നായയെ വായിലാക്കി രണ്ട് മീറ്റർ നീളമുള്ള കൂറ്റൻ മുതല; നീന്തുന്നതിനിടെ ആക്രമണം; പിന്നീട് സംഭവിച്ചത്...

നായയെ വായിലാക്കി രണ്ട് മീറ്റർ നീളമുള്ള കൂറ്റൻ മുതല; നീന്തുന്നതിനിടെ ആക്രമണം; പിന്നീട് സംഭവിച്ചത്...
രക്ഷപ്പെട്ട വളർത്തു നായ ബാഞ്ചോ /ഫോട്ടോ: ഫെയ്സ്ബുക്ക്
രക്ഷപ്പെട്ട വളർത്തു നായ ബാഞ്ചോ /ഫോട്ടോ: ഫെയ്സ്ബുക്ക്

മുതലകളുടെ ആക്രമണത്തിൽ രക്ഷപ്പെടുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. വെള്ളത്തിലേക്ക് വലിച്ച് താഴ്ത്തി ഇരകളെ ആക്രമിക്കുന്ന രീതിയാണ് മുതലകളുടേത്. ഇപ്പോഴിതാ കൂറ്റൻ മുതലയുടെ വായിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വളർത്തു നായയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

ഓസ്ട്രേലിയയിലെ ഡാർവിനിലാണ് അപൂർവ രക്ഷപ്പെടൽ. ഉടമയ്ക്കൊപ്പം കാഷ്വറീന കടൽത്തീരത്തെത്തിയതായിരുന്നു ബാഞ്ചോ എന്ന വളർത്തു നായ. തെളിഞ്ഞ ജലത്തിലൂടെ നീന്തുന്നതിനിടയിലാണ് രണ്ട് മീറ്ററോളം നീളമുള്ള മുതല നായയെ വായിലാക്കിയത്.

നായയുടെ പിൻഭാഗത്താണ് മുതല പിടിമുറുക്കിയത്. നായയുടെ കരച്ചിൽ കേട്ടപ്പോഴാണ് ഉടമയായ ടോം ക്യുമിൻ മുതലയുടെ  വായിലകപ്പെട്ട വളർത്തു നായയെ കണ്ടത്. മുട്ടോളം മാത്രം വെള്ളമുണ്ടായിരുന്ന സ്ഥലത്താണ് ബാഞ്ചോ ആക്രമിക്കപ്പെട്ടത്. മുതലയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കുതറിയ നായ കൂർത്തപല്ലുകൾ നിറഞ്ഞ വായയ്ക്കുള്ളിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുതല ഇരയെ ചവയ്ക്കാനായി വായ തുറന്ന സമയത്ത് നായ രക്ഷപ്പെടുകയായിരുന്നു. കരയിലേക്ക് വേഗം നീന്തിയെത്തിയ നായ പിന്തിരിഞ്ഞു നോക്കുന്നുമുണ്ടായിരുന്നു. നായ പോയിക്കഴിഞ്ഞിട്ടും മുതല ഏറെനേരം അവിടെത്തന്നെ തുടർന്നതായി ടോം ക്യുമിൻ പറയുന്നു. 

മുതലയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ട വളർത്തു നായയെ ഉടൻ തന്നെ ടോം ക്യുമിൻ മൃഗാശുപത്രിയിലെത്തിച്ചു. പരിശോധനയിൽ വലിയ മുറിവുകളില്ലെന്നും പരിക്കുകൾ ഗുരുതരമല്ലെന്നും അധികൃതർ വിശദീകരിച്ചു. 

നോർതേൺ ടെറിട്ടറി പാർക്ക് ആണ് ഫെയ്സ്ബുക്കിലൂടെ ബാഞ്ചോയുടെ ചിത്രവും ആക്രമണത്തിന്റെ വിവരവും പങ്കുവച്ചത്. കൽത്തീരത്ത് പിന്നീട് നടത്തിയ തിരച്ചിലിൽ മുതലയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വന്യജീവി വിഭാഗം വ്യക്തമാക്കി. ഈ മേഖലിൽ ധാരാളം മുതലകളുണ്ടെന്നും അവ കന്നുകാലികളെയും കാട്ടുപന്നികളെയും ആക്രമിക്കാറുണ്ടെന്നും പാർക്ക് അധികൃതർ വിശദീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com