പന്നിയാണോ? അതോ നായയോ? വിചിത്ര മൃഗം; കുതിരയുടെ പിതാമഹന്‍ എന്ന് ഗവേഷകര്‍

ഈ മൃഗം ഇന്ത്യയില്‍ 55 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണപ്പെട്ടിരുന്നതാണെന്ന് ഗവേഷകര്‍
പന്നിയാണോ? അതോ നായയോ? വിചിത്ര മൃഗം; കുതിരയുടെ പിതാമഹന്‍ എന്ന് ഗവേഷകര്‍

കുളമ്പുള്ള കുതിര, കാണ്ടാമൃഗം പോലുള്ള മൃഗങ്ങള്‍ ചെമ്മരിയാടിന്റെ വലുപ്പമുള്ള വിചിത്ര മൃഗത്തില്‍ നിന്ന് പരിണമിച്ചതാണെന്ന് ഗവേഷകര്‍. പന്നിയും നായയും സങ്കരണം ചെയ്തതുപോലുള്ള ഈ മൃഗം ഇന്ത്യയില്‍ 55 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണപ്പെട്ടിരുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

കാംബെതെറിയം എന്ന ഈ ജീവിയുടെ അവശിഷ്ടങ്ങള്‍ ഗുജറാത്തിലെ ഖനിയില്‍ നിന്ന് കണ്ടെത്തിയതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു. 2001 മുതല്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തല്‍. 2004ല്‍ ഈ മൃഗത്തിന്റെ ഫോസില്‍ കണ്ടെത്തുകയും പിന്നീടുള്ള യാത്രകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നും ഗവേഷകര്‍ പറയുന്നു. ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ കണ്ടെത്തിയ 350 ഫോസിലുകള്‍ ഒന്നിച്ചുവച്ചാണ് കാംബെതെറിയത്തിന്റെ അസ്ഥികൂടത്തിന്റെ ഘടന ഉണ്ടാക്കിയെടുത്തത്. 

ഇന്ത്യ ഒരു ദ്വീപ് ആയി നിലനിന്നിരുന്ന കാലത്താണ് ഈ മൃഗം ജീവിച്ചിരുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. കുതിരകളുടെ ഉത്ഭവം ഇന്ത്യയില്‍ രേഖപ്പെടുത്താന്‍ കഴിയും എന്ന മുപ്പത് വര്‍ഷം മുമ്പത്തെ നിരൂപണത്തെ ശരിവയ്ക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com