലയിടത്തും വ്യത്യസ്ത രീതിയിലാകും ഗ്രഹണത്തിന്റെ തോത്. ചിലയിടങ്ങളിൽ ഇത് ഒരു വലയ സൂര്യ ഗ്രഹണമാകും, എന്നാൽ കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭാഗിക സൂര്യ ഗ്രഹണം മാത്രമേ ദൃശ്യമാകൂ. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും വലയ സൂര്യ ഗ്രഹണം ദൃശ്യമാകും.

ജൂൺ 21 ന് രാവിലെ 9.15 നാണ് സൂര്യ ഗ്രഹണത്തിന്റെ പ്രാരംഭ ഘട്ടം. ഉച്ചയ്ക്ക് 12.10 ന് ഗ്രഹണം പാരമ്യതയിലെത്തും. 3.04 ന് ഗ്രഹണ സമയം പൂർത്തിയാകും.

സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഗ്രഹണ സമയത്ത് സൂര്യ കിരണങ്ങൾ ഭൂമിയിൽ പതിക്കുമ്പോൾ പ്രകൃതിയിൽ ചില മാറ്റങ്ങൾ വരുമെന്ന് ശാസ്ത്രം പറയുന്നു. ഈ മാറ്റങ്ങൾ ജ്യോതിഷപരമായും ഓരോ ഫലങ്ങൾ ഉണ്ടാക്കുന്നവയാണ്. ​ഗ്രഹണ ദിവസം പൂർണമായും ജപത്തിനു ധ്യാനത്തിനുമായി മാറ്റിവെക്കുന്നത് ഏറെ ഉത്തമമാണെന്ന് വിദഗ്ധർ പറയുന്നു.

സൂര്യ ഗ്രഹണ സമയത്ത് ഏത് മന്ത്രങ്ങളായിക്കോട്ടെ അത് ഒരു തവണ ജപിച്ചാൽ ലക്ഷം തവണ ജപിക്കുന്നതിന്റെ ഫലം ലഭിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഗായത്രീ മന്ത്രം, സൂര്യ സ്‌തോത്രം, ആദിത്യ ഹൃദയമന്ത്രം തുടങ്ങിയവയാണ് മുഖ്യമായി ജപിക്കുന്ന മന്ത്രങ്ങൾ. ഗുരു മുഖത്ത് നിന്ന് മന്ത്രോപദേശം സ്വീകരിച്ചവർക്ക് മൂല മന്ത്രം യഥാവിധി ജപിക്കാവുന്നതാണ്. അല്ലാത്തവർ ആദിത്യ മന്ത്രം ജപിക്കുന്നതായിരിക്കും ഏറ്റവും ഉചിതം.

ഗ്രഹണം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ആരംഭിച്ച് ഗ്രഹണത്തിനു ശേഷം ഒരു മണിക്കൂർ വരെയെങ്കിലും മന്ത്ര ജപം തുടരണം. ഗ്രഹണം നടക്കുന്ന മിനിറ്റുകളിൽ മാത്രം മന്ത്ര ജപം നടത്തുന്നതിൽ ഗുണമില്ല. കുളിച്ച് ദേഹശുദ്ധി വരുത്തി വേണം ജപം ആരംഭിക്കാൻ. 108, 1008 എന്നിങ്ങനെ എത്ര ഉരു മന്ത്രം ജപിക്കാം എന്നുള്ള ധാരണം ആദ്യമേ ഉണ്ടായിരിക്കണം. ഇതിന് ഒരു പ്രധാന കാരണമുണ്ട്. ഏത് മന്ത്രങ്ങളാണെങ്കിലും എത്ര തവണ ജപിക്കണമെന്നതിന് കൃത്യമായ കണക്കുകളുണ്ട്. അവയ്ക്ക് അനുസൃതമായി ജപിച്ചെങ്കിൽ മാത്രമേ പൂർണ ഫലം ലഭിക്കുകയുള്ളു. അതിനാൽ ജപം ആരംഭിക്കുന്നതിനു മുൻപ് തന്നെ എത്ര ഉരു എന്നതിനെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം.

വീട്ടിലെ പൂജാ മുറിയിൽ ഇരുന്ന് ജപിക്കാം. പൂജാ മുറി ഇല്ലാത്തവരാണെങ്കിൽ പുറത്ത് നിന്നുള്ള ശല്യങ്ങളൊന്നും ഇല്ലാതെ മനസിനെ ഏകാഗ്രമായി നിലനിർത്താൻ സഹായിക്കുന്ന ഏത് സ്ഥലവും തെരഞ്ഞെടുക്കാം. മന്ത്രജപ സമയത്ത് മനസ് പൂർണമായും ഏകാഗ്രമായിരിക്കണം. ആരാധനാ മൂർത്തി മാത്രമായിരിക്കണം മനസിൽ നിറഞ്ഞ് നിൽക്കേണ്ടത്.

സൂര്യ ഗ്രഹണത്തിന് ഒരു മണിക്കൂർ മുൻപ് ജപം ആരംഭിച്ചാൽ ഗ്രഹണ സമയമാകുമ്പോഴേക്കും പൂർണ ഏകാഗ്രതയോടെ ജപം ഉച്ഛ സ്ഥായിയിലെത്തും ഇത് കൂടുതൽ ഗുണകരമാണ്. ഗ്രഹണം കഴിഞ്ഞ് ചുരുങ്ങിയത് ഒരു മണിക്കൂറിന് ശേഷം മന്ത്ര ജപം അവസാനിപ്പിക്കാം. പിന്നീട് കുളിച്ച് ദേഹശുദ്ധി വരുത്തിയതിനു ശേഷം മാത്രം ഭക്ഷണമോ വെള്ളമോ കഴിക്കുക. ഗ്രഹണത്തിനു ശേഷം വീടും പരിസരവും വൃത്തിയാക്കുന്നതും നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com