അറംപറ്റിയ പേടി; നിലംപതിച്ചത് അമ്മയുടെ മുന്നില്‍; മുപ്പത് വര്‍ഷം വീല്‍ ചെയറില്‍, കവിതകൊണ്ട് ജീവിതം തിരിച്ചുപിടിച്ച സതീഷ്

'മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സമയത്തും അമ്മ രാവിലെ ജോലിക്കു പോകും. വൈകുന്നേരം ഭക്ഷണവുമായി തിരികെ വരും. ഞാന്‍ കാണ്‍കെ അമ്മ ഒരിക്കലും കരഞ്ഞിട്ടില്ല'
അറംപറ്റിയ പേടി; നിലംപതിച്ചത് അമ്മയുടെ മുന്നില്‍; മുപ്പത് വര്‍ഷം വീല്‍ ചെയറില്‍, കവിതകൊണ്ട് ജീവിതം തിരിച്ചുപിടിച്ച സതീഷ്

'അമ്മയുടെ കണ്‍മുന്നിലേക്കാണ് ഞാന്‍ വന്നു വീണത്... മഴയുണ്ടായിരുന്നു, കയറേണ്ടെന്ന് അമ്മ പറഞ്ഞതാണ്... ഞാനാണ് കേള്‍ക്കാതിരുന്നത്...' ജീവിതം മാറ്റി മറിച്ച വീഴ്ചയെക്കുറിച്ച് എഴുത്തുകാരന്‍ സതീഷ് തപസ്യ ഓര്‍ത്തെടുക്കുകയാണ്. മുപ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു, ജീവിതം വീല്‍ ചെയറിലായിട്ട്. ചെറുപ്പത്തിന്റെ തിളപ്പില്‍ പതിനാറാം വയസ്സില്‍ തോന്നിയ ആവേശം ശരീരം തളര്‍ത്തി കളഞ്ഞു, തീരാ വേദനകളും തന്നു. വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയെങ്കിലും എഴുത്തിലൂടെ ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ് തിരുവനനന്തപുരം കാട്ടാക്കട സ്വദേശി സതീഷ്. മൂന്ന് പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.' അതിരുകളിലൂടെ കുഞ്ഞുങ്ങള്‍ നടക്കുമ്പോള്‍' എന്ന സതീഷിന്റെ പുതിയ പുസ്തകത്തില്‍ നിറയെ ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കവിതകളാണ്. 

1990ല്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് സതീഷ് വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്ന് വീണ് കിടപ്പിലാകുന്നത്. രണ്ടരവയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയ കുടുംബത്തെ പോറ്റാന്‍ പെടാപ്പാടു പെടുന്ന അമ്മയെ സഹായിക്കാനായി അയല്‍വീടുകളിലെ തെങ്ങുകളില്‍ കയറി ചെറിയ വരുമാനമുണ്ടാക്കുമായിരുന്നു സതീഷ്. ഉയരങ്ങളിലേക്ക് പിടിച്ചു കയറുന്ന ആ ശീലമാണ് നട്ടെല്ല് തകര്‍ത്ത് ജീവിതം ചക്ര കസേരയിലാക്കിയത്.  

അറംപറ്റിയ പേടി

'കുഞ്ഞുന്നാളിലെ ചെറിയ പണിയൊക്കെ ചെയ്യുമായിരുന്നു. അമ്മയെ സഹായിക്കാന്‍. അത്രയും കഷ്ടപ്പാടുണ്ടായിരുന്നു. സാധാരണ മരംകയറുമ്പോള്‍ പേടി ഇല്ലാതിരുന്നതാണ്. അന്ന് കയറി പകുതിയായപ്പോള്‍ ഉള്ളിലൊരു പേടിവന്നുമൂടി, വീണുപോകുമോയെന്ന്. ആ പേടി അറംപറ്റി. വന്നുവീണത് മുറ്റത്ത് നിന്ന അമ്മയുടെ മുന്നിലേക്കാണ്.  പത്താംക്ലാസ് കഴിഞ്ഞ് എന്തെങ്കിലും ജോലിക്ക് പോയി കുടുംബം പോറ്റണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ആ വീഴ്ചയോടെ എല്ലാം തകര്‍ന്നുപോയി. പിന്നെ വേദനയുടെയും ആശുപത്രി വാസത്തിന്റെയും നാളുകള്‍'സതീഷ് ഓര്‍ത്തെടുക്കുന്നു.

'ഇനി എഴുന്നേല്‍ക്കാന്‍ പറ്റില്ല. പക്ഷേ നീ തോറ്റുപോകരുത്'

'നട്ടെല്ല് തകര്‍ന്ന് കിടപ്പിലായി. നെഞ്ചിന് താഴേക്ക് അനക്കാന്‍ പറ്റാത്ത അവസ്ഥ. അതികഠിനമായ വേദന. ആറുമാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിടന്നു. ഒരുദിവസം അമ്മ പറഞ്ഞു; ഇനി എഴുന്നേല്‍ക്കാന്‍ പറ്റില്ല. പക്ഷേ നീ കരയരുത്, എങ്കില്‍ തോറ്റുപോകും.  ജീവനുള്ള കാലം വരെ നിന്നെഞാന്‍ നോക്കും, ഒറ്റയ്ക്കായി പോയാലും തോറ്റുപോകരുത് എന്ന്. ഓര്‍മ്മവച്ച കാലംമുതല്‍ കാണുന്നത് കല്ലുചുമന്നും കൂലിപ്പണിയെടുത്തും കുടുംബം പോറ്റുന്ന അമ്മയെയാണ്. ജീവിക്കാനായി ഊര്‍ജം കിട്ടിയത് ഒരിടത്തും തോല്‍ക്കാന്‍ മനസ്സില്ലാത്ത അമ്മയുടെ ആ പോരാട്ടം കണ്ടാണ്.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സമയത്തും അമ്മ രാവിലെ ജോലിക്കു പോകും. വൈകുന്നേരം ഭക്ഷണവുമായി തിരികെ വരും. ഞാന്‍ കാണ്‍കെ അമ്മ ഒരിക്കലും കരഞ്ഞിട്ടില്ല. വിധിയാണെന്ന് പറഞ്ഞ് ചടഞ്ഞിരിക്കാനും സമ്മതിച്ചില്ല. ഞാനെവിടെയെങ്കിലും എത്തപ്പെടണമെന്ന അതിയായ ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കീ ജീവിത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നെങ്കില്‍, അതെല്ലാം അമ്മ കാരണമാണ്.' അമ്മ കമലമ്മയെ കുറിച്ച് സതീഷ് വാചാലനാകുന്നു.

അമ്മ കമലമ്മയോടൊപ്പം സതീഷ്‌
 

കരുത്ത് പകര്‍ന്ന സൈമണ്‍ ബ്രിട്ടോ

അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയെ കാണുന്നതോടുകൂടിയാണ് സതീഷിന്റെ ജീവിതം പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നത്. കുത്തേറ്റ് ശരീരം തളര്‍ന്ന ബ്രിട്ടോ, തിരുവനന്തപുരത്തെ ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ അവിടെ സതീഷുമുണ്ടായിരുന്നു. അതുവരെ താന്‍ കണ്ട മനുഷ്യരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായ ഒരാളായിരുന്നു ബ്രിട്ടോയെന്ന് സതീഷ് ഓര്‍ക്കുന്നു.

'അന്നുവരെ ഞാന്‍ കണ്ട വീല്‍ചെയര്‍ ജീവിതങ്ങളെല്ലാം സ്വന്തം അവസ്ഥയെ ശപിച്ചു കഴിയുന്നവരായിരുന്നു. എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയുള്ളവര്‍. എനിക്കങ്ങനെ കഴിയാന്‍ മനസ്സു വന്നില്ല. എന്തെങ്കിലും ചെയ്യണം എന്ന കഠിനമായ ആഗ്രഹമുണ്ടായിരുന്നു. തോറ്റുപോകരുത് എന്ന വാശിയും. ആ ഊര്‍ജത്തെ ആളിക്കത്തിക്കാന്‍ സഖാവ് ബ്രിട്ടോയ്ക്ക് കഴിഞ്ഞു.  

വിഷമിച്ച് ജീവിതം പാഴാക്കരുതെന്ന് നിര്‍ബന്ധിച്ചു. ചെറുതായുണ്ടായിരുന്ന വായനയും എഴുത്തും കാര്യമായെടുക്കണം എന്ന് പറഞ്ഞു. അക്ഷരങ്ങളിലൂടെ മാത്രമേ അതിജീവിക്കാന്‍ സാധിക്കുള്ളുവെന്ന് പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രസ്ഥാനം കൂടെയുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അമ്മ മാത്രമായിരുന്നു കൂട്ട്. വഴങ്ങാതിരുന്ന കൈപരുവപ്പെടുത്തി ഞാന്‍ എഴുതി തുടങ്ങി. കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ്. ബാലസാഹിത്യമായിരുന്നു ആദ്യം എഴുതിയത്. പിന്നീട് മിനിക്കഥകള്‍ ഇപ്പോളത് കവിതകളിലെത്തി നില്‍ക്കുന്നു.'

നാല് തവണ സൈമണ്‍ ബ്രിട്ടോ സതീഷിനെ തേടിയെത്തി. വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കി. വലിയ ഞെട്ടലോടെയാണ് ബ്രിട്ടോയുടെ മരണവാര്‍ത്ത കേട്ടത്. പെട്ടെന്ന് പോകുമെന്ന് കരുതിയില്ലെന്നും സതീഷ് പറയുന്നു.

അടങ്ങാത്ത പ്രണയമാണ് ജിവിതത്തോട്

'നാല്‍പ്പത്തിയാറ് വയസ്സു കഴിയുന്നു. ജീവിക്കാനായി വീട്ടിലിരുന്ന് ചെറിയ ജോലികളെല്ലാം ചെയ്യുന്നുണ്ട്. തുണി തരങ്ങളുടെ കച്ചവടം, ബ്രോക്കര്‍ ഇടപാട് അങ്ങനെയങ്ങനെ നിലനില്‍പ്പിനായുള്ള വഴികളെല്ലാം തേടുകയാണ്. എന്തിനും കൂട്ടായി കുറച്ച് നല്ല സൗഹൃദങ്ങളുണ്ട്. നാല് ചുമരുകള്‍ക്കുള്ളിലിരുന്ന് സ്വപ്‌നം കണ്ട ലോകം കവിതകളായി കുറിയ്ക്കുന്നു. ജീവിതത്തോട് അടങ്ങാത്ത പ്രേമമാണ്, അടുത്ത പുസ്തകം നിറയെ പ്രണയ കവിതകളാണ്, ആര്‍ക്കാണ് പ്രണയമില്ലാത്തത്... പ്രണയിക്കുമ്പോള്‍ വംശനാശത്തിന്റെ വക്കോളമെത്തിയ ജീവിതങ്ങള്‍ തിരിച്ചു നടക്കുമെന്നാണല്ലോ...' എഴുതിവെച്ചൊരു കവിതയെ കൂട്ടു പിടിക്കുന്നു സതീഷ്, പ്രണയത്തെപറ്റി പറയുമ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com