മെട്രോയിൽ പാലൊഴിച്ച് ടിക് ടോക് സ്റ്റാറിന്റെ പ്രാങ്ക്; പേടിച്ച് മാറി സഹയാത്രികർ; അറസ്റ്റു ചെയ്യണമെന്ന് ആവശ്യം; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th May 2020 03:28 PM |
Last Updated: 17th May 2020 03:33 PM | A+A A- |
ലോകം കൊറോണ ഭീതിയിൽ നിൽക്കെ പ്രാങ്ക് വിഡിയോയുമായി ഇറങ്ങി ടിക് ടോക് താരത്തിനെതിരെ രൂക്ഷ വിമർശനം. ടിക്ടോക്കർ ജോഷ് പോപ്കിന്റെ തമാശയാണ് അസ്ഥാനത്തായത്. ന്യൂയോർക്കിലെ മെട്രോ യാത്രയ്ക്കിടെ ജോഷ് കയ്യിലെ പ്ലാസ്റ്റിക് പാത്രത്തിലെ പാലും ധാന്യങ്ങളും നിലത്തേക്ക് ഒഴിക്കുകയായിരുന്നു. സഹയാത്രികർ മാസ്ക് അണിഞ്ഞ് കോവിഡ് ഭീതിയിൽ നിൽക്കുന്നതിനിടെയായിരുന്നു സംഭവം. എന്തായാവും വലിയ വിവാദങ്ങൾക്കാണ് വിഡിയോ വഴിതുറന്നത്.
മെട്രോയിൽ വച്ച് പാലും ധാന്യവും വലിയൊരു പ്ലാസ്റ്റിക് പാത്രത്തിൽ കൂട്ടിച്ചേർത്ത് കഴിക്കുകയും അത് അബദ്ധത്തിൽ കയ്യിൽ നിന്ന് നിലത്തു വീഴുന്നതായി അഭിനയിക്കുകയായിരുന്നു ഇയാൾ. ഇതു കണ്ട് യാത്രക്കാർ ഞെട്ടുകയും എല്ലാവരും അവിടെ നിന്ന് എണീറ്റു പോവുകയും ചെയ്തു. എല്ലാവരും അകന്നു മാറിയതോടെ താഴെ വീണത് കൈകൊണ്ട് വാരി ഇയാൾ പാത്രത്തിലിട്ട് അടുത്ത സ്റ്റേഷനിൽ ഇറങ്ങി. ടിക് ടോക്കിലാണ് ജോഷ് തന്റെ തമാശ പങ്കുവെച്ചത്.
does he think this shit is funny.... pic.twitter.com/tXTRJXUGjr
— s (@saltyarab) May 12, 2020
മുൻ വിഡിയോകൾക്ക് കിട്ടിയതുപോലെ കയ്യടികളല്ല ചീത്തവിളിയാണ് ഇയാൾക്ക് കിട്ടിയത്. മനുഷ്യർ കോവിഡ് ഭീതിയിലൂടെ കടന്നു പോകുന്നതിനിടെ വികലമായ തമാശകൾ ചെയ്യുന്നത് മാനസിക വൈകല്യമാണ് എന്നായിരുന്നു ചിലരുടെ പ്രതികരണം. വിഡിയോ കണ്ട മെട്രോ അധികൃതരും വിമർശനവുമായി എത്തി. രോഗഭീതി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ വൃത്തിയാക്കുന്ന ജോലി അവശ്യ സർവീസ് ആയിരിക്കുകയാണ്. അതിനിടയിൽ നിങ്ങളുടെ അവശിഷ്ടങ്ങളും വൃത്തിയാക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്ന പ്രവൃത്തി നികൃഷ്ടമാണ് എന്നായിരുന്നു വിഡിയോ പങ്കുവച്ചുകൊണ്ട് മെട്രോ അധികൃതർ ട്വീറ്റ് ചെയ്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ ഇയാൾ വിഡിയോ പിൻവലിച്ചു മാപ്പു പറഞ്ഞു. താനൊരു വിഡ്ഢിയാണെന്നും ചെയ്തതു തെറ്റാണെന്നു സമ്മതിക്കുന്നതായും ഇയാൾ പറഞ്ഞു. തന്റെ പ്രവൃത്തി മൂലം ബുദ്ധിമുട്ടിയ എല്ലാവരോടും മാപ്പു പറയുന്നതായും ലോകം ഭീതിയോടെ കടന്നു പോകുമ്പോൾ എല്ലാവരേയും ചിരിപ്പിക്കുന്ന വിഡിയോ ചെയ്യാനായിരുന്നു ശ്രമമെന്നും യുട്യൂബിൽ പങ്കുവച്ച വിഡിയോയിൽ പോപ്കിൻ വിശദീകരിച്ചു. 33 ലക്ഷത്തോളം ഫോളോവേഴ്സാണ് ഇയാൾക്കുള്ളത്.