മോഹം 'പറക്കാന്‍' ; ജീവിതം വഴിമുട്ടിയപ്പോള്‍ കരപറ്റാന്‍ ചായവില്‍പ്പന ; മനസ്സില്‍ ഫൈറ്റര്‍ പൈലറ്റാകുമെന്ന നിശ്ചയദാര്‍ഢ്യം 

അമ്മയുടെ ആഗ്രഹപ്രകാരംഎയര്‍ഫോഴ്‌സില്‍ ഫൈറ്റര്‍ പൈലറ്റാകുമെന്ന്അവന്‍ പറയുന്നു
മോഹം 'പറക്കാന്‍' ; ജീവിതം വഴിമുട്ടിയപ്പോള്‍ കരപറ്റാന്‍ ചായവില്‍പ്പന ; മനസ്സില്‍ ഫൈറ്റര്‍ പൈലറ്റാകുമെന്ന നിശ്ചയദാര്‍ഢ്യം 

മുംബൈ: കോവിഡിനെ തുടര്‍ന്ന് പഠനം വഴിമുട്ടി. ലോക്ഡൗണിനെത്തുടര്‍ന്ന് അമ്മയുടെ ജോലിയും പോയി. ഇതോടെ കുടുംബത്തെ സഹായിക്കാനായി ചായവില്‍പ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ് കൊച്ചുമിടുക്കന്‍. ഇതോടൊപ്പം അമ്മയുടെ ആഗ്രഹമായ പൈലറ്റ് ജോലി നേടുമെന്ന ആത്മവിശ്വാസവും അവന്‍ പ്രകടിപ്പിക്കുന്നു.

അവന്‍ വളരെ കുട്ടിയായിരിക്കേ ഹൃദയാഘാതം വന്നാണ് അച്ഛന്റെ മരണം. തുടര്‍ന്ന് കുടുംബത്തിന്റെ പട്ടിണി മാറ്റാനായി അമ്മ ജോലിക്ക് പോകാന്‍ തുടങ്ങി. തുച്ഛമായ ശമ്പളമാണ് അമ്മയ്ക്ക് ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ പലയിടങ്ങളില്‍ ജോലി ചെയ്ത് കുടുംബപ്രാരാബ്ധങ്ങള്‍ അകറ്റാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചു. 

എന്നാല്‍ കുട്ടിയുടെ പഠനകാര്യത്തില്‍ അതീവ ശ്രദ്ധാലുമായിരുന്നു അമ്മ. ഒരിക്കല്‍ കുട്ടി ജ്യോഗ്രഫി പരീക്ഷയില്‍ തോറ്റു. ഇതറിഞ്ഞ അവര്‍ ആകെ വിഷമത്തിലായി. പഠിച്ച് മികച്ച ജോലി നേടിയാല്‍ മാത്രമേ മെച്ചപ്പെട്ട ജീവിതം നേടാനാകൂ എന്ന് അമ്മ അവനോട് പറഞ്ഞു. അമ്മയുടെ വാക്കുകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അവന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു.

സ്‌കൂളില്‍ കൃത്യമായി പോകാന്‍ തുടങ്ങി. ഇതോടെ പഠനനിലവാരം ഉയര്‍ന്നു. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുകളും ലഭിച്ചു. ഗ്രേഡ് ഉയരുകയും ചെയ്തു. താന്‍ എയര്‍ഫോഴ്‌സ് പൈലറ്റാകണമെന്ന അമ്മയുടെ ആഗ്രഹം നിറവേറ്റുമെന്ന നിശ്ചയദാര്‍ഡ്യം കുഞ്ഞുമനസ്സില്‍ സ്ഥാനമുറപ്പിച്ചു.

ഇതിനിടെയാണ് സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി കോവിഡ് മഹാമാരി വന്നത്. ഇതോടെ സ്‌കൂളുകള്‍ അടച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമ്മയുടെ ജോലിയും പോയി. ഇതോടെ ജീവിതം വഴിമുട്ടിയപ്പോഴാണ് ബാലന്‍ ചായവില്‍പ്പനയ്ക്കായി തെരുവിലിറങ്ങിയത്. കുടുംബത്തെ സഹായിക്കനായി ആദ്യം ഒരു കടയിലാണ് പോയത്. ഇവിടെ നിന്നും ലഭിക്കുന്ന 100 രൂപ ഒന്നിനും തികയില്ലെന്ന് മനസ്സിലാക്കി. 

തുടര്‍ന്ന് ചായ വില്‍പ്പനയ്ക്കായി റോഡിലിറങ്ങുകയായിരുന്നു. പരിചയക്കാരനായ ഒരാള്‍ അയാളുടെ കടയുടെ മൂലയില്‍ അവന് ചായ ഉണ്ടാക്കി വില്‍പ്പന നടത്താനുള്ള സൗകര്യം നല്‍കുകയായിരുന്നു. ചായ ഉണ്ടാക്കി സമീപത്തെ കടക്കാര്‍ക്കും മറ്റും നല്‍കുന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒന്നര വരെയാണ് കൊച്ചുസൈക്കിളില്‍ ചായവില്‍പ്പന. എല്ലാവരും അറിയാവുന്നവരായതുകൊണ്ട് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്ന് അവന്‍ പറയുന്നു. 

അപ്പോഴും അമ്മയുടെ സങ്കടം അവനെ അലട്ടുന്നു. താന്‍ പഠനത്തിലേക്ക് തിരിച്ചുവരുമെന്നും, അമ്മയുടെ ആഗ്രഹപ്രകാരംഎയര്‍ഫോഴ്‌സില്‍ ഫൈറ്റര്‍ പൈലറ്റാകുമെന്നും അവന്‍ പറയുന്നു. പേരു വെളിപ്പെടുത്താതെ, ഈ കൊച്ചു മിടുക്കന്റെ കഥ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്‌സ്ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്. കഥയറിഞ്ഞ് നിരവധി പേരാണ് കൊച്ചുമിടുക്കനെ സഹായിക്കാനായി സന്നദ്ധത അറിയിച്ച് രംഗത്തെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com