'പെണ്ണും പെണ്ണും പ്രണയിച്ചാല്‍ അത് പ്രണയമാകില്ലേ? ഇതിലെവിടെയാണ് പ്രണയം എന്ന് ചോദിക്കുന്നവരോട് പുച്ഛം'; വൈറലായ ഫോട്ടോഷൂട്ടിനെക്കുറിച്ച് മഹാദേവന്‍ ‌തമ്പി 

അർധനഗ്നരായി ക്യാമറയ്ക്ക് മുന്നിലെത്തിയ ആ പ്രണയിനികൾ 'സ്വർണം പോലെ പരിശുദ്ധമായ' പ്രണയമാണ് ആവിഷ്കരിച്ചത്
'പെണ്ണും പെണ്ണും പ്രണയിച്ചാല്‍ അത് പ്രണയമാകില്ലേ? ഇതിലെവിടെയാണ് പ്രണയം എന്ന് ചോദിക്കുന്നവരോട് പുച്ഛം'; വൈറലായ ഫോട്ടോഷൂട്ടിനെക്കുറിച്ച് മഹാദേവന്‍ ‌തമ്പി 

ലിംഗമോ നിറമോ രണ്ട് പേർ തമ്മിലുള്ള പ്രണയത്തിൽ അതിര് തീർക്കുന്നില്ലെന്ന ആശയം മുൻനിർത്തി നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. അർധനഗ്നരായി ക്യാമറയ്ക്ക് മുന്നിലെത്തിയ ആ പ്രണയിനികൾ 'സ്വർണം പോലെ പരിശുദ്ധമായ' പ്രണയമാണ് ആവിഷ്കരിച്ചത്.  മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ഒരുക്കിയ ഈ ചിത്രങ്ങളെ വിമർശിക്കുന്നവരുണ്ട്, എന്നാൽ പിന്തുണച്ചെത്തുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ശക്തമായ ആശയത്തിനുള്ള കൈയടികളാണ് കമന്റുകളിൽ ഏറെയും. ഇപ്പോഴിതാ മുന്നോട്ടുവച്ച ആശയത്തെ ചേർത്തുപിടിച്ച് നിലപാട് വ്യക്തമാക്കുകയാണ് മഹാദേവൻ. 

എന്തുകൊണ്ട് ഇങ്ങനൊരു തീം എന്ന് ചോദിച്ചാല്‍...

ഞാന്‍ തന്നെ പല ലെസ്ബിയന്‍, ഗേ കപ്പിള്‍സിനെ കണ്ടിട്ടുണ്ട്. പക്ഷെ അവരില്‍ പലരും ആ ഐഡന്റിറ്റി തുറന്ന് സമ്മതിക്കാന്‍ തയ്യാറാകാറില്ല. പലപ്പോഴും ഹോസ്റ്റലില്‍ ഒന്നിച്ച് താമസിക്കുന്നതാണെന്നും സുഹൃത്താണ് എന്നുമൊക്കെ പറഞ്ഞായിരിക്കും വീടുകളില്‍ പോലും ഇവര്‍ ഒന്നിച്ചെത്തുന്നത്. നമ്മുടെ സമൂഹം അത് അനുവദിക്കാത്തതിന്റെയും ആകാം. നിയമം അനുവദിക്കുന്നുണ്ടെങ്കിലും ആ സ്വീകാര്യത കേരളത്തിലേക്കെത്താന്‍ സമയമെടുക്കും. 

ഉറപ്പായിട്ടും എനിക്കറിയാമായിരുന്നു അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉണ്ടാകുന്ന ഒരു ആശയമാണ് ഞാന്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പോകുന്നതെന്ന്. അത് ഞാന്‍ മോഡല്‍സിനോടും പറഞ്ഞിരുന്നു. അവര്‍ രണ്ടുപേരും ഞാനെന്ന ടെക്‌നീഷ്യനെ വിശ്വസിച്ചു എന്നുള്ളതാണ് സത്യം. 

പെണ്ണും പെണ്ണും പ്രണയിച്ചാല്‍ അത് പ്രണയമാകില്ലേ?

പ്രണയം സ്വര്‍ണ്ണത്തേപ്പോലെ നിര്‍മ്മലമാണ്. സ്വര്‍ണ്ണത്തേക്കാള്‍ പരിശുദ്ധമായ മറ്റൊരു ലോഹമില്ല. നിറം പ്രണയത്തിലൊരു പ്രതിബന്ധമല്ല.  ഇതിനകത്തെവിടെയാ പ്രണയം എന്ന് ചോദിക്കുന്ന കമന്റുകളോടാണ് പുച്ഛം. പെണ്ണും പെണ്ണും പ്രണയിച്ചാല്‍ അത് പ്രണയമാകില്ലേ എന്നാണ് എന്റെ സംശയം. സമൂഹത്തിനാണ് പ്രശ്‌നം. അതെനിക്ക് തുറന്ന് കാണിക്കണമെന്നുണ്ടായിരുന്നു. ഒരു 'ഗോള്‍ഡ് തീം' കൂടെ അതിനൊപ്പം ചേര്‍ത്ത് 'അശ്ലീലത' കുറയ്ക്കാനും ശ്രമിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ന്യൂഡ് ആയി ഈ ഫോട്ടോഷൂട്ട് വന്നിരുന്നെങ്കില്‍ അത് ചിലപ്പോള്‍ 'വള്‍ഗര്‍' ആകുമായിരുന്നു. അതിനപ്പുറം ആ ചിത്രങ്ങളില്‍ ഒരു ക്രാഫ്റ്റ് ഉണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നുകയും ആശയം മനസ്സിലാകുകയും വേണം എന്നതായിരുന്നു പ്രധാനം. 

ഇത്തവണ നെഗറ്റീവ് കമന്റുകള്‍ കുറവായിരുന്നു

വളരെ അത്ഭുതം തോന്നിയ ഒരു കാര്യമാണ്, നെഗറ്റീവ് കമന്റുകള്‍ കുറവായിരുന്നു എന്നത്. ഈ ഷൂട്ടിനെ അനുകൂലിച്ച് ഒരുപാട് പേര്‍ പ്രതികരിക്കുന്നുണ്ടെന്ന് ഒരുപാട് സുഹൃത്തുക്കളും പറഞ്ഞു. അത് വളരെ സന്തോഷമുള്ളതാണ്. മുമ്പ് അനിഖയുടെ വാഴയില കോസ്റ്റ്യൂമിലുള്ള ഒരു ഫോട്ടോഷൂട്ട് പുറത്തുവിട്ടപ്പോല്‍ ലഭിച്ച കമന്റുകള്‍ ഞാനും ആ കുട്ടിയും എന്തോ മഹാ അപരാധം ചെയ്തതുപോലെയായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായില്ല. ഒരുപക്ഷെ ആളുകള്‍ ഈ ആശയത്തെ കുറച്ചുകൂടെ വിവേകത്തോടെ സമീപിച്ചിട്ടുണ്ടാകാം. 

ഗൗരിയോട് ഒരു ആണിനെപ്പോലെയും ലേഖയോട് കാമുകനോടെന്നപോലെ അടുക്കാനുമാണ് പറഞ്ഞത്

ഗൗരി കോട്ടയംകാരിയും ലേഖ കൊച്ചിയില്‍ നിന്നുള്ള ആളുമാണ്. ഒരുപാട് മോഡലുകളില്‍ നിന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്താണ് ഈ രണ്ട് പേരിലേക്കും എത്തിയത്. അതില്‍ ഒരാള്‍ കുറച്ച് മെയില്‍ ഡോമിനന്റ് ആകണമായിരുന്നു. അത് ലെസ്ബിയന്‍ കപ്പിള്‍സിന്റെ ഇടയിലും അങ്ങനെതന്നൊണ്. ഗൗരിയോട് ഞാന്‍ പറഞ്ഞത് ഒരു ആണ് എങ്ങനെയാണ് പെരുമാറുന്നത് അതുപൊലെ ചെയ്യണം എന്നാണ്. അതിലൊരിക്കലും സ്‌ത്രൈണ രീതികള്‍ വരരുത് എന്നായിരുന്നു നിര്‍ദേശം. ലേഖയോട് മുന്നില്‍ നില്‍ക്കുന്നത് നിന്റെ കാമുകനോ ഭര്‍ത്താവോ ആണെങ്കില്‍ എങ്ങനെ ഇന്റിമേറ്റ് ആകും എന്നതനുസരിച്ച് ചെയ്യാന്‍ ആണ് പറഞ്ഞത്. 

ഞാന്‍ മുമ്പ് കണ്ടിട്ടുള്ള പല ചരിത്രസിനിമകളിലെയും ലൈറ്റിങ് രീതിയില്‍ നിന്നാണ് ഈ ഫോട്ടോഷൂട്ടിലേക്കുള്ള ആശയം എനിക്ക് ലഭിച്ചത്. ഒരു സ്ത്രീയും പുരുഷനും വച്ച് ഇങ്ങനെ ഒരു ഐഡിയ ചെയ്താല്‍ അതിലൂടെ ഒരു ആശയം മുന്നോട്ടുവയ്ക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇത്തരത്തില്‍ ക്രമീകരിച്ചത്. അടുത്തതായി ചെയ്യുന്നതും സ്ത്രീകള്‍ കാലങ്ങളായി നേരിടുന്ന ഒരു പ്രശ്‌നത്തിനെതിരെയുള്ളതാണ്. 

ഞാനായിട്ട് ഒരു കറുത്ത കുട്ടിയുടെ അവസരം കളഞ്ഞതല്ല, എന്റെ കാളിയുടെ കണ്ണുകള്‍ അനാര്‍ക്കലിക്കുണ്ട്

എന്റെ കണ്ണ് തുറപ്പിച്ചതാണ് അനാര്‍ക്കലിയുടെ ഫോട്ടോഷൂട്ട്. ഒരിക്കലും വിവാദമാകാന്‍ വേണ്ട ചെയ്ത ഷൂട്ടല്ല അത്. പക്ഷെ വലിയ വിവാദമായി. ഒരാളെ കറുപ്പിച്ചാല്‍ ഇത്രയധികം പ്രശ്‌നമുണ്ടാകുമെന്നും 'ബ്ലാക്ക് ഫിഷിങ്' എന്ന് ഞാന്‍ ലേബല്‍ ചെയ്യപ്പെടുമെന്നോ കരുതിയതല്ല. ഇങ്ങനെയൊരു വാക്ക് പോലും ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും ആ ഫോട്ടോഷൂട്ടിന് ശേഷമാണ്. അതേക്കുറിച്ച് അനാര്‍ക്കലി പറഞ്ഞെങ്കിലും അന്ന് എനിക്കത് മനസ്സിലായില്ല. പിന്നീട് പലരും എന്നോടത് വിവരിച്ചു. പക്ഷെ ഞാനായിട്ട് ഒരു കറുത്ത കുട്ടിയുടെ അവസരം കളഞ്ഞതല്ല. എന്റെ കാളിയുടെ കണ്ണുകള്‍ അനാര്‍ക്കലിക്കുണ്ട്. ഞാന്‍ എന്ന കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് അത്. അത് മറ്റൊരു തലത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു എന്നതാണ് സത്യം. മുന്നോട്ടുള്ള ഫോട്ടോഷൂട്ടുകളില്‍ ബ്ലാക്ക് ആയിട്ടുള്ള ആളുകളെ ഫീച്ചര്‍ ചെയ്യുമെന്ന് അന്ന് ഞാന്‍ തീരുമാനിച്ചതാണ്. അത്തരത്തിലൊരു അപകര്‍ഷതാബോധം ഉണ്ടെങ്കില്‍ അത് എന്തുകൊണ്ട് മാറ്റിക്കൂടാ എന്ന ചിന്ത എനിക്കും വന്നു. ഞാന്‍ ആരെയെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനുള്ള മറുപടി കൂടിയായിരിക്കും ഈ ഷൂട്ടും മുന്നോട്ടുള്ള വര്‍ക്കുകളും. 

വ്യത്യസ്തതയ്ക്ക് വേണ്ടി വാശി

ഒരു ഫോട്ടോഗ്രാഫര്‍ എന്നൊരു പേര് എനിക്കിപ്പോ ഉണ്ട്. ഞാന്‍ എടുക്കുന്ന ചിത്രങ്ങള്‍ കാണാനാഗ്രഹിക്കുന്ന കുറച്ചാളുകളുണ്ടെങ്കില്‍ എന്റെ വര്‍ക്കുകള്‍ അവരെ നിരാശപ്പെടുത്തരുത് എന്നൊരു നിര്‍ബന്ധം എനിക്കുണ്ട്. അത് സിനിമകളില്‍ സ്റ്റില്‍സ് എടുക്കുമ്പോള്‍ പോലും ഞാന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. ഒരു കോസ്റ്റ്യൂം ഡിസൈനറുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെയും സഹായത്തോടെ ഒരു ഫോട്ടോ എടുക്കുന്നതിനേക്കാള്‍ അതിലൂടെ എന്തെങ്കിലും കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റിയാല്‍. അല്ലെങ്കില്‍ ഇങ്ങനെയും ചെയ്യാന്‍ പറ്റും എന്നൊരു ഓപ്ഷന്‍ കൊടുക്കാന്‍ പറ്റിയാല്‍ അത് പല ആളുകള്‍ക്കും പ്രചോദനമാകും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ നല്ല ടെക്‌നീഷ്യന്‍മാര്‍ എപ്പോഴും കേരളത്തില്‍ നിന്നാണ് ഉള്ളത്. അവരില്‍ ഒരാളാകാന്‍ ആഗ്രഹവുമുണ്ട്. ഓരോ ഷൂട്ടിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരും എന്ന് വാശിപിടിച്ച് നടക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍.

മേക്കപ്പ് പ്രബിനും, വസ്ത്രാലങ്കാരം ശ്വേത ദിനേശും നിർവഹിച്ചിരിക്കുന്ന ഫോട്ടോഷൂട്ടിനായി സ്വർണ്ണാഭരണങ്ങൾ നൽകിയത് പറക്കാട്ട് ജ്വല്ലേഴ്സാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com