ടാറിൽ പുതഞ്ഞ് കിടന്നത് മണിക്കൂറുകൾ; സാഹസിക രക്ഷപ്പെടുത്തൽ; മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ 'മാലി' (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 12:29 PM |
Last Updated: 12th January 2021 12:29 PM | A+A A- |
ടാറിൽ പുതഞ്ഞ തെരുവു നായ/ വീഡിയോ ദൃശ്യം
റോഡ് നന്നാക്കിയതിന് ശേഷം മിച്ചം വന്ന ടാറിൽ തെരുവു നായ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം. ശരീരത്തിന്റെ മുക്കാൽ ഭാഗവും ടാറിൽ പുതഞ്ഞുപോയ നായയെ ഒടുവിൽ സാഹസികമായി രക്ഷപ്പെടുത്തി. തായ്‌ലൻഡിലെ നാഖോൺ നായകിലുള്ള വ്യവസായ ശാലയ്ക്കു സമീപമാണ് സംഭവം നടന്നത്.
റോഡ് നന്നാക്കിയതിനു ശേഷം മിച്ചം വന്ന ടാർ ജോലിക്കാർ വ്യവസായശാലയുടെ പിന്നിലുള്ള സ്ഥലത്ത് ഒഴിച്ചു കളഞ്ഞിരുന്നു. ഇതിനുള്ളിലാണ് തെരുവു നായ കുടുങ്ങിയത്. നിർത്താതെയുള്ള കുര കേട്ടെത്തിയ സമീപത്തെ കോഫി ഷോപ്പ് ഉടമയായ സുപാത്രയാണ് ടാറിൽ പുതഞ്ഞ നിലയിൽ നായയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ജെസിബി ഉപയോഗിച്ച് ടാറിനുള്ളിൽ നിന്നു നായയെ കോരിയെടുത്തു. പിന്നീട് നായയെ മറ്റൊരു പ്രതലത്തിലേക്ക് നീക്കിക്കിടത്തി. അതിനു ശേഷം പ്രത്യേക എണ്ണ ഉപയോഗിച്ച് നായയുടെ ശരീരത്തിൽ നിന്നു ടാറിന്റെ അംശം തുടച്ചു മാറ്റി. തവിട്ടു നിറമുള്ള പെൺ നായയാണ് അപകടത്തിൽ പെട്ടത്. നായയെ ടാറിനുള്ളിൽ നിന്നു നീക്കിക്കിടത്തിയ ശേഷം ഏറെ പണിപ്പെട്ടാണ് അതിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന ടാറ് പൂർണമായും നീക്കം ചെയ്യാനായത്. ഏകദേശം രണ്ട് മണിക്കൂറോളമെടുത്തു പ്രത്യേക ലായനി ഉപയോഗിച്ച് നായയുടെ ശരീരത്തിലെ ടാറ് തുടച്ചു മാറ്റാൻ.
പിന്നീട് നായയെ സുപാത്രയുടെ ഷോപ്പിനു സമീപം സുരക്ഷിതമായി പാർപ്പിച്ച് അതിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി. മാലി എന്നു പേരു നൽകിയിരുക്കുന്ന നായ ഇപ്പോൾ പൂർണ ആരോഗ്യം വീണ്ടെടുത്തു. സുപാത്രയുടെയും ഫാക്ടറി ജീവനക്കാരുടെയും അരുമയാണ് ഇപ്പോൾ ഈ തെരുവു നായ.