'തല തിരിഞ്ഞവളല്ല'- 180 ഡിഗ്രിയിൽ തല തിരിച്ച് കിക്കോയുടെ നേരമ്പോക്കുകൾ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 01:04 PM |
Last Updated: 05th January 2021 01:16 PM | A+A A- |
വീഡിയോ ദൃശ്യം
വളർത്തു മൃഗങ്ങളുടെ നേരംപോക്കുകൾ കണ്ടാൽ ചിരിക്കാത്തവരില്ല. പല സൂത്രങ്ങളും ഒപ്പിക്കാൻ അവർക്ക് പ്രത്യേക വിരുത് തന്നെയുണ്ട്. അത്തരമൊരു പട്ടിക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 180 ഡിഗ്രിയിൽ തലതിരിക്കാൻ കഴിയുന്ന ഫിന്നിഷ് സ്പിറ്റ്‌സ് ഇനത്തിൽപെട്ട നായയാണ് താരം.
ഒൻപത് മാസം പ്രായമുള്ള ഈ പട്ടിയുടെ പേര് കിക്കോ എന്നാണ്. കിക്കോ അനായാസേന കഴുത്ത് പിന്നിലേക്ക് വളയ്ക്കുന്നതാണ് വീഡിയോയിൽ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് വൈറലായി മാറിയത്. പല പോസിലുള്ള കഴുത്ത് വളയ്ക്കൽ വിദ്യ കിക്കോ ഇതിൽ ചെയ്യുന്നുണ്ട്.
ന്യൂസിലൻഡിലെ ആഷ്‌ലെയ് മക്‌ഫേഴ്‌സനാണ് കിക്കോയുടെ ഉടമ. ചെറുതായിരിക്കുമ്പോൾ തന്നെ കിക്കോ തല കൊണ്ട് ചില സാഹസിക പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയിരുന്നുവെന്ന് ഉടമ പറയുന്നു. നായ്ക്കൾ വിചിത്രമായ സ്ഥാനങ്ങളിൽ ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരായതുകൊണ്ട് ആദ്യം ഞാൻ ഇത് ശ്രദ്ധിച്ചില്ലെന്നും സാധാരണ നായയെപ്പോലെ തല തിരിക്കുന്നതിനു പകരം കഴുത്ത് പിന്നിലേക്ക് വളയ്ക്കാൻ തുടങ്ങിയെന്നും ആഷ്‌ലെയ് പറയുന്നു.
ഒരുപക്ഷേ അവൾ ലോകത്തെ തലകീഴായി കാണാൻ ഇഷ്ടപ്പെടുന്നതുകൊണ്ടായിരിക്കുമെന്നും മറ്റുചിലപ്പോൾ പൂർണശ്രദ്ധ കിട്ടാൻ വേണ്ടിയായിരിക്കുമെന്നും അവർ പറയുന്നു. എന്തായാലും കിക്കോയുടെ ഈ സൂത്രപ്പണി കാഴ്ചക്കാരെയെല്ലാം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.