കൂർത്ത പല്ലുകൾ, നിറയെ മുള്ള്; തീരത്തടിഞ്ഞത് 'ചെകുത്താൻ മത്സ്യം'- വിചിത്രം

കൂർത്ത പല്ലുകൾ, നിറയെ മുള്ള്; തീരത്തടിഞ്ഞത് 'ചെകുത്താൻ മത്സ്യം'- വിചിത്രം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: അത്ഭുതങ്ങളുടെ കലവറയാണ് കടൽ. പലപ്പോഴും കടലിന്റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ നാം അറിയുന്നത് തീരത്തടിയുന്ന ഘട്ടങ്ങളിൽ മാത്രമാണ്. അത്തരമൊരു വിചിത്ര മത്സ്യമാണ് ഇപ്പോൾ കരയ്ക്കടിഞ്ഞിരിക്കുന്നത്. കാലിഫോർണിയയിലെ എൻസിനീറ്റസിലാണ് വിചിത്ര മത്സ്യത്തെ കണ്ടെത്തിയത്. 

കഴിഞ്ഞ ആഴ്ച യുഎസിലെ സാൻഡിയാഗോ കടൽത്തീരത്തും ഇത്തരത്തിലുള്ള മത്സ്യത്തെ കണ്ടെത്തിയിരുന്നു. സർഫർമാരാണ് പാറക്കൂട്ടങ്ങൾക്കിടയിൽ കിടക്കുന്ന മത്സ്യത്തെ ആദ്യം കണ്ടത്. ടാർ കട്ടപിടിച്ച് ബോളു പോലെ കിടക്കുകയാണെന്നാണ് ഇവർ ആദ്യം കരുതിയത്. പിന്നീട് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് മത്സ്യമാണെന്ന് മനസിലായത്. 13 ഇഞ്ച് നീളവും രണ്ടര കിലോഗ്രാം ഭാരവുമുള്ള മത്സ്യമായിരുന്നു ഇത്.

ആഴക്കടലിൽ മാത്രം കാണപ്പെടുന്ന പസിഫിക് ഫുട്ബോൾ ഫിഷ് ആണിത്. സമുദ്ര ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് ആംഗ്ലർ ഫിഷ് വിഭാഗത്തിൽപ്പെട്ട വലിയ മത്സ്യത്തെ കണ്ടെത്തിയത്. സമുദ്രോപരിതലത്തിൽ നിന്നു 3000– 4000 അടിയോളം താഴ്ചയിലാണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട കറുപ്പു നിറമുള്ള ഇവയുടെ രൂപം ഒറ്റനോട്ടത്തിൽ ഭയപ്പെടുത്തുന്നതാണ്. വലുപ്പമുള്ള തലയും വായിൽ നിറയെ കൂർത്ത പല്ലുകളും ശരീരം നിറയെ മുള്ളുകളുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 

1837ൽ ജന്തു ശാസ്ത്രജ്ഞനായ ജോഹൻ റെയ്ൻഹാർട്ട് ആണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. നെറ്റിയിൽ ഉയർന്നു നിൽക്കുന്ന ആന്റിന പോലുള്ള അവയവും മറ്റു മത്സ്യങ്ങളിൽ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നു. ഒറ്റനോട്ടത്തിൽ ഒരു ചെകുത്താന്റെ രൂപം. സമുദ്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവിയായിട്ടാണു ആംഗ്ലർ ഫിഷുകൾ പരിഗണിക്കപ്പെടുന്നത്. ഏകദേശം 300 ൽ അധികം ആംഗ്ലർ ഫിഷ് വിഭാഗങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിലൊന്നാണ് തീരത്തടിഞ്ഞ പസിഫിക് ഫുട്ബോൾഫിഷ്.

ഇവയുടെ നെറ്റി ഭാഗത്തു നിന്നു കൊമ്പു പോലെയുള്ള ഭാഗം ഇരുളിൽ പ്രകാശിക്കുന്നവയാണ്. ഇരകളെ മുഖത്തിനടുത്തേക്ക് ആകർഷിക്കാനാണ് ഈ വിദ്യ. പ്രകാശം കണ്ട് അടുത്തേക്കെത്തുന്ന ഇരയെ ഉടൻതന്നെ വായ തുറന്ന് അകത്താക്കും. വലിയ വായകളുള്ള ഇവയ്ക്കു വലുപ്പമേറിയ ജീവികളെപ്പോലും ഭക്ഷിക്കാൻ കഴിയും. ഇരപിടിക്കുന്ന നേരത്ത്, വയറിന്റെ വലുപ്പം കൂട്ടി ഇരട്ടിയാക്കാനും ഇവയ്ക്ക് കഴിയും. 

ഈ വിഭാഗത്തിൽ പെട്ട പെൺ മത്സ്യങ്ങൾ ആൺ മത്സ്യങ്ങളേക്കാൾ പത്തിരട്ടി വലുപ്പമുള്ളവയാണ്. എങ്ങനെയാണ് ഈ മത്സ്യം ചത്തു തീരത്തടിഞ്ഞതെന്ന് വ്യക്തമല്ല. മത്സ്യത്തിന്റെ ശരീരം കലിഫോർണിയ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗം കൂടുതൽ പഠനങ്ങൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com