നിറത്തിലെന്തു കാര്യം, ആത്മവിശ്വാസമാണ് അഴക്; ലൂക്കോഡർമ മോഡലായി മഞ്ജുവിന്റെ ഫോട്ടോഷൂട്ട്

നിറത്തിലെന്തു കാര്യം, ആത്മവിശ്വാസമാണ് അഴക്; ലൂക്കോഡർമ മോഡലായി മഞ്ജുവിന്റെ ഫോട്ടോഷൂട്ട്

ഇപ്പോൾ ഉള്ള ആത്മവിശ്വാസം ഒറ്റ ദിവസം കൊണ്ട് നേടിയെടുത്തതല്ലെന്നും പിന്നിട്ട വഴികളിൽ നിന്ന് ലഭിച്ചതാണെന്ന് പറയുകയാണ് മഞ്ജു കുട്ടികൃഷ്ണൻ

ചെറുപ്പത്തിൽ ക്യാമറയെ അഭിമുഖീകരിക്കുന്നത് മഞ്ജുവിന് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ലെങ്കിലും അന്ന് മറ്റുപല ബുദ്ധിമുട്ടുകുളും അവളെ അലട്ടിയിരുന്നു. ലൂക്കോഡർമ എന്ന രോ​ഗാവസ്ഥ മൂലം തൊലിപ്പുറത്തെ നിറവ്യത്യാസങ്ങളും വെളുത്ത പാടുകളും കുഞ്ഞ് മഞ്ജുവിനെ തളർത്തിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഇത് പകരുന്ന അസുഖമാണെന്ന് കൂട്ടുകാരോട് പറഞ്ഞുകൊടുത്ത അധ്യാപകർ മുതൽ പാണ്ടൻ നായയെന്നും അണലിയെന്നും വിളിച്ച് കളിയാക്കിയവർ വരെ അവളുടെ കണ്ണ് നിറച്ചിട്ടുണ്ട്. 

ഇപ്പോൾ ഉള്ള ആത്മവിശ്വാസം ഒറ്റ ദിവസം കൊണ്ട് നേടിയെടുത്തതല്ലെന്നും പിന്നിട്ട വഴികളിൽ നിന്ന് ലഭിച്ചതാണെന്ന് പറയുകയാണ് മഞ്ജു കുട്ടികൃഷ്ണൻ. ചെറുപ്പത്തിൽ അച്ഛൻ ചോദിക്കുമായിരുന്നു, നിനക്കറിയാമോ ഈ ലോകത്ത് ഏറ്റവും സുന്ദരിയായ കുട്ടി ആരാണെന്ന്? എന്നിട്ടച്ഛൻ എന്നെതന്നെ ചൂണ്ടിക്കാണിക്കും, ജീവിതത്തിൽ ആത്മവിശ്വാസം നിറച്ച അച്ഛന്റെ ചോദ്യം മഞ്ജു ഇന്നും ഓർക്കുന്നു. 

മേക്കപ്പ് ആർട്ടിസ്റ്റ് ജസീന കടവിൽ ഫോട്ടോഷൂട്ടിനായി വിളിച്ചപ്പോൾ എന്തുകൊണ്ട് ഞാൻ എന്ന ചോദ്യമാണ് ആദ്യം മനസ്സിലെത്തിയതെന്ന് മഞ്ജു പറയുന്നു. എല്ലാവരിലും ഒരു സൗന്ദര്യമുണ്ട് അതാണ് സമൂഹത്തോട് പറയേണ്ടത് എന്ന ജസീനയുടെ ഉത്തരമാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് മഞ്ജുവിനെ എത്തിച്ചത്.

ജസീനയുടെ ‘കാറ്റലിസ്റ്റ് സ്കോളർ’ എന്ന  മേക്കോവർ ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് വിഡിയോയും ചിത്രങ്ങളും ഒരുങ്ങിയത്. എന്നെപ്പോലെ ലൂക്കോഡർമ രോഗം ബാധിച്ചവർക്ക് എന്തെങ്കിലും ഒരു കോൺഫിഡൻസ് ഇതിലൂടെ കൊടുക്കാൻ കഴിയുമെങ്കിൽ അത് നല്ലതല്ലേ എന്ന് അവർ പറഞ്ഞപ്പോൾ, എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന് ഞാനും ആലോചിച്ചു. ഞാൻ ചെയ്യാമെന്ന് പറഞ്ഞു പറഞ്ഞു. അങ്ങനെയാണ് ഈ ഫോട്ടോഷൂട്ടിലേക്ക് എത്തുന്നത്.  

സമൂഹത്തിന്റെ വ്യവസ്ഥാപിത രീതികളോടുള്ള ഒരു പോരാട്ടം കൂടെയാണ് ഈ വിഡിയോയും ചിത്രങ്ങളും. വ്യവസ്ഥാപിതമായ രീതിയിൽ നിന്ന് മാറി നടക്കുന്ന ആളുകളെ സമൂഹം ഒറ്റപ്പെടുത്തും, മാറ്റിനിർത്തും, അംഗീകരിക്കാൻ തയ്യാറാകില്ല.സൗന്ദര്യം എന്താണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും സ്വസ്ഥമായ മനസ്സിന്റെ ഒരു അവസ്ഥയാണ് സൗന്ദര്യമെന്ന് - മഞ്ജു വിഡിയോയിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com