കൂടെ കളിക്കാന്‍ വരാത്തത് എന്താണ്? കടലില്‍ നിന്ന് സമ്മാനങ്ങളുമായി മനുഷ്യരെ തേടിയെത്തി ഡോള്‍ഫിനുകള്‍

ഏറെ നാളായിട്ടും തങ്ങളുടെ സുഹൃത്തുക്കളെ കാണാതായതോടെ ആഴക്കടലില്‍ നിന്ന് മനുഷ്യരെ തേടിയെത്തിയിരിക്കുകയാണ് ഡോള്‍ഫിനുകള്‍
കൂടെ കളിക്കാന്‍ വരാത്തത് എന്താണ്? കടലില്‍ നിന്ന് സമ്മാനങ്ങളുമായി മനുഷ്യരെ തേടിയെത്തി ഡോള്‍ഫിനുകള്‍

മനുഷ്യരുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഡോള്‍ഫിനുകള്‍. നമുക്കൊപ്പം കളിക്കാനായി ആഴക്കടലില്‍ നിന്ന് അവ കരയുടെ അടുത്തേക്ക് വരാറുണ്ട്. എന്നാല്‍ കൊറോണ പടര്‍ന്നു പിടിച്ചതോടെ മനുഷ്യര്‍ വീടിനുള്ളിലേക്ക് ഒതുങ്ങി. ഏറെ നാളായിട്ടും തങ്ങളുടെ സുഹൃത്തുക്കളെ കാണാതായതോടെ ആഴക്കടലില്‍ നിന്ന് മനുഷ്യരെ തേടിയെത്തിയിരിക്കുകയാണ് ഡോള്‍ഫിനുകള്‍. മനുഷ്യര്‍ക്കായി കൈനിറയെ സമ്മാനങ്ങളുമായാണ് അവര്‍ എത്തിയത്. 

ഓസ്‌ട്രേലിയയിലാണ് സംഭവമുണ്ടായത്. ക്വീന്‍സ് ഐലന്റിലേയും ടിന്‍ കാന്‍ ബേയിലുമുള്ള ബര്‍ണാകള്‍ഡ് കഫേ ഡോള്‍ഫിന്‍ ഫീഡിങ് എന്നിവിടങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ ഡോള്‍ഫിനുകളുമായി ഇടപഴകാറുണ്ട്. എന്നാല്‍ കൊറോണ പടര്‍ന്നു പിടിച്ചതോടെ സന്ദര്‍ശകര്‍ വരാതായി. മനുഷ്യ സമ്പര്‍കം ഇല്ലാതായതോടെയാണ് സമ്മാനങ്ങളുമായി അവര്‍ എത്തിയത്. കടല്‍പ്പുറ്റുകളും പഴയ കുപ്പികളുമെല്ലാമായാണ് അവര്‍ എത്തിയത്. ഫീഡിങ് സെന്ററിലെ വോളന്റിയര്‍മാര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. 

ഡോള്‍ഫിനുകളുടെ നീണ്ടു നില്‍ക്കുന്ന വായയുടെ ഭാഗത്ത് സമ്മാനങ്ങള്‍ വെച്ചാണ് അവര്‍ എത്തിയത്. പകരമായി മീനുകള്‍ ഇവര്‍ക്ക് സമ്മാനമായി നല്‍കി. ഇങ്ങനെ സമ്മാനങ്ങള്‍ കൈമാറാന്‍ അവരെ പരിശീലിപ്പിച്ചതല്ലെന്നും അവര്‍ ഞങ്ങളെയാണ് ഇങ്ങനെ ചെയ്യാന്‍ ശീലിപ്പിച്ചത് എന്നുമാണ് വോളന്റിയര്‍മാര്‍ പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ് ഡോള്‍ഫിനുകളുടെ ഈ സ്‌നേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com