ആമിനയെ കാണാന്‍ രാഹുലെത്തി; പിന്നാലെ ഉമ്മയെ തേടി നല്ല ജോലിയും; ജാസ്മിന് ഇനി യുഎഇയില്‍ സ്ഥിര വരുമാനം

തന്നെ കാണണമെന്ന ആഗ്രഹം പറഞ്ഞ ആമിനയെ തേടി രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് ആമിനയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം ലോകം അറിഞ്ഞത്
ആമിനയെ കാണാന്‍ രാഹുലെത്തി; പിന്നാലെ ഉമ്മയെ തേടി നല്ല ജോലിയും; ജാസ്മിന് ഇനി യുഎഇയില്‍ സ്ഥിര വരുമാനം

നീറ്റ് പരീക്ഷയിലെ റാങ്ക് ജേതാവ് ആമിനയുടെ അമ്മ ജാസ്മിന് ഗള്‍ഫില്‍ ഇനി സ്ഥിരവരുമാനമുള്ള ജോലി. തന്നെ കാണണമെന്ന ആഗ്രഹം പറഞ്ഞ ആമിനയെ തേടി രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് ആമിനയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം ലോകം അറിഞ്ഞത്. എഫ് എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആമിന രാഹുലിനെ കാണണമെന്ന ആഗ്രഹം പറഞ്ഞത്. 

കുടുംബത്തെ പോറ്റാനായാണ് അമ്മ ജാസ്മിന്‍ യുഎഇയിലേക്ക് പോയത്. വീട്ടുജോലിയും കുട്ടികളെ നോക്കുന്ന ജോലിയും ചെയ്തു വീട് പോറ്റുന്നതിനിടെയാണ് കോവിഡെത്തിയത്. ഇതോടെ ജാസ്മിന്റെ ജോലിയും നഷ്ടമായി.

ജാസ്മിന്റെ കഥയറിഞ്ഞതോടെ ഇന്‍കാസ് പ്രവര്‍ത്തകര്‍ ജാസ്മിന് സഹായവുമായെത്തി. റാസല്‍ ഖൈമയിലെ ഒരു സ്ഥാപനത്തില്‍ ഇവര്‍ ജാസ്മിന് ജോലി ശരിയാക്കിക്കൊടുത്തു. രാഹുല്‍ ഗാന്ധിയെ കാണണമെന്ന മകളുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിലും തനിക്ക് ഒരു ജോലി ലഭിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് ജാസ്മിന്‍ പറഞ്ഞു. മകളെ ഒന്നു കാണണമെന്ന ആഗ്രഹം കൂടി ഇനി ബാക്കിയുണ്ടെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. ജാസ്മിന്റെ ഈ ആഗ്രഹവും തങ്ങള്‍ സാധിച്ചുകൊടുക്കുമെന്ന് ഇന്‍കാസ് പ്രവര്‍ത്തകര്‍ ഉറപ്പുകൊടുത്തു. 

നീറ്റ് പരീക്ഷയില്‍ 1916-ാം റാങ്കാണ് ആമിന നേടിയത്. ഇടം കൈ പാതിയില്ലാതെയാണ് ആമിന ജനിക്കുന്നത്. വേണ്ടത്ര വളര്‍ച്ചയില്ലാത്തതിനാല്‍ കുട്ടിയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ആമിനയെ ഗര്‍ഭം ധരിച്ച് അഞ്ചാം മാസത്തില്‍ ഡോക്ടര്‍മാര്‍ ജാസ്മിനോട് പറഞ്ഞിരുന്നു. പക്ഷേ, ജാസ്മിന്‍ തയാറായില്ല. 

പിന്നീട് മാതാപിതാക്കളുടെ പിന്തുണയോടെ  കുറവുകളെ കീഴടക്കി ആമിന മുന്നേറി. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, പ്ലസ് ടുവിന് 90% മാര്‍ക്കോടെ വിജയം. പിതാവ് രോഗബാധിതനായി വിദേശത്തു നിന്നു നാട്ടിലെത്തിയതോടെ ദുരിതം തുടങ്ങി. ചികിത്സയെ തുടര്‍ന്ന് കുടുംബം ദാരിദ്ര്യത്തിലായി. ഒടുവില്‍  ജാസ്മിന്‍ യുഎഇലേക്ക് ജോലിക്കു പോയി. മാതാവ് വിദേശത്തായതിനാല്‍ ആമിനയാണു പിതാവിന്റെ ചികിത്സയും പരിചരണവും ഇളയ സഹോദരന്റെ പഠനവും എല്ലാം നോക്കുന്നത്.

ആഴ്ചയില്‍ രണ്ട് ദിവസം പിതാവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിനും കൊണ്ടുപോകണം. ഇതിനിടയിലാണ് ആമിന നീറ്റ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. കഴിഞ്ഞ ദിവസം എഫ്എം റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണു ആമിന രാഹുല്‍ ഗാന്ധിയെ കാണണമെന്ന ആഗ്രഹം പറയുന്നത്. തുടര്‍ന്ന് കെഎസ്യു നേതാവ് മഞ്ജുക്കുട്ടന്‍ വിവരം ഷാഫി പറമ്പില്‍ എംഎല്‍എയെ അറിയിക്കുകയും കെ സി വേണുഗോപാല്‍ എംപി ഇടപെട്ട് രാഹുല്‍ ഗാന്ധിയെ കാണാന്‍ അവസരം ഒരുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com