കൊറോണയുടെ രൂപത്തില്‍ ആലിപ്പഴങ്ങള്‍, അജ്ഞാതമായ സന്ദേശമെന്ന് പ്രചാരണം, വിശദീകരണവുമായി കാലാവസ്ഥ നിരീക്ഷകര്‍

സോഷ്യല്‍ മീഡിയയില്‍ ആലിപ്പഴത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ വലിയ ചര്‍ച്ചകളാണ് ഇതേക്കുറിച്ച് നടക്കുന്നത്
കൊറോണയുടെ രൂപത്തില്‍ ആലിപ്പഴങ്ങള്‍, അജ്ഞാതമായ സന്ദേശമെന്ന് പ്രചാരണം, വിശദീകരണവുമായി കാലാവസ്ഥ നിരീക്ഷകര്‍

കൊറോണ ഭീതിയില്‍ ലോകത്തിന്റെ ഗതി തന്നെ മാറിയിട്ട് മാസങ്ങളായി. മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പിലാണ് നമ്മള്‍ ഓരോരുത്തരും. കൊറോണയുടെ ആകൃതി തന്നെ നമ്മെ ഭയപ്പെടുത്തുന്ന സ്ഥിതിയായി. ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത് മെക്‌സിക്കോയിലുണ്ടായ ആലിപ്പഴ വീഴ്ചയാണ്. സാധാരണ പോലെയല്ല കൊറോണയുടെ ആകൃതിയിലുള്ള ആലിപ്പഴങ്ങളാണ് മെക്‌സിക്കോയില്‍ പതിച്ചത്. സോഷ്യല്‍ മീഡിയയില്‍ ആലിപ്പഴത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ വലിയ ചര്‍ച്ചകളാണ് ഇതേക്കുറിച്ച് നടക്കുന്നത്. 

മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസമുണ്ടായത്. ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപത്തിലാണ് കൊറോണ വൈറസ് കണികകള്‍ കണ്ടെത്തിയിട്ടുളളത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്‌സിക്കോയില്‍ പൊഴിഞ്ഞ ആലിപ്പഴങ്ങളും. കൊറോണ പടര്‍ന്നു പിടിക്കുന്നതിനിടെയുണ്ടായ പ്രതിഭാസം ആളുകളെ ആശങ്കയിലാക്കുകയാണ്. ആലിപ്പഴത്തിന്റെ രൂപത്തിലൂടെ അജ്ഞാതമായ ഏതോ ഒരു സന്ദേശം നല്‍കുകയാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. അതല്ല എല്ലാവരും ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പാണെന്നും കരുതുന്നവരുണ്ട്. 

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ് കാലാവസ്ഥ നിരീക്ഷകര്‍. കൊറോണയുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും തികച്ചും സാധാരണമായ പ്രതിഭാസം മാത്രമാണെന്നുമാണ് അവര്‍ പറയുന്നത്. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com