കോവിഡ് കാല ഇന്ത്യയുടെ നേര്‍ചിത്രമായി മാറിയ ആ മുഖം...; ഒടുവില്‍ അയാള്‍ ഭാര്യയേയും മകളേയും കണ്ടു

കോവിഡ് കാലത്തെ ഇന്ത്യയുടെ ദയനീയ മുഖമായി മാറിയ ഒരു ചിത്രമായിരുന്നു മകന്റെ മരണവാര്‍ത്ത കേട്ട് വഴിയരികില്‍ പൊട്ടിക്കരയുന്ന കുടിയേറ്റ തൊഴിലാളിയുടേത്
കോവിഡ് കാല ഇന്ത്യയുടെ നേര്‍ചിത്രമായി മാറിയ ആ മുഖം...; ഒടുവില്‍ അയാള്‍ ഭാര്യയേയും മകളേയും കണ്ടു

കോവിഡ് കാലത്തെ ഇന്ത്യയുടെ ദയനീയാവസ്ഥ തുറന്നുകാട്ടിയ ഒരു ചിത്രമായിരുന്നു മകന്റെ മരണവാര്‍ത്ത കേട്ട് വഴിയരികില്‍ പൊട്ടിക്കരയുന്ന കുടിയേറ്റ തൊഴിലാളിയുടേത്. ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി ദിവസങ്ങള്‍ കഴിഞ്ഞ് 38കാരനായ റാംപുകാര്‍ പണ്ഡിറ്റ് എന്ന ബിഹാറുകാരന് സ്വന്തം വീട്ടുകാരെ കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അയാള്‍ ഭാര്യയെയും മകളെയും കണ്ടു. 

ഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ ബെഗുസരായിലേക്ക് നടക്കവെയാണ് പണ്ഡിറ്റ് തനിക്ക് പുതിയയാതി പിറന്ന മകന്‍ മരിച്ച വിവരം അറിഞ്ഞത്. മകനെ ഒരുനോക്ക് കാണാനാകാതെ തളര്‍ന്നു കരയുന്ന പണ്ഡിറ്റിന്റെ ചിത്രം പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് ആണ് പകര്‍ത്തിയത്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കിലോമീറ്ററുകള്‍ നടക്കുന്ന തൊഴിലാളികളുടെ പ്രതീകമായി ഈ ചിത്രം മാറി. 

ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ, സര്‍ക്കാര്‍ ഇടപെട്ടു. ശ്രമിക് ട്രെയിനില്‍ ബിഹാറിലെത്തിച്ച പണ്ഡിറ്റിനെ ബെഗുസരായിലെ ഒരു സ്‌കൂളില്‍ ക്വാറന്റൈന്‍ ചെയ്തു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചിത്രം വൈറലായി കഴിഞ്ഞ് മൂന്നുദിവസം കാത്തിരിക്കേണ്ടിവന്നു പണ്ഡിറ്റിന് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാനായി. ആരോഗ്യസ്ഥിമതി മോശമായ പണ്ഡിറ്റിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവാണ്. 

ആശുപത്രിയിലെത്തിയാണ് റാംപുകാറിനെ ഭാര്യയും മകളും അദ്ദേഹത്തെ കണ്ടത്. എന്നാല്‍ അടുത്തുവരാന്‍ സാധിച്ചില്ല. പണ്ഡിറ്റിന് ഭക്ഷണവുമായാണ് ഇവര്‍ എത്തിയത്. പക്ഷേ ആരോഗ്യം മോശമായതിനാല്‍ കഴിക്കാന്‍ സാധിച്ചില്ല. 

'ഞങ്ങള്‍ കരയുകയായിരുന്നു. ഞങ്ങള്‍ക്ക് കെട്ടിപ്പിടിക്കണം എന്നുണ്ടായിരുന്നു. എനിക്കെന്റെ മകളെ എടുക്കണം എന്നുണ്ടായിരുന്നു...പക്ഷേ അകലം പാലിച്ച് നിന്ന് പത്തുമിനിറ്റ് സംസാരിക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു...'- പണ്ഡിറ്റ് പറയുന്നു. 

ഞാന്‍ ഒരുപാട് അവശനാണ്. ഞാനാണ് എന്റെ കുടുംബത്തിന്റെ ഏക അത്താണി. പക്ഷേ ഞാനിപ്പോള്‍ വീണിരിക്കുന്നു... എനിക്ക് സഹായം വേണം... എന്നെപ്പോലുള്ള തൊഴിലാളികളെ രക്ഷിക്കാനായി ഞാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുയാണ്...'-പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com