രാത്രി മുന്നിൽ പെട്ടത് ഭീകരൻ പെരുമ്പാമ്പ്, 18.9 അടി നീളം!; ബർമീസ് പൈതൺ കുട‌ുങ്ങി, റെക്കോർഡ്

ഇത്രയധികം വലുപ്പമുള്ള ഒരു പെരുമ്പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ് 
രാത്രി മുന്നിൽ പെട്ടത് ഭീകരൻ പെരുമ്പാമ്പ്, 18.9 അടി നീളം!; ബർമീസ് പൈതൺ കുട‌ുങ്ങി, റെക്കോർഡ്

18.9 അടി നീളമുള്ള പെൺ ബർമീസ് പെരുമ്പാമ്പിനെ പാമ്പ് വേട്ടക്കാർ പിടികൂടി. ഫ്ലോറിഡയിൽ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും നീളമേറിയതാണ് ഈ പെൺ പെരുമ്പാമ്പ്. ഇത്രയധികം വലുപ്പമുള്ള ഒരു പെരുമ്പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് എവർഗ്ലേഡിലെ ആഴത്തിലുള്ള വെള്ളകെട്ടിൽ നിന്ന് പാമ്പിനെ പുറത്തെടുത്തത്.  ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. ഇവിടെ നിന്ന് മുൻപ് പിടികൂടിയ ഏറ്റവും നീളമേറിയ പെരുമ്പാമ്പ് 18.8 അടിയുള്ളതായിരുന്നു. പുതിയതായി പിടികൂടിയ പാമ്പ് റെക്കോർഡ് സൃഷ്ടിച്ചതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ (എഫ്ഡബ്ല്യുസി) സ്ഥിരീകരിച്ചു. 

പ്രാദേശിക ജീവികൾക്ക് ഭീഷണിയാകുന്ന തരത്തിൽ ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകിയതോടെയാണ് ഇവയെ വേട്ടയാടാൻ ഫ്ലോറിഡയിലെ വന്യജീവി വിഭാഗം തീരുമാനിച്ചത്. വർഷം തോറും നടക്കുന്ന പൈതൺ ഹണ്ടിങ് പ്രോഗ്രാമിൽ ആറ് മുതൽ എട്ടടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെ മുൻപും പിടികൂടിയിട്ടുണ്ട്. 

സൗത്ത് എഫ്ഡബ്ല്യുസി അം​ഗങ്ങളായ റയാൻ ഓസ്‌ബേർണും സുഹൃത്ത് കെവിൻ പാവ്‌ലിഡിസും ചേർന്നാണ് ഭീമൻ പെരുമ്പാമ്പിനെ കീഴടക്കിയത്. ഇത്രയും വലുപ്പമുള്ള ഒരു പാമ്പിനെ എവിടെയും താൻ കണ്ടിട്ടില്ലെന്നും പാമ്പിനെ സമീപിക്കുമ്പോൾ കൈകൾ വിറച്ചിരുന്നതായും പാവ്‌ലിഡിസ് ഫേസ്ബുക്കിൽ കുറിച്ചു. 

ജനുവരി മുതൽ ഏപ്രിൽവരെയാണ് ബർമീസ് പെരുമ്പാമ്പുകളുടെ പ്രജനന കാലം. ആൺ പെരുമ്പാമ്പുകളുടെ ശരീരത്തിൽ ഘടിപ്പിച്ചു വിട്ടിരിക്കുന്ന ടാഗും റേഡിയോ ട്രാൻസ്മിറ്ററുകളാണ് പെൺ പെരുമ്പാമ്പുകളെ കണ്ടെത്താൻ ഗവേഷകരെ സഹായിക്കുന്നത്. ബർമീസ് പെരുമ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാൻ ബിഗ് സൈപ്രസ് ഉൾപ്പെടെയുള്ള മേഖലകളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ കാണപ്പെടുന്ന പെരുമ്പാമ്പുകളെ കൊല്ലാനുള്ള അനുവാദം നൽകുകയായിരുന്നു.  മത്സരങ്ങൾ സംഘടിപ്പിച്ച് പാമ്പിനെ കൊല്ലുന്നവർക്ക് പാരിതോഷികങ്ങൾ നൽകാറുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com