ഡൽഹിയിലെ നക്ഷത്രങ്ങൾ, ജലന്ധറിലെ ഹിമാലയം, തിരുവനന്തപുരത്തെ സഹ്യൻ ; ലോക്ക് ഡൗണിൽ തെളിയുന്ന പ്രകൃതിപാഠങ്ങൾ

കോവിഡ് വൈറസ് മനുഷ്യനിലേക്ക് നേരിട്ട് പടർന്നു കയറി മനുഷ്യനെ അതിവേഗം കൊന്നൊടുക്കിയപ്പോൾ കാലാവസ്ഥാവ്യതിയാനം ആരുടേയും ശ്രദ്ധയിൽപ്പെടാതെ പരോക്ഷമായി മനുഷ്യനെ ആക്രമിച്ചു കൊന്നുകൊണ്ടിരിക്കുന്നു
ഡൽഹിയിലെ നക്ഷത്രങ്ങൾ, ജലന്ധറിലെ ഹിമാലയം, തിരുവനന്തപുരത്തെ സഹ്യൻ ; ലോക്ക് ഡൗണിൽ തെളിയുന്ന പ്രകൃതിപാഠങ്ങൾ

ൽഹി നിവാസികൾ പതിറ്റാണ്ടുകൾക്കുശേഷം ആകാശത്ത് നക്ഷത്രങ്ങളെ കണ്ടു. പഞ്ചാബിലെ ജലന്ധറിലെ ജനതയ്ക്ക് ഹിമാലയം ദൃശ്യമായി. തിരുവനന്തപുരം നിവാസികൾ സഹ്യപർവ്വതം കൺകുളിർക്കെ കണ്ടു. വൈറ്റിലയിലെ ജനങ്ങൾ ദീർഘ നാളുകൾക്കുശേഷം ശുദ്ധവായു ശ്വസിച്ച് സായൂജ്യമടഞ്ഞു. ആഴ്ചകൾക്ക് മുൻപുവരെ ഇവയൊന്നും ആർക്കും സ്വപ്നത്തിൽപോലും കാണുവാൻ കഴിയാത്ത കാര്യങ്ങളായിരുന്നു. വായു മലിനീകരണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ നഗരങ്ങൾ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. അതുവരെ ഏറെ ശോചനീയമായിരുന്നു ഇന്ത്യയിലെ നഗരങ്ങളിലെ അന്തരീക്ഷ അവസ്ഥ.എന്നാൽ കോവിഡ് എന്ന മഹാമാരി ഇന്ത്യക്കാരുടെ മുന്നിൽ ഭയത്തിന്റെ പുകമറ സൃഷ്ടിച്ചതോടെ ഇന്ത്യയുടെ ആകാശവീഥിയിൽ നിന്നും മാലിന്യ പുകമറ ഒഴിയുകയായിരുന്നു. 

വായുമലിനീകരണത്തെ തുടർന്ന് ഒറ്റ ഇരട്ട സംഖ്യകൾക്കനുസരിച്ച് വാഹന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്ന നഗരമാണ് ഡൽഹി. പുകമഞ്ഞ് കാരണം പലപ്പോഴും വിമാന സർവീസുകൾ പോലും ഈ നഗരത്തിൽ നിർത്തലാക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ വായുമലിനീകരണത്തിൽ പ്രഥമ സ്ഥാനത്തുള്ള നഗരങ്ങളിലൊന്നായ ഡൽഹിയുടെ വായുഗുണനിലവാര സൂചിക (എ ക്യു ഐ ) കോവിഡ് വ്യാപനത്തിനു മുൻപ് 572 എന്ന നിലയിലേക്കെത്തിയിരുന്നു. ഇത് വായു മലിനീകരണ നിലവാരത്തിലെ ഏറ്റവും ഉയർന്ന സംഖ്യയായിരുന്നു. വായു മലിനീകരണം കാരണം ഡൽഹി നിവാസികൾ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് വിധേയരായികൊണ്ടിരുന്ന അവസരത്തിലാണ് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതും വാഹനങ്ങൾ നിരത്തുകളിൽ നിന്നും പിൻവാങ്ങുന്നതും. ലോക് ഡൗൺ പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിൽ ഡൽഹിയിലെ മലിനീകരണ തോത് 30% ആണ് കുറഞ്ഞത്. 

ലോക് ഡൗൺ ആരംഭിച്ചതിനുശേഷം ഡൽഹി മുതൽ തിരുവനന്തപുരം വരെ ഇന്ത്യയിലെ ഏകദേശം 90ൽ പരം നഗരങ്ങളിൽ വായുമലിനീകരണ തോത് കുറഞ്ഞതായാണ് പരിസ്ഥിതി പ്രവർത്തകർ അവകാശപ്പെടുന്നത്. ഡൽഹിയിലെ അന്തരീക്ഷത്തിൽ നടത്തിയ പഠനത്തിൽ വായുമലിനീകരണം ഗണ്യമായി കുറഞ്ഞതായി നാസയും വെളിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംങ് ആൻഡ് റിസെർച് നടത്തിയ പഠനത്തിൽ അഹമ്മദാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ വായു മലിനീകരണത്തിൻറെ തോത് 15 ശതമാനം കുറഞ്ഞതായി കണ്ടെത്തി .കേന്ദ്ര മലിനീകരണ ബോർഡ് 93 നഗരങ്ങളിൽ ലോക്ഡൗണിനു ശേഷം പഠനം ആരംഭിച്ചിരുന്നു. ഈ റിപ്പോർട്ടിൽ 93 നഗരങ്ങളിലും വായുമലിനീകരണം കുത്തനെ കുറഞ്ഞു തുടങ്ങിയതായാണ് രേഖപ്പെടുത്തിയത്. 

ഇന്ത്യയിൽ മാത്രമല്ല ലോക് ഡൗൺ കാലത്തു അന്തരീക്ഷവായു ഇത്രയധികം ശുദ്ധമായി കാണപ്പെട്ടത്. കോവിഡ് വൈറസിന്റെ ഉത്ഭവരാജ്യമായ ചൈനയിലും അന്തരീക്ഷ വായുവിൻറെ മലിനീകരണം വൈറസ് വ്യാപനക്കാലത്ത് ഗണ്യമായ തോതിൽ കുറഞ്ഞു. ചൈനയിലെ പ്രധാന നഗരങ്ങളിലെല്ലാം നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ദീർഘനാളത്തെ ലോക് ഡൗണിൽ അവയെല്ലാം നിശ്ചലമാകുകയായിരുന്നു. പൊതുനിരത്തുകൾ അടച്ചതോടെ ഗതാഗതവും നിശ്ചലമായി. ഫാക്ടറികൾ നിശ്ചലമായതോടെ ചൈനയിലെ പല നഗരങ്ങളിലെയും അന്തരീക്ഷത്തിലെ നൈട്രജൻ ഡൈ ഓക്‌സൈഡിൻറെ അളവ് നിലവിലുണ്ടായിരുന്നതിനേക്കാൾ 10 മുതൽ 30 ശതമാനം വരെ താഴുകയാണുണ്ടായത്. ഇന്ത്യയ്‌ക്കൊപ്പം വായുമലിനീകരണത്തിൽ മുൻപന്തിയിൽ നിന്നിരുന്ന രാജ്യമായിരുന്നു ചൈനയും. 

കാലാവസ്ഥാ നിരീക്ഷണ വെബ് സൈറ്റായ കാർബൺ ബ്രീഫിൻറെ പഠനപ്രകാരം കോവിഡ് വ്യാപനക്കാലത്ത് ചൈനയുടെ വ്യവസായ ഉ ല്പാദനത്തിൽ 15 മുതൽ 40 ശതമാനം വരെ കുറവുണ്ടായി. 2019ലെ 40 മില്യൺ ടണ്ണിൽ നിന്നും വ്യത്യസ്തമായി കോവിഡ് വ്യാപനക്കാലത്ത് ചൈനയുടെ കാർബൺ ബഹിർഗമനത്തിന് 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. യു എസ്സിലെയും ന്യൂയോർക്കിലെയും അന്തരീക്ഷത്തിന്റെ കാർബൺ വാതകങ്ങളുടെ തോതിൽ ഇക്കാലയളവിൽ 50 ശതമാനമാണ് കുറവുവന്നത്. വെബ്സൈറ്റിൻറെ റിപ്പോർട്ട് പ്രകാരം ആഗോള ആകാശത്തിൻറെ വിശാലതയിൽ കാർബൺ വാതകങ്ങളുടെ അളവ് ലോക് ഡൗൺ കാലത്ത് അവിശ്വസനീയമായ തോതിൽ കുറയുകയായിരുന്നു. ഏകദേശം 100 മില്യൺ ടണ്ണിൽ പരം കാർബൺ ഡൈ ഓക്സൈഡാണ് ലോക വ്യാപകമായി കുറഞ്ഞത്. വ്യവസായശാലകളും വാഹനങ്ങളുമാണ് അന്തരീക്ഷത്തെ മലിനമാക്കുന്നതെന്ന വിവിധ ശാസ്ത്രസംഘങ്ങളുടെ റിപ്പോർട്ടുകൾ പൂർണ്ണമായും സത്യമായിരുന്നു എന്ന വ്യക്തമായ സൂചനകളാണ് കാർബൺ ബ്രീഫിന്റെ പഠനങ്ങളിലൂടെ വെളിവായിരിക്കുന്നത്. കാർബൺ വ്യാപനത്തിന്റെ പുതിയ പഠനങ്ങളുടെ റിപ്പോർട്ടുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സമീപ ഭാവിയിൽ പുറത്തുവരുന്നതോടുകൂടി കോവിഡ് വ്യാപന കാലത്തെ രാജ്യങ്ങളിൽനിന്നുള്ള വിശദമായ പട്ടിക പുറത്തുവരും. അതോടുകൂടി മനുഷ്യനിർമ്മിത കാർബൺ വാതകങ്ങൾ ഓരോ രാജ്യങ്ങളെയും എത്രമാത്രമാണ് പ്രതികൂലമായി ഗ്രസിപ്പിക്കുന്നത് എന്നതിന്റെ ഒരു ഏകദേശചിത്രവും ലഭിക്കും. കാർബൺ വാതകങ്ങളുടെ നിയന്ത്രണത്തിൽ കൂടുതൽ ജാഗ്രത പാലിക്കുവാൻ പുതിയ റിപ്പോർട്ടുകൾ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

യൂറോപ്യൻ സ്പേസ് ഏജൻസി കോവിഡ് വ്യാപന കാലത്ത് ചൈനയുടെയും സ്പെയിനിന്റെയും ഇറ്റലിയുടെ ഉത്തര ഭാഗത്തിന്റെയും അന്തരീക്ഷ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു. ഈ രാജ്യങ്ങളിൽ നൈട്രജൻ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം വളരെ കുറഞ്ഞു വരുന്നതായാണ് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മനുഷ്യന്റെ ബുദ്ധിയിൽ നിന്നും അവന്റെ ശാസ്ത്രീയമായ അറിവുകളിൽ നിന്നും വഴുതി മാറിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിയെ സമീപഭാവിയിൽ മനുഷ്യൻ തളച്ചേക്കാം. പക്ഷെ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന കോവിഡിനെക്കാൾ ഭീകരമായ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷപെടുവാൻ മനുഷ്യന് കഴിയുമോ? കോവിഡ് വ്യാപന കാലം മനുഷ്യന് നൽകിയ മുന്നറിയിപ്പ് വളരെ വലുതാണ്, ലോകം ആഴ്ചകളോളം നിശ്ചലമായപ്പോൾ 'അന്തരീക്ഷ ശുദ്ധി' എന്ന വാക്കിന്റെ അർഥമെന്താണെന്നും 'വായു മലിനീകരണത്തിന്റെ വ്യാപ്തി' എന്താണെന്നും നാം അറിഞ്ഞു.

വായുമലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങൾ കാരണം ദശലക്ഷക്കണക്കിന് മനുഷ്യർ പലപ്പോഴായി മരിച്ചുകഴിഞ്ഞു. ലോകത്താകമാനമായി വായു മലിനീകരണം മൂലം പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാകുന്ന രോഗികളുടെ എണ്ണം അനുദിനം പെരുകുന്നു. നമ്മുടെ ഡൽഹി പോലുള്ള നഗരങ്ങളിൽ ശുദ്ധവായു വിലക്കുവാങ്ങി അല്പനേരമെങ്കിലും ശ്വസിക്കുവാൻ ജനം മുന്നോട്ടുവരുന്നു !

ശുദ്ധമായ നദികളും തടാകങ്ങളും അന്തരീക്ഷവും ഒത്തുചേർന്നപ്പോൾ അതുവരെ കേൾക്കാതിരുന്ന കിളികളുടെ നാദം ലോകം കേട്ടു. മാലിന്യമില്ലാത്ത തടാകങ്ങളിലും നദികളിലും മത്സ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ആകാശം കീഴടക്കി പറന്നു കളിക്കുന്ന പക്ഷികൾ ലോകത്തിനു വേറിട്ട അനുഭവം ആയി. നാട്ടിലും കാട്ടിലുമുള്ള സർവ്വജീവജാലങ്ങളും എപ്പോഴോ തങ്ങൾക്ക് നഷ്ടപ്പെട്ട ഉന്മേഷവും ഉത്സാഹവും വീണ്ടെടുത്തു. പ്രകൃതിയെ കൊല്ലരുത് എന്ന ഉപദേശം ജീവജാലങ്ങൾ തങ്ങളുടെ പ്രവൃത്തികളിലൂടെ കോവിഡ് ലോക്ക് ഡൗൺ കാലത്തിലെ ഓരോ ദിനത്തിലും മനുഷ്യന് നൽകിക്കൊണ്ടിരിക്കുന്നു. ഉപഭോഗാസക്തിയിൽ ആണ്ടുകിടക്കുന്ന മനുഷ്യൻ ഇനിയെങ്കിലും സ്വയം തെറ്റുകൾ തിരുത്തുവാൻ സന്നദ്ധനാകുമോ?

കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരം കാലാവസ്ഥ ഉച്ചകോടികളും ഭൗമ ഉച്ചകോടികളും നമ്മൾ നടത്തിവരുന്നു. പരസ്പരം പഴിചാരാനുള്ള അവസരത്തിനായി മാത്രമാണ് ഈ കാലമത്രയും ലോകരാജ്യങ്ങൾ ഈ വേദികളിൽ ഒത്തു ചേരുന്നതെന്ന് പ്രകൃതിയെ സ്നേഹിക്കുന്ന ഏവർക്കും അറിയാം. സമ്മേളന പ്രഹസനങ്ങൾക്കപ്പുറം കാലാവസ്ഥ വ്യതിയാനവും വായുമലിനീകരണവും തടയാനുള്ള ഒരു നടപടിയും ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന കുട്ടിയുടെ നേതൃത്വത്തിൽ കാലാവസ്ഥാവ്യതിയാനത്തിനെതിരെ മുന്നറിയിപ്പുകൾ നൽകുമ്പോൾപോലും പലരും ആ കുരുന്നുകളുടെ വാക്കുകളെ പുച്ഛത്തോടെ തള്ളിക്കളയുകയായിരുന്നു പതിവ്. എന്നാൽ കോവിഡ് വ്യാപനം അന്തരീക്ഷത്തിൽ വരുത്തിയ സുവ്യക്തമായ മാറ്റം പരിസ്ഥിതി സ്നേഹികളായ മുതിർന്നവർ മുതൽ കുട്ടികൾ വരെ വായുമലിനീകരണത്തിനെതിരെ മുൻകാലങ്ങളിൽ നടത്തിയ പോരാട്ടങ്ങൾ ശരിയാണെന്ന് സ്ഥാപിക്കുന്നു. അവരുടെ വാക്കുകൾക്ക് ലോകരാജ്യങ്ങൾ ചെവി കൊടുത്തില്ലെങ്കിൽ കോവിഡ് മഹാമാരിക്ക് ശേഷം ലോകത്ത് എന്തായിരിക്കും സംഭവിക്കുക?

നേരത്തെ സൂചിപ്പിച്ചതുപോലെ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായ പ്രത്യക്ഷ പരോക്ഷ രോഗങ്ങൾ കാരണം ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ദശലക്ഷക്കണക്കിനു ആൾക്കാർ നിരവധി രോഗങ്ങൾ ബാധിച്ചു മരിച്ചുകഴിഞ്ഞു. കോവിഡ് വൈറസ് മനുഷ്യനിലേക്ക് നേരിട്ട് പടർന്നു കയറി മനുഷ്യനെ അതിവേഗം കൊന്നൊടുക്കിയപ്പോൾ കാലാവസ്ഥാവ്യതിയാനം ആരുടേയും ശ്രദ്ധയിൽപ്പെടാതെ പരോക്ഷമായി മനുഷ്യനെ ആക്രമിച്ചു കൊന്നുകൊണ്ടിരിക്കുന്നു. കാർഷിക തകർച്ചയും ഭക്ഷ്യക്ഷാമവും ശുദ്ധജലക്ഷാമവും പല ദരിദ്രരാജ്യങ്ങളിലും പട്ടിണി മരണങ്ങൾക്കും പകർച്ചവ്യാധി വ്യാപനത്തിനും കാരണമാകുന്നു. കോവിഡ് തുടങ്ങിയതു മുതൽ വായുമലിനീകരണം ഉണ്ടായിരുന്ന സ്ഥലങ്ങളിലെ പ്രതിരോധ ശക്തി കുറഞ്ഞ മനുഷ്യരാണ് കൂടുതലായി മരിച്ചതെന്ന് പല ശാസ്ത്ര സംഘങ്ങളും ഇപ്പോഴേ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. താപനിലയിലുണ്ടാവുന്ന ഉയർച്ച താഴ്ചകൾക്കനുസരിച്ചു കോവിഡ് വൈറസിന് ശക്തി വർധനയും ശക്തി ക്ഷയവും സംഭവിക്കുന്നതും ശാസ്ത്രീയമായി തെളിയിച്ചുകഴിഞ്ഞ കാര്യമാണ്. പകർച്ച വ്യാധികൾക്ക് നിലവിലെ കാലാവസ്ഥയുമായും കാലാവസ്ഥാവ്യതിയാനവുമായും പ്രത്യക്ഷ പരോക്ഷ ബന്ധമുണ്ടെന്നാണ് നിലവിലെ സംഭവ വികാസങ്ങൾ നൽകുന്ന സൂചന. കോവിഡ് വ്യാപനം അവസാനിക്കുന്നതോടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങളും, മരണങ്ങളും പൂർവ്വാധികം വർദ്ധിക്കുവാനുള്ള സാധ്യതയുമേറെയാണ്.

യു.എസ്സിലെ അരിസോണ യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ പറയുന്നത് കാലാവസ്ഥാ വ്യതിയാനം മൂലം 2070 ഓടെ ഭൂമിയിലെ മൂന്നിലൊന്നു സസ്യ ജന്തു ജാലങ്ങൾക്ക് വംശനാശം സംഭവിക്കുമെന്നാണ്. ഭൂമിയിലെ നിലവിലെ സംതുലിതാവസ്ഥ പൂർണ്ണമായും താളം തെറ്റുവാൻ ഈ വംശനാശാനുപാതം ധാരാളമാണ്. പത്തിനം കീടങ്ങൾ നശിക്കുമ്പോൾ പത്തിനം രോഗങ്ങൾ മനുഷ്യനെ തേടിവരുമെന്ന പാഠം നാം മുൻപേ പഠിച്ചുകഴിഞ്ഞതാണ്. ഇപ്പോൾ തന്നെ ഭൂമിയിലെ നിരവധി ജീവിവർഗ്ഗങ്ങൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെയും വായുമലിനീകരണത്തിന്റെയും ഫലമായി ജീവിവർഗ്ഗങ്ങൾ ഒന്നൊന്നായി ഭൂമുഖത്തുനിന്നും വിടവാങ്ങുമ്പോൾ മനുഷ്യവംശം മാത്രമായി എങ്ങനെയാണു ഭൂമിയിൽ നിലനിൽക്കുക? യഥാർഥത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പാരമ്യത്തിൽ എന്താവും സംഭവിക്കുക? മറ്റു ജന്തു വിഭാഗങ്ങൾ അപ്രത്യക്ഷമാകുന്നതോടൊപ്പം മനുഷ്യരിൽ നല്ലൊരു വിഭാഗവും അപ്രതീക്ഷിതമായി ഉടലെടുക്കുന്ന പകർച്ചവ്യാധികൾ കാരണവും പ്രതിരോധിക്കുവാൻ കഴിയാത്ത മറ്റു രോഗങ്ങൾ കാരണവും ഭൂമുഖത്തുനിന്നും ക്രമാനുക്രമം അപ്രത്യക്ഷമാകും. പല രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭാഷ്യക്ഷാമം രൂക്ഷമായി, ജനകോടികൾ മരിക്കും. ഭക്ഷണത്തിനും ശുദ്ധജലത്തിനും വേണ്ടി കലാപങ്ങൾ അരങ്ങേറും, രാജ്യങ്ങൾ ദുർബലമാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യും. തുടർന്നുള്ള കാര്യങ്ങൾ പ്രവചനാതീതമായിരിക്കും. അങ്ങനെ കോവിഡ് എന്ന മഹാമാരിയേക്കാൾ വലിയൊരു മഹാമാരിക്ക് കീഴടങ്ങാതിരിക്കേണ്ടതിന് മനുഷ്യവംശം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെയും വായുമലിനീകരണത്തെയും ഒരേ നുകത്തിൽ തളച്ചു കീഴ്പെടുത്തിയില്ലെങ്കിൽ മനുഷ്യന്റെ മുന്നിൽ നിന്നും 'ഭാവികാലം' എന്ന വാക്കുതന്നെ വിദൂരഭാവിയിൽ അപ്രത്യക്ഷമാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com