ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 02:24 PM |
Last Updated: 05th January 2021 02:24 PM | A+A A- |

നശിപ്പിക്കപ്പെട്ട കാറുകൾ/ ട്വിറ്റർ
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് ആഡംബര വാഹന നിർമാണ കമ്പനിയിലെ കോടികൾ 50 പുത്തൻ കാറുകൾ തകർത്ത് തൊഴിലാളിയുടെ പ്രതികാരം. സ്‌പെയിനിലെ വിറ്റോറിയയിലെ മെഴ്‌സിഡസ് പ്ലാൻറിലാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രതികാര സംഭവം അരങ്ങേറിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്ലാന്റിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് പിരിച്ചുവിട്ടതിന്റെ പ്രതികാരം ഇത്തരത്തിൽ തീർത്തത്.
മോഷ്‍ടിച്ച കൂറ്റൻ ജെസിബി ഓടിച്ചെത്തി ബെൻസിന്റെ ഫാക്ടറിയിൽ കടന്ന 38 കാരനായ തൊഴിലാളി പുതുതായി നിർമിച്ച 50 വി ക്ലാസ് ആഡംബര വാനുകൾ തകർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തകർത്തതിൽ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ബെൻസിന്റെ മുന്തിയ മോഡലായ വി ക്ലാസും ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തു വന്ന് ദിവസങ്ങൾ മാത്രമായ പുതുപുത്തൻ വി ക്ലാസുകളാണ് നശിപ്പിക്കപ്പെട്ടത്.
Mercedes-Benz has fired #Basque worker from work in Vitoria-Gasteiz in the last day of the year 2020 and he has wrecked 50 vans. #NeoLiberalism #CorporateEmpire #angryworker #solidarity #Proletarianism #WorkerClass #langileria #RiseUp pic.twitter.com/IP1nX73PDH
— Irlandarra (@aldamu_jo) December 31, 2020
പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. മോഷ്‍ടിച്ച കാറ്റർപില്ലർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു ഇയാളുടെ അതിക്രമം. നിർത്തിയിട്ടിരുന്ന കാറുകൾ മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച് ഇയാൾ അടിച്ചു തകർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരും അറ്റകുറ്റപ്പണിക്കാരും അടങ്ങുന്ന കുറച്ചു തൊഴിലാളികൾ മാത്രമാണ് ഈ സമയം ഫാക്ടറിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ആർക്കും പരിക്കില്ലെന്ന് സ്പാനിഷ് ഓട്ടോ ജേണലായ പീരിയോഡിസ്മോ ഡെൽ മോട്ടോർ റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബെൻസ് നിർമാണശാലയാണ് വിറ്റോറിയയിലേത്.
Más imágenes pic.twitter.com/TMz5SmnS7u
— Dani Álvarez (@DaniAlvarezEiTB) December 31, 2020
ജോലി സംബന്ധമായി കമ്പനിയുമായി ഉണ്ടായിരുന്ന പ്രശ്‌നമാണ് ആക്രമണത്തിന് കരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ 2016-17 കാലഘട്ടത്തിൽ ഈ പ്ലാന്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പുതുവർഷത്തിന്റെ തലേന്നാണ് തൊഴിലാളിയെ പിരിച്ചുവിട്ടതെന്ന് സ്പെയിനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൊലീസ് എത്തി ആകാശത്തേക്ക് വെടിവച്ച ശേഷമാണ് അക്രമിയെ കീഴടക്കിയത്. ജെസിബി മോഷ്ടിച്ചതിനും പ്ലാന്റിൽ നാശനഷ്ടമുണ്ടാക്കിയതിനും തൊഴിലാളിയെ അറസ്റ്റ് ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 50 കാറുകൾ പൂർണമായോ ഭാഗികമായോ തകർന്നതായി ഫാക്ടറി അധികൃതർ പറയുന്നു. ഏകദേശം 44 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.