നമുക്ക് വിളിച്ചു പറയാം, വരുംകാല മഹാമാരികള്‍ പ്രതിരോധിക്കുവാന്‍ കേരളം തന്നെ മികച്ച മാതൃക 

കേരളം വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാശ്ചാത്യരാജ്യങ്ങള്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്
നമുക്ക് വിളിച്ചു പറയാം, വരുംകാല മഹാമാരികള്‍ പ്രതിരോധിക്കുവാന്‍ കേരളം തന്നെ മികച്ച മാതൃക 

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെപ്പറ്റിയുള്ള ഗവേഷണവിവരങ്ങള്‍ ലോക രാജ്യങ്ങളുമായി പങ്കുവയ്ക്കുവാന്‍ ചൈന ഇപ്പോഴും വിമുഖത കാണിച്ചു കൊണ്ടിരിക്കുന്നു. നിരന്തരമായ ഗവേഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു എന്നുപറയുന്ന ചൈന യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ കൈകോര്‍ക്കാന്‍ തയ്യാറാകുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട തങ്ങളുടേതായ ഗവേഷണങ്ങളും അവയുടെ ഫലങ്ങളും തങ്ങള്‍ക്ക് മാത്രമായി രഹസ്യമായി സൂക്ഷിക്കാനുള്ളതാണ് എന്ന നയത്തിലൂടെ ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ചൈന ചെയ്തുകൊണ്ടിരിക്കുന്നത്.

ചൈനയില്‍ നിന്നുമാണ് ഈ മഹാമാരിയുടെ ഉത്ഭവമെന്ന് ലോകത്തിന് ആദ്യമേ മനസ്സിലായ കാര്യമാണ്. എന്നാല്‍ അത് അംഗീകരിക്കുവാന്‍ ആ രാജ്യത്തിലെ ഭരണകൂടത്തിന് ഇപ്പോഴും വൈമുഖ്യം ആണ്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ യുഎസ്സിനുമേല്‍ മഹാമാരിയുടെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കുവാന്‍ ചൈന ശ്രമിച്ചുവെങ്കിലും അത് വിഫലമാകു കയാണുണ്ടായത്. ഏത് സ്‌പോട്ടില്‍ നിന്നും ഏത് ജീവി വര്‍ഗ്ഗത്തില്‍ നിന്നും വൈറസ് ഉണ്ടായി എന്ന ചോദ്യം ഗവേഷണത്തിലെ ഒരു നിര്‍ണായക ഘടകം ആയിരുന്നിട്ടുകൂടി വ്യക്തമായ ഉത്തരം നല്‍കാതെ ചൈന മുഖം തിരിഞ്ഞു നില്‍ക്കുന്നത് ആശങ്കകള്‍ക്ക് ഇടയാക്കുന്നു. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയില്‍ നിന്നും ലോകജനതയെ രക്ഷിക്കുവാനായി ആദ്യം മുന്നോട്ടു വരാന്‍ ബാധ്യതയുള്ള രാജ്യം ചൈനയാണ്. കോവിഡ് വൈറസിന്റെ പ്രഭവസ്ഥാനം ചൈനയിലാണ്. തങ്ങള്‍ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ യഥാസമയം ലോകരാജ്യങ്ങള്‍ക്ക് കൈമാറി അവര്‍ക്കൊപ്പം പങ്കുചേര്‍ന്നുകൊണ്ടും നേതൃത്വം നല്‍കികൊണ്ടും ലോകത്തെ രക്ഷിക്കുവാനുള്ള ധാര്‍മിക മര്യാദ ചൈനയ്ക്കുണ്ട്. തങ്ങളുടെ നയങ്ങള്‍ സ്വന്തം രാജ്യത്തിലെ  ജനങ്ങളില്‍ ഏകപക്ഷീയമായി അടിച്ചേല്പ്പിക്കുന്നതിനു തുല്യമായ സമീപനമാണ് ചൈന കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ലോക ജനതയോട് കാണിച്ചുകൊണ്ടിരിക്കുന്നത്. ധാര്‍ഷ്ട്യം നിറഞ്ഞ ഈ സമീപനത്തിലൂടെ താല്‍ക്കാലികനേട്ടങ്ങള്‍ക്കായി ലോകജനതയുടെ ജീവന്‍ കൊണ്ട് ചൈന പന്താടുകയാണ്.

കോവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് നടത്തുന്ന പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു പോലും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ചൈനയിലെ സര്‍വകലാശാലകള്‍ നടത്തുന്ന ഗവേഷണഫലങ്ങള്‍ പുറത്തു വിടുന്നതിനാണ് ചൈന ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ട് ലോകരാജ്യങ്ങളെ പിണക്കിക്കൊണ്ട് ചൈന ഇങ്ങനെ ഒരു നിലപാട് എടുക്കുന്നു? ചൈനയിലെ സര്‍വകലാശാലകളിലെ ഗവേഷണ സംഘങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ പലതും വൈറസിന്റെ  കാര്യത്തില്‍ ചൈന  മുന്‍കാലങ്ങളില്‍ ഉന്നയിച്ചിരുന്ന അവകാശവാദങ്ങളെ തള്ളിക്കളയുന്നവയായിരുന്നു. എന്തിനാണ് ചൈന തുടര്‍ച്ചയായി ലോകത്തെ  തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്? തങ്ങളുടെ രാജ്യം കോവിഡ് വിമുക്തമാണെന്നു പ്രഖ്യാപിച്ചുകൊണ്ടും ജനജീവിതം സാധാരണ നിലയില്‍ ആക്കികൊണ്ടും വ്യവസായശാലകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിച്ചു കൊണ്ടും ചൈന ലോകത്തിനു നല്‍കുന്ന സന്ദേശം എന്താണ്? കോവിഡ് ആഘാതത്തില്‍ ലോകജനത നിശ്ചലമാകുകയും പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തകര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വരുവാനാണോ ചൈനയുടെ പദ്ധതി?

ചൈനയില്‍ ഉദ്ഭവിച്ച കോവിഡ് മൂലം ലോകം നട്ടംതിരിയുമ്പോള്‍ വൈറസിന്റെ 'ഉല്‍പ്പാദക രാജ്യം' പ്രതിസന്ധി നിറഞ്ഞ അവസരത്തെ മുതലെടുത്തുകൊണ്ട് ആരോഗ്യമേഖലയിലെ അന്താരാഷ്ട്രവിപണിയില്‍ നിന്നും സഹസ്രകോടികള്‍ ലാഭം കൊയ്യുവാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'തങ്ങള്‍ സൃഷ്ടിച്ച വൈറസില്‍ നിന്നും തങ്ങള്‍ക്ക് സാമ്പത്തികനേട്ടം' എന്നതാണ് അവരുടെ സമീപനം. കോവിഡ് ആക്രമണത്തില്‍ നിന്നും സ്വയം ഉയര്‍ത്തെഴുന്നേറ്റു എന്ന് അവകാശപ്പെടുന്ന ചൈന ലോകവ്യാപകമായി കോവിഡ് പ്രതിരോധത്തിനുള്ള സാമഗ്രികളുടെ കയറ്റുമതിയിലൂടെ ഏകദേശം 11,000 കോടി രൂപയുടെ വ്യാപാരം ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ലോക ജനത നിശ്ചലാവസ്ഥയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ചൈനയിലെ വ്യവസായശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു. നിശ്ചലാവസ്ഥ ലോകത്തില്‍ സൃഷ്ടിക്കുന്ന അടിയന്തര അവശ്യസാധനങ്ങളുടെ ആവശ്യകതയും ഭാവിയിലെ അവശ്യസാധനങ്ങളുടെ ആവശ്യകതയും മനസ്സിലാക്കി കൊണ്ട് വ്യക്തമായ പദ്ധതികളോടെയായിയിരുന്നു ചൈന വ്യവസായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. കോവിഡ് ഏത് വര്‍ഗ്ഗത്തില്‍ പെട്ട ജീവിയില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന കാര്യം ചൈന നിരന്തരം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഒറ്റ ലക്ഷ്യമേ ഉള്ളൂ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അത് മറ്റൊന്നുമല്ല, ലോകരാജ്യങ്ങളുടെ ഗവേഷണങ്ങളെ പരമാവധി നീട്ടി കൊണ്ടു പോകുക. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആഗോള സാമ്പത്തിക നിശ്ചലാവസ്ഥയില്‍ നിന്നും ഉരിത്തിരിഞ്ഞുവരുന്ന മനുഷ്യാവശ്യങ്ങളുടെ വിപണിക്ക് അനുസൃതമായി ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം കൂട്ടുക. മറ്റു സാമ്പത്തിക ശക്തികള്‍ നിശ്ചലമാകുന്ന അവസ്ഥയില്‍ ഒറ്റയ്ക്ക് ഓടി ജേതാവ് ആകുക. വ്യക്തമായ സാമ്പത്തിക സാമ്രാജ്യത്വ അജണ്ടയുമായി നടത്തുന്ന ഈ നീക്കത്തിലൂടെ ചൈന സ്വായത്തമാക്കുവാന്‍ പോകുന്ന  സാമ്പത്തികനേട്ടങ്ങള്‍ എത്രമാത്രം വലുതാണെന്ന് കാത്തിരുന്ന കാണുകയേ നിവൃത്തിയുള്ളൂ. യുഎസിനുമേല്‍ പഴിചാരി അവരെ പ്രകോപിപ്പിച്ചുകൊണ്ടും പകര്‍ച്ചവ്യാധിയുടെ വ്യാപനത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടും പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനത്തില്‍ ചൈന കാണിക്കുന്ന ഈ 'ശുഷ്‌കാന്തി' കാണുമ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചതിക്കുഴിയില്‍ വീഴുകയായിരുന്നോ എന്ന സംശയം പലരും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. 

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലുള്‍പ്പെടെ പല ദേശീയ അന്തര്‍ദേശീയ കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുന്നതില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും യുഎസ് തുറന്ന വാതിലുകളുള്ള ശക്തമായ ഒരു ജനാധിപത്യ രാജ്യമാണ്. ആഗോള പ്രവര്‍ത്തന രംഗങ്ങളില്‍ ഒരുപരിധിവരെയെങ്കിലും ജനാധിപത്യ മര്യാദകള്‍ മറ്റു ജനാധിപത്യ രാജ്യങ്ങളോട് പാലിക്കുവാന്‍ ആ രാജ്യം ശ്രമിക്കാറുണ്ട്. യുഎസ് എന്ന രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ആഗോള വ്യവസായ കുത്തക ലോബികളുടെ സമ്മര്‍ദ്ദങ്ങളാണ്. അവരുടെ മുന്നില്‍ പലപ്പോഴും ഭരണാധികാരികള്‍ നിരായുധരാകാറുമുണ്ട് ആ ഒരു ഘടകം മാറ്റി നിര്‍ത്തി ഒന്ന് ചിന്തിച്ചു നോക്കൂ... ആഗോള സാമ്പത്തികമേല്‍ക്കോയ്മ ചൈന കൈവശപ്പെടുത്തുന്ന അവസ്ഥ സംജാതമാകുകയാണെങ്കില്‍ ഇന്ത്യയും യുഎസും ഉള്‍പ്പെടെയുള്ള തുറന്ന ജനാധിപത്യവും തുറന്ന സമ്പദ്‌വ്യവസ്ഥയുമുള്ള രാജ്യങ്ങള്‍ ചൈന പോലുള്ള 'അസഹിഷ്ണുത' കൈമുതലായുള്ള രാജ്യങ്ങളുമായാകും കടുത്ത 'സാമ്പത്തിക യുദ്ധത്തില്‍' ഏര്‍പ്പെടേണ്ടിവരുക. നിലവില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന 'മത്സരം' പോലെയായിരിക്കില്ല അത്. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയും യുഎസും അടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക രംഗത്ത് നല്‍കേണ്ടിവരുന്ന വില എന്തായിരിക്കും? കോവിഡ് വ്യാപന കാലത്ത് ചൈന  കൈക്കൊണ്ടിരിക്കുന്ന സമീപനങ്ങള്‍ കാണുമ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.

ചൈന പുലര്‍ത്തുന്ന നിസ്സംഗതയ്ക്കും പരോക്ഷമായ നിസ്സഹകരണങ്ങള്‍ക്കുമിടയിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് മഹാമാരിയെ ഉന്മൂലനം ചെയ്യാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ലോകത്തെ പിടിച്ചുകുലുക്കിയ ഈ മഹാമാരിയെ തീര്‍ച്ചയായും അധികം വൈകാതെ തന്നെ ലോകജനത പിടിച്ചുകെട്ടുക തന്നെചെയ്യും. ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം 70 വാക്‌സിനേഷന്‍  പരീക്ഷണങ്ങള്‍ ലോകവ്യാപകമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ മൂന്നെണ്ണം മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. സമീപഭാവിയില്‍തന്നെ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാനാകും എന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

പരമാവധി സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് പ്രതിരോധ വാക്‌സിന്‍ കണ്ടു പിടിക്കുന്നത് വരെ രോഗവ്യാപനം തടയാനുള്ള പ്രധാന പോംവഴി. അത് കൃത്യമായും പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാമെന്ന് കേരളം ലോകത്തിന് കാട്ടിക്കൊടുത്തു കൊണ്ടിരിക്കുന്നു. കേരളം വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാശ്ചാത്യരാജ്യങ്ങള്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്.

പതിറ്റാണ്ടുകളായി പടുത്തുയര്‍ത്തിയ ബൃഹത്തായ ആരോഗ്യപരിപാലന ശൃംഖലയും പ്രതിസന്ധികളില്‍ ഒരേ മനസ്സോടുകൂടിയും പരസ്പര സഹകരണത്തോടുകൂടിയും പോരാടുവാന്‍ കഴിയുന്നു എന്നുള്ളതുമാണ് കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടം. പ്രാദേശിക പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങളില്‍ തുടങ്ങി മെഡിക്കല്‍ കോളജുകള്‍ വരെയുള്ള മേഖലകളിലെ ഗവണ്‍മെന്റിന്റെ നിക്ഷേപങ്ങളും നിയന്ത്രണങ്ങളും ആരോഗ്യ സേവന മേഖലയിലെ പരിശീലനം സിദ്ധിച്ച മികച്ച പ്രവര്‍ത്തകരും പ്രതിസന്ധികളില്‍ സേവന സന്നദ്ധരായി ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്ന രാഷ്ട്രീയ സന്നദ്ധസംഘടനകളും  മികച്ച സംരക്ഷണം നല്‍കുന്ന പൊലീസ് സംവിധാനവും ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വബോധവും ഒത്തുചേര്‍ന്ന ഒരു ശൃംഖലയാണ് പകര്‍ച്ചവ്യാധി വ്യാപന ഘട്ടത്തില്‍ കേരളത്തില്‍ ശക്തമായ സംരക്ഷണ കവചം ഒരുക്കുന്നത്. ആരോഗ്യമേഖലയില്‍ കുത്തകകള്‍ക്ക് പ്രാധാന്യമുള്ള പാശ്ചാത്യനാടുകളില്‍ ഇങ്ങനെയൊരു സംവിധാനം ചിന്തിക്കുവാന്‍ പോലും കഴിയാത്ത കാര്യമായിരിക്കാം. ആരോഗ്യ പ്രതിസന്ധിഘട്ടത്തില്‍ കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് അവര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. വരുംകാല മഹാമാരികള്‍ പ്രതിരോധിക്കുവാന്‍ കേരളം തന്നെയാണ് ഏറ്റവും നല്ല മാതൃകയെന്ന് നമുക്ക് നിസ്സംശയം ലോകത്തോട് പറയാം. കൂട്ടായ്മയാണ് ഏറ്റവും വലിയ ശക്തിയെന്ന് അവര്‍ തിരിച്ചറിയട്ടെ ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com