ബൈക്കിലൂടെ ആസ്വദിക്കാം, ഇന്ത്യയിലെ ഈ അഞ്ച് സുന്ദര സ്ഥലങ്ങള്‍; ഇന്ന് ലോക മോട്ടോര്‍ സൈക്കിള്‍ ദിനം

പ്രകൃതി സൗന്ദര്യത്തിന്റെ പുത്തന്‍ അനുഭവം പകരുന്നതാണ് മണാലി- ലേ റൂട്ടിലെ ഓരോ കാഴ്ചകളും.
ബൈക്കിലൂടെ ആസ്വദിക്കാം, ഇന്ത്യയിലെ ഈ അഞ്ച് സുന്ദര സ്ഥലങ്ങള്‍; ഇന്ന് ലോക മോട്ടോര്‍ സൈക്കിള്‍ ദിനം

ഇന്ന് ലോക മോട്ടോര്‍ സൈക്കിള്‍ ദിനം.  ഒരു തവണയെങ്കിലും ബൈക്കില്‍ ഒരു റോഡ് ട്രിപ്പ് ആഗ്രഹിക്കാത്തവര്‍ അപൂര്‍വ്വമായിരിക്കും. ഇന്ത്യയില്‍ റോഡ് ട്രിപ്പ് ആഗ്രഹിക്കുന്നവര്‍ പോകാന്‍ ആഗ്രഹിക്കുന്ന അഞ്ചു സ്ഥലങ്ങള്‍ ചുവടെ:

മണാലി- ലേ

പ്രകൃതി സൗന്ദര്യത്തിന്റെ പുത്തന്‍ അനുഭവം പകരുന്നതാണ് മണാലി- ലേ റൂട്ടിലെ ഓരോ കാഴ്ചകളും. ഓരോ വളവ് തിരിയുമ്പോഴും കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത കാഴ്ചകളാണ് പ്രകൃതി പകര്‍ന്ന് നല്‍കുന്നത്. 490 കിലോമീറ്റര്‍ റൂട്ടിലെ ഓരോ കാഴ്ചയും പുതിയ അനുഭൂതി പകരുന്നതാണ്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ജിസ്പ, സര്‍ച്ചു, ഉപ്ശി എന്നിവ വഴിയാണ് ലേയില്‍ എത്തുന്നത്.

യാത്രയ്ക്കിടെ സര്‍ച്ചുവില്‍ വിശ്രമിക്കുന്നത് അഭികാമ്യമാണ്. എത്തേണ്ട സ്ഥലമായ ലേയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ഇത് സഹായകമാകും. 17,480 അടി ഉയരത്തിലുളള ടാഗ്ലാംഗ് ലാ കടന്നുവേണം ലേയില്‍ എത്താന്‍. ഈ യാത്രയിലെ ഏറ്റവും ഉയരമുളള സ്ഥലമാണ് ടാഗ്ലാഗ് ലാ. മഞ്ഞുമൂടിയതും ദുര്‍ഘടം പിടിച്ചതുമായ വഴിയാണ്‌ ഈ യാത്രയില്‍ കാത്തിരിക്കുന്നത്.

മുംബൈ- ഗോവ

ബൈക്ക് യാത്രക്കാര്‍ റോഡ് ട്രിപ്പിനെ കുറിച്ച് മനസില്‍ ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന അഞ്ചു പാതകളില്‍ ഒന്നാണ് മുംബൈ- ഗോവ യാത്ര. 590 കിലോമീറ്റര്‍ ദൂരം. രണ്ടു രീതിയില്‍ മുംബൈയില്‍ നിന്ന് ഗോവയില്‍ എത്താം. സ്ഥിരമായി എല്ലാവരും തെരഞ്ഞെടുക്കുന്നത് പുനെ,കോലാപൂര്‍, ബെല്‍ഗാം, വഴി  ഗോവയില്‍ എത്തുന്ന റൂട്ടാണ്. എന്നാല്‍ എന്‍എച്ച്  66 വഴിയുളള യാത്രയാണ് കാഴ്ചയ്ക്ക് കൂടുതല്‍ രസം പകരുന്നത്. മണ്‍സൂണ്‍ കാലത്ത് യാത്ര ചെയ്യുന്നതാണ് ഉചിതം. പച്ചവിരിച്ചുനില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം.പനവല്‍, കോലാഡ്, സാവന്ത്വാടി എന്നിവ വഴിയാണ് ഗോവയില്‍ എത്തുക. ഒരേ സമയം മലനിരകളുടെയും അറബി കടലിന്റെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് ഈ യാത്ര തെരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രയോജനം.


ജയ്പൂര്‍- ജയ്‌സാല്‍മര്‍

മലകളും ബീച്ചുകളും ആസ്വദിക്കാനുളള മാനസികാവസ്ഥ ഇല്ലാത്തവര്‍ക്ക് തെരഞ്ഞടുക്കാവുന്നതാണ് ജയ്പൂര്‍- ജയ്‌സാല്‍മര്‍ റൂട്ട്. രണ്ടുരീതിയില്‍ ജയ്പൂരില്‍ നിന്ന് ജയ് സാല്‍മര്‍ എത്താം. നഗൗര്‍, പോഖ്‌റാന്‍ വഴിയാണ് ഒരു റൂട്ട്. 600 കിലോമീറ്ററാണ് ദൂരം. അല്ലാത്തപക്ഷം ജോദ്പൂര്‍ വഴിയും ജയ്‌സാല്‍മര്‍ എത്താം. ശൈത്യകാലത്ത് തെരഞ്ഞെടുക്കാവുന്ന റൂട്ടാണിത്. രാജസ്ഥാന്‍ മരുഭൂമി കണ്ടു കൊണ്ട് യാത്ര ചെയ്യാം എന്നതാണ് ഈ കാഴ്ചയെ കൂടുതല്‍ രസകരമാക്കുന്നത്. വളവും തിരിവും ഇല്ലാത്ത നേരായ പാതയാണ്.

ഗുവാഹത്തി- ചിറാപുഞ്ചി

പ്രകൃതി സൗന്ദര്യം മതിയാവോളം ആസ്വദിച്ച് പോകാവുന്ന റൂട്ടാണിത്. ഇരുവശവും പച്ചപ്പും വെളളച്ചാട്ടങ്ങളും നിറഞ്ഞ പാതയാണിത്. ട്രാഫിക്കും കുറവാണ്. യാത്രക്കാരനെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോകും. എപ്പോഴും മഴയാണ് ഈ പ്രദേശത്ത്. അതുകൊണ്ട് തന്നെ മഴയെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും നല്ലൊരു റൂട്ട് നിര്‍ദേശിക്കാനില്ല. തേയിലത്തോട്ടങ്ങളും കാസിരംഗ ദേശീയോദ്യാനവും കാണാം എന്നതാണ് മറ്റൊരു പ്രത്യേകത. നോഹലികായ് വെളളച്ചാട്ടം, ലിവിങ് റൂട്ട്‌സ് ബ്രിഡ്ജ്, എന്നിവ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കാവുന്ന റൂട്ടാണിത്.

ഡെറാഡൂണ്‍- ബദരീനാഥ്

തീര്‍ഥാടന ചിന്തയുളളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന റൂട്ടാണിത്. ദേവ് പ്രയാഗ്, കേദര്‍നാഥ്, ഹേംകുണ്ഡ് സാഹിബ് എന്നി പ്രധാനപ്പെട്ട സ്ഥലങ്ങള്‍ യാത്രയ്ക്കിടയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ട്രെക്കിംഗിന് താത്പര്യമുളളവര്‍ക്കും തെരഞ്ഞെടുക്കാവുന്ന പാതയാണിത്. ടൂറിസ്റ്റ് സ്‌പോട്ടായ വാലി ഓഫ് ഫഌവേഴ്‌സിലേക്ക് ട്രെക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന പാതയാണിത്.കുത്തനെയുളള മലയിടുക്ക്,ഗ്രാമങ്ങള്‍,  സസ്യജാലങ്ങളും മൃഗങ്ങളും എല്ലാം കണ്ട് ആസ്വദിച്ച് യാത്ര ചെയ്യാന്‍ കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com