ഹൃദയം കീഴടക്കി ഈ കാളയും പശുവും; ഇതാണ് യഥാര്‍ഥ സ്‌നേഹമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

ഹൃദയം കീഴടക്കി ഈ കാളയും പശുവും; ഇതാണ് യഥാര്‍ഥ സ്‌നേഹമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍
ഹൃദയം കീഴടക്കി ഈ കാളയും പശുവും; ഇതാണ് യഥാര്‍ഥ സ്‌നേഹമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

മധുരൈ: അമ്പലത്തില്‍ നടയിരുത്തിയ കാളയും സമീപത്തുള്ള കര്‍ഷകന്റെ വീട്ടിലെ പശുവും തമ്മിലുള്ള അഗാധ സൗഹൃദം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പശുവിനെ വില്‍ക്കാന്‍ കൊണ്ടു പോയപ്പോള്‍ പിന്നാലെ ചെന്ന കാളയുടെ സ്‌നേഹ വിശുദ്ധി ലക്ഷക്കണക്കിന് പേരുടെ ഹൃദയമാണ് കീഴടക്കിയത്. ഇരുവരേയും ഒരുമിപ്പിക്കാന്‍ ഒടുവില്‍ നാട്ടുകാര്‍ മുന്‍കൈയെടുക്കുകയും ഇരുവരേയും ഒരുമിച്ച് ഒരു സ്ഥലത്ത് വളര്‍ത്താനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. 

കാപട്യമില്ലാത്ത സ്‌നേഹത്തിന്റെയും വിട്ടുപിരിയാന്‍ കഴിയാത്ത സൗഹൃദത്തിന്റേയും ജീവിക്കുന്ന തെളിവുകളാണ് ലക്ഷ്മിയെന്ന പശുവും മഞ്ഞമലൈ ക്ഷേത്രത്തിലെ കാളയും. മധുരൈ പലമേഡിലുള്ള മണികണ്ഠന്‍ എന്ന കര്‍ഷകന്റെ പശുവാണ് ലക്ഷ്മി. നാല് വര്‍ഷമായി ഇയാള്‍ അതിന്റെ ഉടമസ്ഥനാണ്. ഇവരുടെ വീടിന് സമീപത്താണ് മഞ്ഞമലൈ ക്ഷേത്രം. 

കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നതോടെ മണികണ്ഠന്‍ ലക്ഷ്മിയെ വില്‍ക്കാന്‍ തീരുമാനിച്ചു. തൂത്തുക്കുടിയിലുള്ള ഒരു ഫാമിലേക്കാണ് ലക്ഷ്മിയെ കൊടുക്കാന്‍ തീരുമാനിച്ചത്. 

ലക്ഷ്മിയെ വാഹനത്തില്‍ കൊണ്ടു പോകുന്ന സമയത്താണ് പിന്നാലെ കാളയും കൂടിയത്. പലമേഡ് അങ്ങാടിയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കാള വിടാതെ വണ്ടിക്ക് ചുറ്റും നടക്കുന്നത് കണ്ട് നാട്ടുകാര്‍ ആദ്യം അമ്പരന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് കാര്യങ്ങള്‍ മനസിലായി. വീണ്ടും വണ്ടിയെടുത്തപ്പോഴും കാള വിടാതെ പിന്നാലെ കൂടി. ഒരു കിലോമീറ്ററിലധികം ദൂരം കാള വണ്ടിക്ക് പിന്നാലെ ഓടി.

സംഭവം നാട്ടുകാരിലാരോ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി മാറി. ഇരുവരേയും ഒന്നിപ്പിക്കണമെന്ന ആവശ്യവുമായി പലരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തു.    

വീഡിയോ കണ്ട  പലരും മണികണ്ഠനെ വിളിച്ച് ലക്ഷ്മിയെ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ഇയാള്‍ വഴങ്ങി. എന്നാല്‍ കച്ചവടം ഉറപ്പിച്ചതിനാല്‍ മണികണ്ഠന് പശുവിനെ കൊടുക്കാതെ നിര്‍വാഹമില്ലായിരുന്നു. പിന്നീട് നാട്ടുകാരില്‍ ചിലരെല്ലാം ചേര്‍ന്ന് പണം നല്‍കി പശുവിനെ തിരികെ വാങ്ങി കാളക്കൊപ്പം ചേര്‍ത്തു. ലക്ഷ്മിയും കാളക്കുട്ടനും ഇപ്പോള്‍ ഒരുമിച്ച് പശു സംരക്ഷണ കേന്ദ്രത്തില്‍ സുഖമായി കഴിയുകയാണിപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com