കടയിൽ സാധനം വാങ്ങാൻ പോയി; തിരിച്ചെത്തിയപ്പോൾ കാറിൽ നിറയെ തേനീച്ചകൾ! പിന്നെ സംഭവിച്ചത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 08:21 PM |
Last Updated: 04th April 2021 08:21 PM | A+A A- |
കാറിൽ തേനിച്ചകൾ കൂടുകൂട്ടിയ നിലയിൽ/ ഫെയ്സ്ബുക്ക്
കാർ പാർക്ക് ചെയ്ത് കടയിൽ സാധനം വാങ്ങാൻ പോയ ഉടമസ്ഥൻ തിരിച്ചെത്തിയപ്പോൾ കാറിൽ നിറയെ തേനീച്ചകൾ! അമേരിക്കയിലെ ന്യൂ മെക്സിക്കോയിലാണ് സംഭവം. പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാർ കൈയടക്കിയത് 15,000ത്തിൽ അധികം തേനീച്ചകൾ. കടയ്ക്കു മുന്നിലായി നിർത്തിയിട്ട കാറിൽ നിമിഷങ്ങൾക്കുള്ളിലാണ് തേനീച്ചകൾ കടന്നു കൂടിയത്. പിന്നിലെ വിൻഡോ തുറന്നിട്ട നിലയിലായതിനാൽ അതിലൂടെയാണ് തേനീച്ചകൾ ഉള്ളിൽ കയറയത്.
കടയിൽ നിന്നു മടങ്ങിയെത്തിയ ശേഷം സംഭവം അറിയാതെ ഉടമ വണ്ടിയെടുത്ത് മുന്നോട്ടു നീങ്ങി. എന്നാൽ വണ്ടിക്കുള്ളിൽ എന്തോ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് കാറിന്റെ പിൻഭാഗം തേനീച്ചകൾ കൈയടക്കിയത് തിരിച്ചറിഞ്ഞത്. എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായ അദ്ദേഹം ഉടൻതന്നെ ഫയർ സർവീസിനെ വിവരമറിയിക്കുകയായിരുന്നു.
ഫയർ സർവീസ് വിഭാഗം തേനീച്ചകളെ നീക്കം ചെയ്യാറില്ലെങ്കിലും സംഭവം നഗര പ്രദേശത്തായതിനാൽ ഫയർ സർവീസ് ഉദ്യോഗസ്ഥനായ ജെസ്സ് ജോൺസൺ സ്ഥലത്തെത്തി. ഏറെ കാലങ്ങളായി തേനീച്ചകളെ വളർത്തി പരിചയമുള്ള വ്യക്തിയാണ് ജെസ്സ് ജോൺസൺ. അതിനാൽ വിവരം അറിഞ്ഞപ്പോൾ തന്നെ ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടുകൂടി സഹായത്തിനെത്താൻ അദ്ദേഹം തയാറായി. തേനീച്ചക്കൂട്ടത്തിന് ആകെ ഒന്നര കിലോഗ്രാമോളം ഭാരം ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു.
30 മിനിറ്റ് ചെലവഴിച്ചാണ് ജെസ്സ് ജോൺസൺ തേനീച്ചകളെ കാറിൽ നിന്ന് നീക്കം ചെയ്തത്. സുരക്ഷാ വസ്ത്രം ധരിച്ചെത്തിയ അദ്ദേഹം പ്രത്യേകം കരുതിയിരുന്ന കൂട്ടിലേക്ക് അവയെ മാറ്റുകയായിരുന്നു. താൻ ഇന്നുവരെ നീക്കം ചെയ്തിട്ടുള്ളതിൽ ഏറ്റവും വലിയ തേനീച്ച ക്കൂട്ടമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. കാറിൽ നിന്നു നീക്കം ചെയ്ത തേനീച്ചകളുടെ ആകെ എണ്ണം 15,000ത്തിന് മുകളിൽ വരുമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കണക്ക്.
വേനൽക്കാലത്ത് തേനീച്ചകളുടെ കോളനികൾ പല വിഭാഗങ്ങളായി തിരിഞ്ഞു പുതിയ സ്ഥലങ്ങളിൽ കൂടുകൂട്ടുന്നത് പതിവാണ്. അത്തരത്തിൽ റാണി തേനീച്ചയ്ക്കൊപ്പനെത്തിയ വലിയ കൂട്ടമാണ് കാറിനുള്ളിൽ കൂടുകൂട്ടാൻ ഇടം കണ്ടെത്തിയത്. താത്കാലികമായി കൂടുകൂട്ടാനെത്തിയ തേനീച്ചകൾ ആക്രമണകാരികളാകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് ജെസ്സ് ജോൺസൺ വ്യക്തമാക്കി.