'ഇനി എവിടെ പോയാലും അറിയാം'; ലോകത്തിലെ ഏക വെള്ള ജിറാഫിന് ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു

വടക്ക് കിഴക്കൻ കെനിയയിലെ വേട്ടക്കാരിൽ നിന്ന് സംരക്ഷിച്ച് നിർത്തുന്നതിന് കൂടി വേണ്ടിയാണ് ഇത്
'ഇനി എവിടെ പോയാലും അറിയാം'; ലോകത്തിലെ ഏക വെള്ള ജിറാഫിന് ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു


നയ്‌റോബി: ലോകത്തിൽ ഇനി അവശേഷിക്കുന്നതായി കരുതപ്പെടുന്ന ഏക വെള്ള ജിറാഫ് ഇനി എവിടെ പോയാലും അറിയാനാവും. ജിപിഎസ് ട്രാക്കിങ് ഉപകരണമാണ് ഇപ്പോൾ വെള്ള ജിറാഫിൽ ഘടിപ്പിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ കെനിയയിലെ വേട്ടക്കാരിൽ നിന്ന് സംരക്ഷിച്ച് നിർത്തുന്നതിന് കൂടി വേണ്ടിയാണ് ഇത്.

ലൂസിസം എന്ന അവസ്ഥയാണ് ജിറാഫിന്റെ വെള്ളനിറത്തിന് കാരണം. ജിപിഎസ് ഘടിപ്പിക്കുക വഴി വെള്ള ജിറാഫിന്റെ നീക്കങ്ങൾ റേഞ്ചർമാർക്ക് അറിയാനാവും. ഈ വർഷം മാർച്ചിൽ ഈ ജിറാഫിനൊപ്പമുണ്ടായിരുന്ന അമ്മ ജിറാഫിനെയും കുട്ടിയേയും വേട്ടക്കാർ കൊലപ്പെടുത്തിയിരുന്നു. കെനിയയുടെ വടക്കുകിഴക്കൻ ഗാരിസ കൗണ്ടിയിലെ ഒരു സംരക്ഷണ പ്രദേശത്താണ് ഇവയുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ശേഷിക്കുന്ന അവസാനത്തെ വെള്ള ജിറാഫായി ഇത് മാറി. 

ഏഴ് മാസം പ്രായമുണ്ടായിരുന്ന കുട്ടി ജിറാഫിനേയും അമ്മയേയും കൊലപ്പെടുത്തിയത് പോലെ വേട്ടക്കാർ ഇതിനേയും ആക്രമിച്ചേക്കാം എന്ന ആശങ്കയെ തുടർന്നാണ്  ജിപിഎസ് ഘടിപ്പിച്ചത്. നവംബർ എട്ടിന് ജിറാഫിന്റെ കൊമ്പുകളിലൊന്നിലേക്ക് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചതായി പ്രദേശത്തെ വന്യജീവിസംരക്ഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഇഷാക്ബിനി ഹിരോല കമ്മ്യൂണിറ്റി കൺസർവൻസി പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ട്രാക്കിംഗ് ഉപകരണം ജിറാഫ് സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് ഓരോ മണിക്കൂറിലും അപ്ഡേറ്റുകൾ നൽകുമെന്നും റേഞ്ചർമാർക്ക് അതുവഴി ഈ വെള്ള ജിറാഫിനെ വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാനാകുമെന്നും അവർ വ്യക്തമാക്കി.

അടുത്തിടെ നല്ല മഴ ലഭിച്ചതിനാൽ പ്രദേശത്ത് സസ്യങ്ങൾ വളർന്നത് ജിറാഫിന് തീറ്റതേടുന്നതിലും മറ്റും സഹായിക്കുമെന്നും അത് ജിറാഫിനെ ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുമെന്നും അധികൃതർ പറയുന്നു. അയൽരാജ്യമായ ടാൻസാനിയയിൽ കണ്ടതിന് ഏകദേശം രണ്ട് മാസത്തിന് ശേഷം 2016 മാർച്ചിലാണ് കെനിയയിൽ ആദ്യമായി വെള്ള ജിറാഫുകളെ കണ്ടെത്തിയത്. ഒരു വർഷത്തിനുശേഷം ഗാരിസ കൗണ്ടിയിലെ ക്യാമറയിൽ പെൺജിറാഫിനെയും കുട്ടിയെയും കണ്ടതും വാർത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com