'ഉണ്ണി ആരാരിരോ..., അടക്കി നിര്‍ത്തിയ വിഷമവും വേദനയുമെല്ലാം അണപൊട്ടി, അമ്മേ എന്ന് വിളിച്ച് കരഞ്ഞുപോയി'

പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയിലെവിടെയോ ഒരു മൂലയ്ക്ക് ഒതുക്കി വച്ചിരിക്കുന്ന ചില കാലഘട്ടങ്ങളും അന്നത്തെ സംഭവങ്ങളുമൊക്കെ പൊന്തി വരും
'ഉണ്ണി ആരാരിരോ..., അടക്കി നിര്‍ത്തിയ വിഷമവും വേദനയുമെല്ലാം അണപൊട്ടി, അമ്മേ എന്ന് വിളിച്ച് കരഞ്ഞുപോയി'

പാട്ടുകളുടെ കുഴപ്പമല്ല. അവയുടെ കൂടെ ടാഗ് ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ ഓര്‍മ്മകളും റെമിനിസെന്‍്‌സുകളുമാണ് പ്രശ്‌നം. കേള്‍ക്കുമ്പോള്‍ ഓര്‍മ്മയിലെവിടെയോ ഒരു മൂലയ്ക്ക് ഒതുക്കി വച്ചിരിക്കുന്ന ചില കാലഘട്ടങ്ങളും അന്നത്തെ സംഭവങ്ങളുമൊക്കെ അങ്ങ് പൊന്തി വരും.

ഞാന്‍ അങ്ങനെ ടിവി കാണാറില്ല. ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്നുള്ള ഭയവും ആശങ്കയുമാണ് അവസാനമായി ടിവിയുടെ മുന്നിലെത്തിച്ചത്. അതൊന്ന് അടങ്ങിയപ്പോ വീണ്ടും പിന്‍വലിഞ്ഞു.

കഴിഞ്ഞദിവസം അമ്മയോടൊപ്പം ഹരിപ്പാടായിരുന്നു. അമ്മ ടിവി കാണും. രാത്രിയില്‍ കൊച്ച് കുഞ്ഞുങ്ങള്‍ പാടുന്ന ഒരു പരിപാടിയാണ് അമ്മ കാണുന്നതായി ഞാന്‍ കണ്ടിട്ടുള്ളത്. ചാനലും പരിപാടിയുടെ പേരും ഇപ്പം ഓര്‍മ്മവരുന്നില്ല. എം ജി ശ്രീകുമാറും എം ജയചന്ദ്രനും ഒക്കെ ജഡ്ജസ്സായിട്ടുള്ള ഒരു പരിപാടി.

ഒരു മോള് വരുന്നു. അവള്‍ പാടാന്‍ പോകുന്നത് 'അവളുടെ രാവുകള്‍' എന്ന സിനിമയിലെ 'ഉണ്ണി ആരാരിരോ...' എന്ന പാട്ടാണെന്ന് പറഞ്ഞു. എനിക്ക് കേട്ടാല്‍ കരച്ചില്‍ വരുന്ന ഒരു പാട്ടാണത്.

ഇപ്പോഴും, അമ്പതിനോട് അടുത്തിട്ടും, ഇന്നും ഈ പാട്ട് കേട്ടാല്‍ തൊണ്ടയില്‍ ഒരു വല്യ ഭാരമുള്ള മുഴ ഇരിക്കുന്നത് പോലെ എനിക്ക് തോന്നും.

പാടാന്‍ പോകുന്ന പാട്ട് ഇതാണെന്ന് കേട്ടതും അമ്മ പതുക്കെ അടുക്കളയിലേക്ക് സ്‌കൂട്ടായി. ഞാനവിടിരുന്ന് അത് കേട്ടു. കുറേ നേരം കണ്ണ് നിറഞ്ഞ് ഒഴുകി. പിന്നെ അമ്മ അടുത്തില്ലാത്ത ധൈര്യത്തില്‍ ഇത്തിരി ഒച്ച വച്ച് തന്നെ കരഞ്ഞിട്ട് പതുക്കെ അമ്മ എന്ത് ചെയ്യുവാന്ന് പോയി നോക്കി.

അടുക്കളിയിലുണ്ട്.
അത്താഴം എടുക്കുന്നു.
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു.
ഞാന്‍ ഓടി മുറിയിലേക്ക് പോയി.


1970ല്‍ ഡിസംബര്‍ ഇരുപത്തെട്ടിനാണ് ഞാന്‍ ജനിച്ചത്. 1976 ജനുവരിയില്‍, അഞ്ച് വയസ്സായിട്ട് ഒരാഴ്ച്ചയാകുമ്പോഴേക്കും, എന്നെ കൊല്ലത്ത് ദേവമാതാ ബോര്‍ഡിങ്ങിലാക്കി. അന്ന് ICSE അധ്യയന വര്‍ഷം ജനുവരിയില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുമായിരുന്നു.

കന്യാസ്ത്രീയമ്മമാരായിരുന്നു അവിടെ എന്റെ ഫോസ്റ്റര്‍ മദേഴ്‌സ്. സ്‌നേഹം മാത്രമേ അവരില്‍ നിന്നും കിട്ടിയിട്ടൊള്ളു. എന്നാലും അമ്മയേ പിരിഞ്ഞിരിക്കുന്ന വേദനയ്ക്ക് അതൊന്നും ഒരു പരിഹാരവുമാകില്ലല്ലോ. പകരവും.

അമ്മയ്ക്കും ഏതാണ്ട് ഇത് തന്നെയായിരുന്നു സ്ഥിതി. ആദ്യം കൊല്ലത്തും പിന്നെ തിരുവനന്തപുരത്ത് സര്‍വോദയ സ്‌കൂളിലെ ബോര്‍ഡിങ്ങിലുമായിരുന്ന എന്നേ ഓരോ തവണ അവിടെയാക്കിയിട്ട് തിരിച്ച് വീടെത്തുന്നത് വരെ അമ്മ കരയുമായിരുന്നു എന്ന് പിന്നീട് അമ്മയും ഇക്കാര്യമറിയാവുന്ന ബന്ധുക്കളും പറഞ്ഞിട്ടുണ്ട്.

അമ്മ നല്ലോണം പാടും.
അന്നും.
ഇന്നും.

അന്നൊക്കെ എനിക്ക് വീട്ടിലെത്താന്‍ പറ്റുമായിരുന്നത് വല്യ അവധിക്കും, ഓണത്തിനും പൂജയ്ക്കും ക്രിസ്മസ്സവധിക്കും മാത്രമായിരുന്നു. രാത്രി അമ്മയുടെ കൂടെ കിടന്നാണ് ഉറക്കം. ഉറക്കുമ്പോ അമ്മ പാടി തരുന്ന പാട്ടുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടായിരുന്നു ഉണ്ണി ആരാരിരോ എന്ന് എസ്.ജാനകി പാടിയ ആ പാട്ട്. ഈ പാട്ടൊക്കെ പാടി തരുമ്പോള്‍ ഞാനമ്മേ നോക്കുമ്പോ പലപ്പോഴും അമ്മയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നതായി കണ്ടിട്ടുണ്ട്.

അന്നും ഇന്നും ഞാന്‍ കണ്ട കണ്ണീരൊക്കെ ഒരു പോലെ...


78ലാണ് അവളുടെ രാവുകള്‍ ഇറങ്ങുന്നത്. ഞാനന്ന് യുകെജിയിലാണ്. വലിയ അവധി കഴിഞ്ഞ് തിരിച്ചു വന്ന് കഴിഞ്ഞാല്‍ ബോര്‍ഡിങ്ങിലെ ആദ്യ കുറേ ദിവസങ്ങള്‍ വലിയ വിഷമമാണ്. രണ്ട് വര്‍ഷത്തെ വെറ്ററനായി കഴിഞ്ഞെങ്കിലും പുതിയതായി ബോര്‍ഡിങ്ങിലെത്തിയവരുടെ കരച്ചിലും വിഷമവും കാണുമ്പോ നമ്മളെത്ര അടക്കി വച്ചിരിക്കുന്ന വിഷമവും പുറത്ത് വരും.

ബെഡ് റ്റൈമായാല്‍ ഡോര്‍മിറ്ററിയില്‍ ലൈറ്റെല്ലാം കെടുത്തും. പിന്നീട് ഇരുട്ടത്ത് സ്വന്തം കരച്ചിലുകള്‍ കരഞ്ഞ് തീര്‍ത്ത് കഴിഞ്ഞാല്‍ അടുത്തുള്ള കട്ടിലുകളില്‍ നിന്ന് തലയിണകളിലേക്ക് അമര്‍ത്തിയൊളിപ്പിച്ചിട്ടും പുറത്തേക്ക് രക്ഷപ്പെട്ടു വരുന്ന കണ്ണീരില്‍ നനഞ്ഞ വിങ്ങുന്ന ഏങ്ങലുകള്‍ കേള്‍ക്കാം.
നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെയുള്ള രാത്രികളിലെ ഒമ്പത് മണികള്‍ക്ക് ഇന്നത്തേതിനേക്കാള്‍ നിശ്ശബ്ദതയുണ്ടായിരുന്നു. ഘനവും.
ദാറ്റ് ഡിഡിന്റ് ഹെല്‍പ് ഏയിതര്‍.

കരഞ്ഞ് കണ്ണൊക്കെ തളര്‍ന്നുണങ്ങിക്കഴിഞ്ഞാലും ഉറക്കം വരാന്‍ ശ്വാസത്തില്‍ നിന്നും ഏങ്ങലുകള്‍ മാറണം. അതൊരു കാത്ത് കിടപ്പാണ്. അമ്മയേയും വീടിനേയും ഒക്കെ ഓര്‍ത്ത് കിടക്കും.
അങ്ങനൊരു രാത്രി ശബ്ദമുണ്ടാക്കാതെ ഏങ്ങലിടിച്ച് കിടക്കുമ്പോഴാണ് ദൂരെ എവിടുന്നോ നിന്ന് നേര്‍ത്ത ശബ്ദത്തില്‍ ഈ പാട്ട് കേള്‍ക്കുന്നത്.

'ഉണ്ണി ആരാരിരോ...'

ഏതോ അമ്പലത്തീന്നോ മറ്റോ ആണ്.
അടക്കി നിര്‍ത്തിയ വിഷമവും വേദനയുമെല്ലാം അണപൊട്ടി, 'അമ്മേ..'ന്ന് വിളിച്ച് ഞാനൊന്നൂടി കരഞ്ഞു. ഇത്തിരി ഉച്ചത്തിലായിരുന്നു.

ഒരിക്കല്‍ അണച്ച ലൈറ്റുകളൊന്നും അഞ്ചാറ് വയസ്സുകാരുടെ അമ്മേ വിളി കേട്ടാലൊന്നും തെളിയില്ലായിരൂന്നു.
ദോസ് ക്രൈസ് വേര്‍ സോ വെരി കോമണ്‍ ദേര്‍.

ഇന്നും കൊല്ലത്തേക്ക് വരുമ്പോ കച്ചേരിമുക്കില്‍ എത്തുമ്പോള്‍ ഞാന്‍ മനപ്പൂര്‍വ്വം ആല്‍ത്തറമുക്കിലേക്കും വാടി ഭാഗത്തേക്കും ഗതിയുണ്ടെങ്കില്‍ വണ്ടി തിരിക്കില്ല. ട്രാഫിക്ക് ബ്ലോക്കുകള്‍ ഒഴിവാക്കാനായി എപ്പോഴൊക്കെയോ ആ വഴി തിരിച്ചിട്ടുണ്ടോ വാടി പള്ളിയുടേയും ദേവമാതാ കോന്‍വെന്റിന്റേയും മുന്നിലൂടെ പോകുമ്പോ എന്റെ നെഞ്ചിനകത്തിരുന്ന് ഹൃദയം പിടയും. ഒരു ബീറ്റ് മിസ്സായിട്ട് പഡപഡാന്ന് ഇടിയും കിട്ടും.
ശ്വാസം നീട്ടി വിളിച്ചാല്‍ ഏങ്ങല് വരും.
ഇന്നും.

മുഖമൊക്കെ കഴുകി ഒരു കുളീം പാസ്സാക്കിയിട്ടാണ് അമ്മയുടെ അടുത്തേക്ക് ചെന്നത്.
ദേശാടനത്തിലെ 'കളിവീടുറങ്ങിയല്ലോ...' എന്ന പാട്ടും അമ്മയ്ക്ക് ഏതാണ്ടിത് പോലെയാണ്. കേട്ട് മുഴുമിക്കന്‍ വല്യ പാടാണ്. കരയും. നെഞ്ചിനകത്ത് വലിയ ഭാരം തോന്നും.

അന്നേരം എനിക്കൊരു വാശി വന്നു. അന്ന് അമ്മയേ ഓര്‍ത്ത്, അമ്മ പാടി തരുമായിരുന്ന ആ പാട്ട് കേട്ട് നിസ്സഹായനായി കരഞ്ഞിരുന്ന ഒരു യുകെജിക്കാരന്റെ വിഷമത്തിനും കണ്ണീരിനും ഒരു പകരംവീട്ടല്‍.

ഇന്ന് അമ്മയെന്നോടൊപ്പം ഉണ്ടല്ലോ.
YouTube എടുത്തു. ഉണ്ണി ആരാരിരോ സേര്‍ച്ച് ചെയ്തു. എന്നിട്ട് അത് പ്ലേ ചെയ്തു.

ഒന്ന് മാത്രം നടന്നു.
പണ്ട് അമ്മ എന്നേ പാടി ഉറക്കിയിരുന്നപ്പോ വന്ന കണ്ണീരും, ഞാനന്ന് രാത്രി ദൂരെ നിന്ന് ആ പാട്ട് കേട്ടിട്ട് തലയിണയിലേക്ക് അമര്‍ത്തി നിശ്ശബ്ദമാക്കാന്‍ നോക്കി പരാജയപ്പെട്ട കണ്ണീരും ഒരുമിച്ച വന്നു.
സം തിങ്ങ്‌സ് നെവര്‍ ചെയ്ഞ്ച്.

പ്രശ്‌നം പാട്ടുകളുടെ കുഴപ്പമല്ല. അവയുടെ കൂടെ ടാഗ് ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ ഓര്‍മ്മകളും റെമിനിസെന്‍്‌സുകളുമാണ്.

(അമ്മയുമായുളള ഹൃദയബന്ധം ഓര്‍മ്മകളിലൂടെ വിവരിച്ച് ഡോക്ടര്‍ കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com