കൈപ്പത്തിയുടെ വലിപ്പം മാത്രം! അത്ഭുതമായി കുഞ്ഞൻ ആട് 'വാലി'- ഭാരം 900 ഗ്രാം (വീഡിയോ)

കൈപ്പത്തിയുടെ വലിപ്പം മാത്രം! അത്ഭുതമായി കുഞ്ഞൻ ആട് 'വാലി'- ഭാരം 900 ഗ്രാം
വാലി/ ഫോട്ടോ: ഫെയ്സ്ബുക്ക്
വാലി/ ഫോട്ടോ: ഫെയ്സ്ബുക്ക്

സിഡ്നി: ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ഒരു കർഷകന്റെ ഫാമിൽ പിറന്ന ആട്ടിൻ കുഞ്ഞ് അത്ഭുതമാകുന്നു. വാലി എന്ന് പേരിട്ട ഈ ആട്ടിൻ കുഞ്ഞ് ജനിക്കുമ്പോൾ മനുഷ്യന്റെ കൈപ്പത്തിക്കുള്ളിൽ ഒതുക്കാവുന്ന വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു കോള കാനിന്റെ വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ള ജനിക്കുമ്പോൾ എന്ന് ചുരുക്കം!

ഫാമിലെ ആടുകളിൽ ഒന്ന് പ്രസവിച്ച സമയത്ത് അതിനെ പരിചരിക്കാൻ എത്തിയ ബെൻ പോൾനർ എന്ന കർഷകൻ ആട്ടിൻ കുട്ടിയെ കണ്ടപ്പോൾ ആദ്യം മറുപിള്ള ആണെന്നാണ് കരുതിയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞ് ചലിക്കാൻ തുടങ്ങിയപ്പോൾ പോൾനറിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇതോടെ കർഷകരായ സുഹൃത്തുക്കളെ വിളിച്ച് ഇത്തരം ഒന്നിനെ മുൻപ് കണ്ടിട്ടുണ്ടോയെന്ന് തിരക്കി.  എല്ലാവരും അദ്ഭുതത്തോടെയാണ് പ്രതികരിച്ചത്. തൂക്കി നോക്കിയപ്പോൾ വെറും 900 ഗ്രാം മാത്രമായിരുന്നു ആട്ടിൻ കുട്ടിയുടെ ഭാരം. 

ആട്ടിൻ കുട്ടി അധിക സമയം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും അതിനാൽ അതിനെ കൊന്നുകളയണമെന്നുമാണ് സുഹൃത്തുക്കൾ പോൾനറിനോട് ആവശ്യപ്പെട്ടത്. എന്നാൽ അങ്ങനെ വാലിയെ വിട്ടുകളയാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. പോൾനറും കുടുംബവും പ്രത്യേക പരിചരണം നൽകി ഒടുവിൽ വാലിയുടെ ജീവൻ രക്ഷിച്ചെടുത്തു. സാധാരണ  മൂന്ന് കിലോഗ്രാമിൽ താഴെ ഭാരമുള്ള ആട്ടിൻകുട്ടികൾ ജീവിക്കുന്നത്  അത്യപൂർവമാണ്. അതിനാൽ വാലി അക്ഷരാർത്ഥത്തിൽ തങ്ങൾക്ക് ഒരു അദ്ഭുതമാണെന്ന് പോൾനർ പറയുന്നു. 

ആദ്യ ദിവസങ്ങളിൽ 24 മണിക്കൂറും വാലിയുടെ കാര്യത്തിൽ മാത്രമായിരുന്നു കുടുംബത്തിന്റെ ശ്രദ്ധ. ഓരോ മണിക്കൂർ ഇടവിട്ട് അമ്മ ആടിന്റെ പാൽ കറന്ന് കുപ്പിയിലാക്കി വാലിക്ക് നൽകിക്കൊണ്ടിരുന്നു. കൃത്യമായ ഇടവേളകളിൽ ആട്ടിൻകുട്ടിയെ വൃത്തിയാക്കുകയും തീക്കു സമീപം എത്തിച്ചു ചൂടു നൽകുകയും ചെയ്താണ് പരിചരിച്ചത്. എൻഐസിയുവിൽ നവജാത ശിശുക്കളെ പരിചരിക്കുന്നത് പോലെയാണ്  ഞങ്ങൾ വാലിയെ ശ്രദ്ധിച്ചത് എന്നും പോൾനർ പറയുന്നു. 

നിലവിൽ വാലി ജനിച്ച ശേഷം നാലാഴ്ച പിന്നിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴും രണ്ട് കിലോഗ്രാമിൽ താഴെ മാത്രമാണ് ഭാരം. എങ്കിലും  അപകട നില തരണം ചെയ്തു കഴിഞ്ഞു. കാഴ്ചയ്ക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ വാലി മറ്റ് ആട്ടിൻകുട്ടികളെ പോലെ തന്നെ ആരോഗ്യവാനാണ്. ഇതിനു മുൻപ്  ജനിച്ച ഏറ്റവും ഭാരം കുറഞ്ഞ ആട്ടിൻകുട്ടിക്ക് 930 ഗ്രാമായിരുന്നു ഭാരം. അതിനാൽ ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും ചെറിയ ആട്ടിൻകുട്ടി എന്ന റെക്കോർഡും ഇപ്പോൾ വാലിക്ക് സ്വന്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com