500 തെരുവ് മൃഗങ്ങള്‍ക്ക് വിവാഹ സദ്യ; പണം കണ്ടെത്താന്‍ ലോണെടുത്തു, ഇങ്ങനെയും ഒരു കല്യാണം!
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th October 2020 10:49 AM |
Last Updated: 12th October 2020 10:50 AM | A+A A- |

ഭുവനേശ്വര്‍: വിവാഹത്തിന് സാധാരണ വിരുന്ന് നല്‍കുന്നത് വധുവിന്റെയും വരന്റേയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമാണ്. എന്നാല്‍ തെരുവില്‍ അലഞ്ഞുനടന്ന 500 മൃഗങ്ങള്‍ക്ക് വിവാഹദിനം ഭക്ഷണം നല്‍കി വ്യത്യസ്തരായിക്കുകയാണ് രണ്ട് യുവ ദമ്പതികള്‍. സിനിമ സംവിധായകനായ യുറീക്ക ആപ്‌തെയും ദന്ത ഡോക്ടറായ ജോനയുമാണ് ഇത്തരത്തിലൊരു വിരുന്ന് ഒരുക്കിയത്. വിവാഹത്തിന് മുന്‍പ് പരസ്പരം നല്‍കിയ വാക്ക് പാലിക്കാണ് ഇവര്‍ ഇങ്ങനെ ചെയ്തത്.
അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റായ ഏകമ്രയുടെ സഹായത്തോടെയാണ് ഇവര്‍ വിരുന്നൊരുക്കിയത്. സംഘടനയുടെ മൃഗ സംരക്ഷണ ശാലയിലേക്ക് പണം നല്‍കുകയും ചെയ്തു. വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് മൃഗ സംരക്ഷണ ശാല സന്ദര്‍ശിച്ച ഇവര്‍, മൃഗങ്ങള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി.
താംഗിയിലെ ഒരു ചെറിയ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 25ന് ഇവരുടെ വിവാഹം നടന്ന അതേസമയം, നഗരത്തിലെ മുക്കിനും മൂലയിലുമുള്ള തെരുവ് മൃഗങ്ങള്‍ക്ക് സംഘടന ഭക്ഷണം നല്‍കി.
കോവിഡ് കാരണം ഷൂട്ട് മുടങ്ങി യുറീക്ക സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ രണ്ടുപേരും ചേര്‍ന്ന് ലോണ്‍ എടുത്താണ് മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പണം കണ്ടെത്തിയത് എന്നതും ശ്രദ്ധേയമാണ്.
വളരെ ചിലവ് ചുരുക്കിയാണ് വിവാഹം നടത്തിയത്. യുറീക്കയുടെ ക്യാന്‍സര്‍ ബാധിച്ച് മരിച്ച അമ്മയുടെ വിവാഹ സാരിയുടുത്താണ് ജോന കതിര്‍മണ്ഡപത്തിലെത്തിയത്. പൈലറ്റ് ജോലി ഉപേക്ഷിച്ചാണ് യുറീക്ക സിനിമ സംവിധായകനാകാന്‍ ഇറങ്ങിത്തിരിച്ചത്.