അതി സാഹസികത; കുഞ്ഞിന്റെ ജീവന്‍ ഇങ്ങനെ പണയപ്പെടുത്തരുത്; നെഞ്ചിടിപ്പിക്കുന്ന വീഡിയോ

അതി സാഹസികത; കുഞ്ഞിന്റെ ജീവന്‍ ഇങ്ങനെ പണയപ്പെടുത്തരുത്; നെഞ്ചിടിപ്പിക്കുന്ന വീഡിയോ
അതി സാഹസികത; കുഞ്ഞിന്റെ ജീവന്‍ ഇങ്ങനെ പണയപ്പെടുത്തരുത്; നെഞ്ചിടിപ്പിക്കുന്ന വീഡിയോ

ന്യൂയോർക്ക്: കോവിഡ് 19 വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളും പ്രതിരോധത്തിനായി ലോക്ക്ഡൗൺ നിർദ്ദേശിക്കുകയാണ് ചെയ്തത്. വീട്ടിൽ അടച്ചിരിക്കുന്നത് പലർക്കും വിരസമാണെങ്കിലും അതിനോട് പൊരുത്തപ്പെടുകയല്ലാതെ മറ്റ് നിവൃത്തിയൊന്നുമില്ലായിരുന്നു. എന്നാൽ കൊച്ചു കുട്ടികളുടെ കാര്യമോ. അവരെ സംബന്ധിച്ച് വൈറസോ, രോ​ഗത്തിന്റെ കാഠിന്യമോ ഒന്നും പറഞ്ഞാൽ മനസിലായെന്നു വരില്ല. 

കുഞ്ഞുങ്ങൾക്ക് പാർക്കിലും മറ്റും പോകുന്നത് തന്നെയാണ് സന്തോഷം നൽകുക. അതിന് വഴിയില്ലാതെ വന്നതോടെ സ്വന്തം വീട്ടിൽ കുട്ടികളുടെ സന്തോഷത്തിനായി പലതും ചെയ്യുകയാണ് മാതാപിതാക്കൾ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

അമേരിക്കയില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. മെക്‌സിക്കന്‍ ഹെറാള്‍ഡ് ജേർണലിസ്റ്റ് ജൊനാഥന്‍ പാഡില തന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമാണിത്. ഒരു വന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ എട്ടാം നിലയില്‍ കുഞ്ഞിനെ ഊഞ്ഞാലിലിരുത്തിശക്തിയിൽ ആട്ടുകയാണ് ഒരാൾ. ഇത് കുഞ്ഞിന്റെ അച്ഛനാണെന്നതില്‍ വ്യക്തതയില്ല. പക്ഷേ ആരാണെങ്കിലും അത് ശുദ്ധ മണ്ടത്തരവും അപകടം പിടിച്ചതുമായ വിനോദമായിപ്പോയി എന്നാണ് വീഡിയോ വൈറലായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായം. 

വളരെ ശക്തിയോടെ കുഞ്ഞിനെ ഊഞ്ഞാലില്‍ ആട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷം കുഞ്ഞിന്റെ കൈയൊന്ന് അയഞ്ഞു പോയാല്‍ എട്ടാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞ് താഴേക്ക് ചിതറി വീഴും. നെഞ്ചിടിക്കുന്ന ഈ വീഡിയോ ഒരു മുന്നറിയിപ്പെന്ന തരത്തിലാണ് ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. 

 'പാര്‍ക്കില്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നോര്‍ത്ത് നിങ്ങളൊരിക്കലും നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ ഇങ്ങനെ പണയപ്പെടുത്തി കളിക്കരുത്...' എന്നാണ് ഒരാൾ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. 

കുഞ്ഞുങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലാകുന്നില്ലെങ്കില്‍ അവരെ മാതാപിതാക്കള്‍ അവ പറഞ്ഞുപഠിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച്, അവരുടെ വാശികള്‍ക്ക് മുമ്പില്‍ വരും വരായ്കകളെ കുറിച്ചോര്‍ക്കാതെ ഇത്തരത്തില്‍ വഴങ്ങിക്കൊടുക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. മാത്രമല്ല  കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തെ ദോഷമായി ബാധിക്കുക കൂടി ചെയ്യുമെന്നും വീഡിയോയോട് പ്രതികരിച്ച ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com